സിഡ്‌നിയിലെ കൊവിഡ് കേസുകൾ ദിവസം തോറും കുതിച്ചുയരുകയാണ്. 44 പുതിയ കേസുകളാണ് സംസ്ഥാനത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്.
ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ് ഇത്.
ഇതിൽ 29 പേർ ഭാഗികമായോ പൂർണമായോ സമൂഹത്തിലുണ്ടായിരുന്നെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചു.
ഒമ്പത് കേസുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
ഗ്രെയ്റ്റർ സിഡ്നി മേഖല ജൂലൈ 16 വരെ ലോക്ക്ഡൗണിലാണ്. കേസുകൾ കുറയാത്തതിനെത്തുടർന്ന് രണ്ടാഴ്ചത്തേക്ക് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടുകയായിരുന്നു.
സംസ്ഥാനത്ത് 38 പ്രാദേശിക രോഗബാധയാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്.
കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു.
ഗ്രെയ്റ്റർ സിഡ്നി, ബ്ലൂ മൗണ്ടൻസ്, സെൻട്രൽ കോസ്റ്റ്, വള്ളോംഗോങ്, ഷോൾഹാവൻ എന്നിവിടങ്ങളിലുള്ളവർക്ക്:
- വ്യായാമത്തിനായി 10 കിലോമീറ്റർ പരിധിക്കുള്ളിൽ മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളു
- രണ്ട് പേർ മാത്രമേ ഒരുമിച്ച് വ്യായാമം ചെയ്യാൻ പാടുള്ളു
വെള്ളിയാഴ്ച (ഇന്ന്) വൈകിട്ട് അഞ്ച് മണി മുതലാണ് ഈ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.
ഞായറാഴ്ച മുതൽ മരണാനന്തര ചടങ്ങുകൾക്ക് 10 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ.
മാത്രമല്ല, ഒരു വീട്ടിൽ നിന്ന് ഒരാൾ മാത്രമേ ഷോപ്പിംഗിന് പോകാൻ പാടുള്ളു. അവശ്യ കാര്യങ്ങൾക്ക് മാത്രമേ ആളുകൾ വീട് വിട്ട് പുറത്തിറങ്ങാൻ പാടുള്ളു എന്ന് പ്രീമിയർ ആവശ്യപ്പെട്ടു. കൊവിഡ് കേസുകൾ ഒന്നുമില്ലാത്ത സാഹചര്യത്തിൽ മാത്രമേ സിഡ്‌നിക്കാരുടെ ജീവിതം സാധാരണ നിലയിലേക്ക് മാറുകയുള്ളുവെന്ന് പ്രീമിയർ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് 43 പേരാണ് വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 55 വയസിൽ താഴെയുള്ള 14 പേരുണ്ട്. ഏഴ് പേർ 35 വയസ്സിൽ താഴെയുള്ളവരാണ് .
10 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇതിൽ ഒരാൾ 20 വയസിന് മേൽ പ്രായമുള്ളയാളും മറ്റൊരാൾ 30നു മേൽ പ്രായമുള്ളയാളുമാണ്.
Bossley Park, Smithfield, Fairfield, Glenfield, west Hoxton, Bass Hill, Greenacre, St John's Park, Bonnyrigg Heights, Bankstown, Canley Vale, Aramark, Chester Hill, Edmondson Park, Greenfield Park, Moorebank, St John's Park, Casula and Chester Hill എന്നിവിടങ്ങളിലാണ് കേസുകൾ കൂടുതലായി കണ്ടുവരുന്നതെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഡോ കെറി ചാൻറ് അറിയിച്ചു.