ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പേർ ഉറ്റുനോക്കുന്ന സിഡ്നി ഹാർബർ ബ്രിഡ്ജിലെ പുതുവർഷാഘോഷത്തിന് ഇത്തവണ മാറ്റു കുറയും.
സിഡ്നി നഗരത്തിലും പരിസരപ്രദേശങ്ങളിലുമായ പത്തു ലക്ഷത്തിലേറെ പേർ ഒത്തുകൂടുന്ന പതിവ് ആഘോഷത്തിനു പകരം, ആൾക്കൂട്ടത്തെ പരമാവധി ഒഴിവാക്കിയുള്ള നിയന്ത്രിതമായ ആഘോഷമാകും ഈ ഡിസംബർ 31ന് നടക്കുക.
സിഡ്നിയിൽ പുതിയതായി അഞ്ചു പേർക്ക് കൂടി സാമൂഹിക വ്യാപനത്തിലൂടെ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ്, പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ ഈ നിയന്ത്രണം പ്രഖ്യാപിച്ചത്.
ഇതോടെ നോർതേൺ ബീച്ചസ് ക്ലസ്റ്ററിലെ ആകെ കേസുകൾ 127 ആയി ഉയർന്നിട്ടുണ്ട്.
ഏഴു മിനിട്ട് മാത്രം ദൈർഘ്യമുള്ളതാകും ഇത്തവണത്തെ ഹാർബർ ബ്രിഡ്ജിലെ കരിമരുന്ന് പ്രയോഗം.
നഴ്സുമാരും, അധ്യാപകരും, പൊലീസുകാരുമുൾപ്പെടെയുള്ള കൊവിഡ് മുന്നണിപ്പോരാളികൾക്ക് കരിമരുന്ന് പ്രയോഗം കാണാൻ പ്രത്യേകം വേദിയൊരുക്കാനുള്ള പദ്ധതി സർക്കാർ റദ്ദാക്കി.
ഹാർബർ ബ്രിഡ്ജിന് ഏറ്റവും അടുത്തായുള്ള പ്രദേശങ്ങളിൽ മുന്നണിപ്പോരാളികൾക്ക് വേദിയൊരുക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി.
എന്നാൽ വൈറസ് കൂടുതൽ പടരാൻ ഇത് കാരണമായേക്കുമെന്നും, ഇത്തരം സൂപ്പർ സ്പ്രെഡർ പരിപാടികൾ ഒഴിവാക്കുകയാണെന്നും പ്രീമിയർ പറഞ്ഞു.

മുന്നണിപ്പോരാളികളുടെ പ്രവർത്തനത്തെ അനുമോദിക്കാനായി 2021ൽ മറ്റൊരു വേദിയൊരുക്കുമെന്നും പ്രീമിയർ അറിയിച്ചു.
പൊതുജനങ്ങൾക്ക് പ്രവേശനമില്ല
സിഡ്നി നഗരത്തെ രണ്ടു സോണുകളായി തിരിച്ചാകും ഇത്തവണത്തെ പുതുവർഷാഘോഷ പരിപാടികൾ.
ഹാർബർ ബ്രിഡ്ജിനും ഓപ്പറ ഹൗസിനും സമീപത്തായുള്ള ഗ്രീൻ സോണിൽ പരിമിതമായ തോതിൽ മാത്രമേ പ്രവേശനം അനുവദിക്കൂ.
ഈ മേഖലകളിൽ ജീവിക്കുന്നവർക്കും, അവരുടെ അതിഥികൾക്കും പ്രവേശനം ലഭിക്കും. ഒപ്പം, ഈ മേഖലയിലെ റെസ്റ്റോറന്റുകളും ബാറുകളും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്കും പ്രവേശനം നൽകും.
ബുക്കിംഗിനൊപ്പം, Service NSW ആപ്പിലൂടെ മുൻകൂട്ടി പാസ് എടുക്കുകയും വേണം.
മറ്റാർക്കും ഡിസംബർ 31ന് സിഡ്നി നഗരഹൃദയത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.
ഈ ഗ്രീൻ സോണിന് ചുറ്റുമുള്ള പ്രദേശങ്ങളെയാണ് യെല്ലോ സോൺ എന്ന് നിശ്ചയിച്ചിരിക്കുന്നത്.
ഈ മേഖലയിലേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും, വലിയ രീതിയിൽ ജനങ്ങൾ ഒത്തുകൂടിയാൽ പൊലീസ് അവിടെ നിന്ന് ഒഴിപ്പിക്കും.

ഈ സോണിലെ പാർക്കുളെല്ലാം അടഞ്ഞുകിടക്കുമെന്നും സർക്കാർ അറിയിച്ചു.
രാത്രി ഒമ്പതു മണിക്കുള്ള കരിമരുന്ന് പ്രയോഗം റദ്ദാക്കിയിട്ടുണ്ട്.
വിവിധ കൗൺസിലുകൾ നടത്തുന്ന പുതുവർഷാഘോഷം തുടരാം എന്നാണ് നിർദ്ദേശം.
എന്നാൽ ജനങ്ങൾ പരസ്പരം ഇടപഴകുന്നത് ഒഴിവാക്കണം. കൃത്യമായ സീറ്റുകൾ നൽകി മാത്രമേ ജനങ്ങളെ അനുവദിക്കൂ.
മറ്റു ഭാഗങ്ങളിലും നിയന്ത്രണങ്ങൾ
നോർതേൺ ബീച്ചസിന്റെ വടക്കൻ ഭാഗങ്ങളിലുള്ള സ്റ്റേ അറ്റ് ഹോം ഉത്തരവ് ജനുവരി ഒമ്പതു വരെ ദീർഘിപ്പിച്ചു.
പുതുവർഷാഘഷത്തിന് വീട്ടിന് പുറത്തു ഒത്തുകൂടാൻ അനുമതി നൽകും. ഇതേ മേഖലയിൽ നിന്നു തന്നെയുള്ള അഞ്ചു പേർക്ക് വരെയാണ് ഇത്.
തെക്കൻ ഭാഗങ്ങളിൽ ജനുവരി രണ്ടു വരെയാണ് ലോക്ക്ഡൗൺ. ഇവിടെ പുതവർഷാഘോഷത്തിന് മേഖലയിൽ തന്നെയുള്ള പത്തു പേർക്ക് വരെ ഒത്തുകൂടാം.
ഗ്രേറ്റര് സിഡ്നി മേഖലയിൽ വീടുകളിൽ പത്തു പേർക്ക് മാത്രം ഒത്തുകൂടാം എന്ന നിയന്ത്രണം തുടരും. കുട്ടികൾ ഉൾപ്പെടെയാണ് പത്തു പേർ.
കെട്ടിടങ്ങൾക്ക് പുറത്തുള്ള ഒത്തുകൂടൽ 100ൽ നിന്ന് 50 ആക്കി കുറച്ചു.
ഉൾനാടൻ NSWൽ നിയന്ത്രണങ്ങളിൽ മാറ്റമില്ല.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
News and information is available in 63 languages at sbs.com.au/coronavirusPlease check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania

