‘ഇനി കളി മാറുകയാണ്’ (ഗെയിം ചെയ്ഞ്ചർ) എന്നായിരുന്നു പുതിയ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മൂന്നാഴ്ച മുമ്പ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ വിശേഷിപ്പിച്ചത്.
ഇത്രകാലവും വൈറസിനെ നേരിട്ടതുപോലെ അല്ല ഡെൽറ്റ വേരിയന്റ് കൊറോണവൈറസിനെതിരെയുള്ള പോരാട്ടം എന്നായിരുന്നു പ്രീമിയറുടെ വാക്കുകൾ.
പ്രധാനമന്ത്രി സ്കോട്ട് മോറിസനും, വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസുമെല്ലാം സമാനമായ വാക്കുകളാണ് ഉപയോഗിച്ചത്.
എന്തുകൊണ്ടാണ് ഡെൽറ്റ വേരിയന്റ് കൊറോണവൈറസിനെ ഓസ്ട്രേലിയ ഇത്രയും ഭയക്കുന്നത് എന്നതിന്റെ വ്യക്തമായ കണക്കുകളാണ് കഴിഞ്ഞ ഒരു മാസം കൊണ്ട് ലഭിക്കുന്നത്.
ആകെ കേസുകളുടെ മൂന്നിലൊന്നും ഒറ്റ മാസത്തിൽ
കൊറോണവൈറസ് ആശങ്ക പടർത്തി തുടങ്ങിയ ശേഷമുള്ള ഒന്നര വർഷത്തോളം ലോകത്തിന് തന്നെ മാതൃകയായിരുന്നു ഓസ്ട്രേലിയ.
പ്രത്യേകിച്ചും ന്യൂ സൗത്ത് വെയിൽസ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്ന് എന്നാണ് സംസ്ഥാനത്തെ വിശേഷിപ്പിച്ചിരുന്നത്.
ഗോൾഡ് സ്റ്റാൻഡേർഡ് പ്രതിരോധ പ്രവർത്തനം എന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ NSWലെ കൊവിഡ് പോരാട്ടത്തെ പല തവണ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷേ ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പിനെ ഞെട്ടിച്ചുകൊണ്ടാണ് ഡെൽറ്റ വേരിയന്റ് വൈറസ് ഇപ്പോൾ ഭീതി പടർത്തുന്നത്.
ജൂൺ മാസം 16ന് വിമാനത്താവളത്തിലെ ഒരു ലിമോസിൻ ഡ്രൈവർക്ക് വൈറസ്ബാധ കണ്ടത്തിയ ശേഷം കൃത്യം ഒരു മാസമാകുമ്പോൾ, 1,026 പേർക്ക് പ്രാദേശികമായി രോഗം ബാധിച്ചിട്ടുണ്ട്.
2020 ജനുവരിയിൽ ആദ്യ വൈറസ് ബാധ കണ്ടെത്തിയ ശേഷം ന്യൂ സൗത്ത് വെയിൽസിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത് 6,527 കേസുകളാണ്.
ഇതിൽ പ്രാദേശികമായി രോഗം ബാധിച്ചിരിക്കുന്നത് 3,121 പേർക്കാണ്.
ഈ പ്രാദേശിക രോഗബാധയുടെ മൂന്നിലൊന്നും കഴിഞ്ഞ ഒരു മാസം കൊണ്ടാണ് ഉണ്ടായത്.
അതായത്, 17 മാസം കൊണ്ട് 2095 പേർക്ക് പ്രാദേശികമായി രോഗബാധയുണ്ടായപ്പോൾ, കഴിഞ്ഞ ഒരു മാസം കൊണ്ടുമാത്രം 1,026 പേർക്ക് വൈറസ് ബാധിച്ചു.

ഇന്ത്യയിൽ വച്ച് രൂപമാറ്റം സംഭവിച്ച കൊറോണവൈറസിനാണ് ലോകാരോഗ്യ സംഘടന ഡെൽറ്റ വേരിയന്റ് എന്ന പേര് നൽകിയിരിക്കുന്നത്. പരസ്പര സ്പർശമോ, സംസാരമോ ഒന്നുമില്ലാതെ, തൊട്ടടുത്തു കൂടി നടന്നുപോകുന്നവരിൽ നിന്ന് പോലും ഈ വൈറസ് പടരുന്നതാണ് (ഫ്ലീറ്റീംഗ് കോൺടാക്റ്റ്) ഡെൽറ്റ വേരിയന്റിനെ അപകടകാരിയാക്കുന്നത്.
സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മടിച്ചു നിന്ന സർക്കാർ ഇത്തവണ കടുത്ത നടപടിയിലേക്ക് നീങ്ങിയതും ഈ അപകടസാധ്യത മനസിലാക്കിയാണ്.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി
ICUവിലും കളി മാറി
വളരെ വേഗത്തിൽ വ്യാപിക്കുന്നു എന്നത് മാത്രമല്ല ഡെൽറ്റ വേരിയന്റ് വൈറസിനെ ഗെയിം ചെയ്ഞ്ചർ എന്ന് വിശേഷിപ്പിക്കാൻ കാരണം.
ആർക്കെല്ലാം രോഗം അപകടകരമാകാം എന്ന കാര്യത്തിലും മാറ്റമുണ്ടായി.
സിഡ്നിയിലെ ഒന്നാം വ്യാപനത്തിൽ പ്രായമേറിയവർക്കാണ് കൂടുതൽ രോഗബാധയുണ്ടാകുകയും ആശുപത്രി പ്രവേശനം വേണ്ടിവരികയും ചെയ്തതെങ്കിൽ, ഇപ്പോൾ അത് ചെറുപ്പക്കാരിലേക്കും എത്തിയിട്ടുണ്ട്.
നിലവിൽ 75 പേരെയാണ് വൈറസ്ബാധ മൂലം സംസ്ഥാനത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതിൽ 18 പേർ ICUവിലും, അഞ്ചു പേർ വെന്റിലേറ്ററിലുമാണ്.
ആശുപത്രിയിലുള്ളതിൽ 30 പേരും 55 വയസിൽ താഴെയുള്ളവരാണ്.
ICUവിലുള്ള 18 പേരിൽ ഒരാൾ 20-30 പ്രായവിഭാഗത്തിലും, ഒരാൾ 30-40 പ്രായവിഭാഗത്തിലും, രണ്ടു പേർ 40-50 വിഭാഗതത്തിലുമുള്ളതാണ്.
ചെറുപ്പക്കാരെ കൊവിഡ് രൂക്ഷമായി ബാധിക്കില്ല എന്ന ധാരണയെയും ഡെൽറ്റ വൈറസ് തിരുത്തിയിരിക്കുകയാണെന്ന് NSW ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

സിഡ്നിയിലെ പുതിയ 97 കേസുകളിൽ 45 പേരും രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു. ഇതിൽ 29 പേർ രോഗബാധ തുടങ്ങിയ ശേഷം പൂർണമായും സജീവമായിരുന്നവരാണ്.
സർക്കാരിനെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നത് ഈ ഘടകമാണ്.
വേണ്ടിവന്നാൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്നും പ്രീമിയർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സിഡ്നി കേസ് വിക്ടോറിയയിലും കൂടുതൽ പടരുന്നതായാണ് സ്ഥിരീകരണം. വിക്ടോറിയയിൽ ആറു പുതിയ കേസുകൾ കൂടി രേഖപ്പെടുത്തി.

ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 24 ആയി.
വിക്ടോറിയയിൽ അഞ്ചു ദിവസത്തെ താൽക്കാലിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഡെൽറ്റ വേരിയന്റിനെതിരെ അടിയന്തര പോരാട്ടം നടത്തിയില്ലെങ്കിൽ അഞ്ചു ദിവസത്തിനു പകരം അഞ്ചു മാസത്തെ ലോക്ക്ഡൗണിലേക്ക് പോകേണ്ടിവരും എന്നാണ് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് നൽകുന്ന മുന്നറിയിപ്പ്.

