രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് നിരവധി ഇളവുകൾ; ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള മാർഗരേഖ NSW പുറത്തുവിട്ടു

ന്യൂ സൗത്ത് വെയ്ൽസിലെ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള മാർഗരേഖ സർക്കാർ പുറത്തുവിട്ടു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് നിരവധി ഇളവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

NSW Premier Gladys Berejiklian speaks to the media

NSW Premier Gladys Berejiklian speaks to the media. Source: AAP

സംസ്ഥാനത്ത് 70 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുകഴിഞ്ഞാൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ നേരത്തെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള മാർഗരേഖ സർക്കാർ പുറത്തുവിട്ടത്. സംസ്ഥാനത്ത് 42.5 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതായി പ്രീമിയർ അറിയിച്ചു.

നിയന്ത്രണങ്ങളിൽ ഇളവ് നൽകുമ്പോൾ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പല ഇളവുകളും നിഷേധിക്കപ്പെടുമെന്ന് പ്രീമിയർ ഊന്നിപ്പറഞ്ഞു.

വാക്‌സിനേഷൻ 80 ശതമാനമാകുമ്പോൾ രാജ്യാന്തര യാത്രകൾക്കുള്ള സാധ്യതകൾ ഉൾപ്പെടെയുള്ള കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാമെന്നും പ്രീമിയർ വ്യക്തമാക്കി.

എന്നാൽ, ഇത് എന്നാണെന്ന കാര്യം ഇപ്പോൾ പ്രഖ്യാപിക്കുന്നില്ലെന്നും, ഭൂരിഭാഗം പേരും വാക്‌സിനേഷനായി മുൻപോട്ടു വരണമെന്നും പ്രീമിയർ പറഞ്ഞു.

മാർഗരേഖ ഇങ്ങനെ:

  • ആദ്യ ഘട്ടത്തിൽ അഞ്ച് പേർക്ക് ഒരു വീട് സന്ദർശിക്കാൻ അനുവാദം നൽകും. 12 വയസും അതിൽ താഴെയുമുള്ള കുട്ടികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല
  • കെട്ടിടത്തിന് പുറത്ത് 20 പേർക്ക് വരെ ഒത്തുചേരാം
  • റീറ്റെയ്ൽ സ്റ്റോറുകൾ, ജിമ്മുകൾ, നെയിൽ സലൂണുകൾ, ഹയർഡ്രെസ്സർമാർ, എന്നിവ നിയന്ത്രണങ്ങളോടെ തുറക്കും. എന്നാൽ ഹോസ്പിറ്റാലിറ്റി മേഖലകളിൽ കെട്ടിടത്തിന് അകത്ത് നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയും, കെട്ടിടത്തിന് പുറത്ത് രണ്ട് ചതുരശ്ര മീറ്ററിൽ ഒരാളെന്ന വ്യവസ്ഥയും ബാധകമാകും. റീറ്റെയ്ൽ സ്റ്റോറുകളിൽ നാല് ചതുരശ്രമീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ ഉണ്ടാകും.
  • നീന്തൽ കുളങ്ങളും, ജിമ്മുകളും തുറക്കും
  • സ്റ്റേഡിയം, തീയറ്റർ, കെട്ടിടത്തിന് പുറത്തുള്ള വലിയ സംവിധാനങ്ങൾ എന്നിവയിൽ 5,000 പേർക്ക് പ്രവേശിക്കാം. അതും നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയിൽ.
  • വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 50 പേർക്ക് ഒത്തുചേരാം
  • ആരാധനാലയങ്ങൾ നാല് ചതുരശ്രമീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ പാലിച്ചുകൊണ്ട് തുറക്കാം. എന്നാൽ പാട്ടു പാടാൻ അനുവാദമില്ല.
  • കാരവൻ പാർക്കുകളും, ക്യാമ്പിംഗ് ഗ്രൗണ്ടുകളും തുറക്കും
  • കാർപൂളിങ് അനുവദിക്കും

അതേസമയം, വാക്‌സിൻ സ്വീകരിക്കാത്ത 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് കെട്ടിടത്തിന് പുറത്തുള്ള സംവിധാനങ്ങൾ സന്ദർശിക്കാം. എന്നാൽ വാക്‌സിൻ സ്വീകരിച്ച വീട്ടിലുള്ളവർക്കൊപ്പം മാത്രമേ കെട്ടിടത്തിന് അകത്തുള്ള ഇടങ്ങൾ സന്ദർശിക്കാൻ അനുവാദമുള്ളൂ.

റീറ്റെയ്ൽ മേഖലകളിൽ ജനങ്ങൾ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ QR കോഡ് സംവിധാനം ഉപയോഗിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.

കെട്ടിടത്തിന് അകത്തും, പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് നിര്ബന്ധമായി തുടരും. എന്നാൽ ഹോസ്പിറ്റാലിറ്റി മേഖലയിലുള്ളവർ മാത്രം കെട്ടിടത്തിന് പുറത്ത് മാസ്ക് ധരിച്ചാൽ മതി.

12 വയസിൽ താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല.

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കും ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കൊണ്ട് വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവർക്കും മാത്രമാണ് ഈ ഇളവുകളെല്ലാം ബാധകമാകുന്നത്.

സംസ്ഥാനത്ത് 1,405 പേർക്ക് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചു. അഞ്ച് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

വാക്‌സിനേഷൻ നിരക്ക് 70 ശതമാനമാകുന്നതോടെ ലോക്ക്ഡൗൺ പിൻവലിക്കുമെങ്കിലും, കേസുകളിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി.

അതിനിടെ, ന്യൂ സൗത്ത് വെയിൽസിന്റെ ചില ഉൾപ്രദേശങ്ങളിൽ ലോക്ക്ഡൗൺ പിൻവലിച്ചു .

വെള്ളിയാഴ്ച അർദ്ധരാത്രി മുതലാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നത്.

അതേസമയം, കമ്മ്യൂണിറ്റി കായിക പരിപാടികൾ ഉൾപ്പെടെയുള്ള ചില പരിപാടികൾ ഇവിടെ ഉടൻ ആരംഭിക്കില്ല.

എന്നാൽ, സമൂഹത്തിൽ സജീവമായ രോഗബാധയുണ്ടാകുന്ന സാഹചര്യത്തിൽ വീണ്ടും 14 ദിവസത്തേക്കെങ്കിലും ലോക്ക്ഡൗൺ ചെയ്‌തേക്കുമെന്ന് ഡെപ്യൂട്ടി പ്രീമിയർ ജോൺ ബാരിലാരോ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് 1,175 വോറസ്‌ബാധിതർ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതിൽ 202 പേർ തീവ്രപരിചരണ വിഭാഗത്തിലും 80 പേർ വെന്റിലേറ്ററിലുമാണ്.

 


Share

2 min read

Published

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now