ഇരുട്ടിവെളുത്തപ്പോൾ ഇരട്ടിയോളം: NSWലെ പുതിയ കൊവിഡ് കേസുകൾ 11,000 കടന്നു

ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. NSWൽ 11,201 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.

NSW Premier Dominic Perrottet

NSW Premier Dominic Perrottet Source: AAP

കൊവിഡ് വ്യാപനം തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന രോഗബാധാ നിരക്കിലേക്കാണ് ഓസ്ട്രേലിയ എത്തിയിരിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസിൽ പ്രതിദിന കേസുകളുടെ എണ്ണം ഒറ്റ ദിവസം കൊണ്ട് ഇരട്ടിയോളമായി വർദ്ധിച്ചു.

11,201 പുതിയ കേസുകളാണ് ബുധനാഴ്ച രാവിലെ സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഇത് 6,062 കേസുകളായിരുന്നു.  

സംസ്ഥാനത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും കുതിച്ചുയരുന്നുണ്ട്.

625 പേരാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ചൊവ്വാഴ്ച ഇത് 557 ആയിരുന്നു.

ആശുപത്രിയിലുള്ളതിൽ 61 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

വിക്ടോറിയയിലും കേസുകൾ അതിവേഗം ഉയരുന്നുണ്ട്. 3,767 പുതിയ രോഗബാധയും, അഞ്ചു മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച 2,738 കേസുകളായിരുന്നു വിക്ടോറിയയിൽ ഉണ്ടായിരുന്നത്.

ഡിസംബർ 15ന് ന്യൂ സൗത്ത് വെയിൽസിലെ കൊവിഡ് നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിച്ചതിനു പിന്നാലെയായിരുന്നു സംസ്ഥാനത്തെ കേസുകളുടെ എണ്ണം വൻതോതിൽ കുതിച്ചുയർന്ന് തുടങ്ങിയത്.
QR കോഡ് ചെക്ക് ഇന്നും, നിർബന്ധിത മാസ്ക് ഉപയോഗവും പിൻവലിച്ച സർക്കാർ, വാക്സിനെടുക്കാത്തവർക്കും പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു.

എന്നാൽ രോഗബാധ കൂടിയതോടെ കെട്ടിടങ്ങൾക്കുള്ളിലെ മാസ്ക് ഉപയോഗവും, QR കോഡ് ചെക്ക് ഇന്നും പിന്നീട് വീണ്ടും നിർബന്ധമാക്കി.
നിയന്ത്രണങ്ങൾ പിൻവലിച്ച തീരുമാനത്തിൽ തെറ്റില്ലായിരുന്നുവെന്ന് പ്രീമിയർ ഡൊമിനിക് പെരോറ്റെ പറഞ്ഞു.
നിയന്ത്രണങ്ങൾ ഇളവു ചെയ്യുമ്പോൾ കേസുകൾ കൂടുമെന്ന് അറിയാമായിരുന്നുവെന്നും, ഇപ്പോഴും ന്യൂ സൗത്ത് വെയിൽസിലെ സാഹചര്യം മോശമായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ക്വീൻസ്ലാന്റ് യാത്രക്ക് PCR വേണ്ട

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ക്വീൻസ്ലാന്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് PCR പരിശോധന നിർബന്ധമാക്കിയിരുന്ന നടപടി സർക്കാർ പിൻവലിച്ചു.
ജനുവരി ഒന്ന് ശനിയാഴ്ച മുതൽ യാത്ര ചെയ്യാൻ റാപ്പിഡ് ആന്റിജൻ പരിശോധനാ ഫലം മതിയാകും.

യാത്ര ചെയ്യുന്നതിന് മുമ്പുള്ള 72 മണിക്കൂറിലെ PCR ഫലം വേണം എന്നതായിരുന്നു ക്വീൻസ്ലാന്റിലെ ഇതുവരെയുള്ള വ്യവസ്ഥ. PCR പരിശോധന ഇല്ലാത്തവർക്ക് ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമായിരുന്നു.

എന്നാൽ ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലുമുള്ള കൊവിഡ് പരിശോധനാ സംവിധാനത്തെ ഈ നിയമം രൂക്ഷമായി ബാധിച്ചു എന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു.

ന്യൂ സൗത്ത് വെയിൽസിൽ പലർക്കും 96 മണിക്കൂറിലേറെയാണ് PCR പരിശോധനാ ഫലത്തിനായി കാത്തിരിക്കേണ്ടിവന്നത്.

രോഗബാധ സംശയിക്കുന്നവരെക്കാൾ കൂടുതൽ വിനോദസഞ്ചാരികളാണ് പരിശോധനാ കേന്ദ്രങ്ങളിലെത്തുന്നതെന്നും, ഇതാണ് പരിശോധനാ കേന്ദ്രങ്ങളെ സമ്മർദ്ദത്തിലാക്കുന്നതെന്നും NSW സർക്കാർ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെത്തി അഞ്ചാം ദിവസം PCR പരിശോധന നടത്തണം എന്ന വ്യവസ്ഥ പിൻവലിച്ചതിനു പിന്നാലെയാണ്, ക്വീൻസ്ലാന്റ് സർക്കാർ പ്രവേശന വ്യവസ്ഥയിലും ഇളവു നൽകിയത്.


Share

Published

Updated

By SBS Malayalam
Source: SBS News

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
ഇരുട്ടിവെളുത്തപ്പോൾ ഇരട്ടിയോളം: NSWലെ പുതിയ കൊവിഡ് കേസുകൾ 11,000 കടന്നു | SBS Malayalam