ന്യൂ സൗത്ത് വെയിൽസിലെ കൊവിഡ് ബാധ പുതിയ റെക്കോർഡിലേക്ക് കടന്നിരിക്കുകയാണ്.
919 പുതിയ കേസുകളാണ് സംസ്ഥാനത്ത് ഇന്ന് (ബുധനാഴ്ച) രാവിലെ എട്ട് മണി വരെയുള്ള 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്.
മഹാമാരി തുടങ്ങിയ ശേഷം ഓസ്‌ട്രേലിയയിലെ ഒരു പ്രദേശത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ് ഇത്.
പുതിയ കേസുകളിൽ 106 പേർ മാത്രമാണ് രോഗബാധയുള്ളപ്പോൾ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്.
സംസ്ഥാനത്ത് രണ്ട് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. 30 വയസിന് മേൽ പ്രായമായ ഒരു സ്ത്രീയും, 80നു മേൽ പ്രായമായ ഒരു പുരുഷനുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ന്യൂ സൗത്ത് വെയിൽസിൽ 645 രോഗബാധിതരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 113 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ICUൽ കഴിയുന്നതിൽ 98 പേരും വാക്‌സിനേഷൻ സ്വീകരിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സിഡ്‌നിയിലെ വെസ്റ്റ്മീഡ് ആശുപത്രിയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ചൊവ്വാഴ്ച ആശുപത്രിയിൽ 'യെല്ലോ എമർജൻസി' പ്രഖ്യാപിച്ചു.
24 മണിക്കൂറത്തേക്ക് ആശുപത്രിയിലേക്ക് ആംബുലൻസ് എത്തുന്നത് നിർത്തിവയ്ക്കുകയും, ഗുരുതരമായ രോഗികളെ സിഡ്‌നിയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും.
കഴിഞ്ഞ നാലാഴ്ചകളിൽ വെസ്റ്റേൺ സിഡ്നി ലോക്കൽ ഹെൽത്ത് ഡിസ്ട്രിക്റ്റിൽ 4,000 ത്തോളം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ ജനസംഖ്യയിൽ മൂന്നിൽ ഒന്ന് പേർ വാക്‌സിൻ സ്വീകരിച്ചതായി പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ പറഞ്ഞു.
വിക്ടോറിയ
വിക്ടോറിയയിൽ 45 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 17 പേർ മാത്രമാണ് രോഗബാധയുള്ളപ്പോൾ ഐസൊലേഷനിൽ കഴിഞ്ഞിരുന്നത്.
സംസ്ഥാനത്ത് 16 വയസിനും 59നുമിടയിലുള്ളവർക്ക് ഇന്ന് (ബുധനാഴ്ച) മുതൽ ഫൈസർ വാക്‌സിനായി ബുക്ക് ചെയ്യാം.
പരീക്ഷ അടുത്ത് വരുന്ന സാഹചര്യത്തിൽ 12-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾ വാക്‌സിൻ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ജെയിംസ് മെർലിനോ അറിയിച്ചു.
ഒക്ടോബർ നാലിന് തുടങ്ങുന്ന പരീക്ഷക്ക് മുൻപായി, 16 വയസ്സും അതിനു മുകളിലും പ്രായമായ 12 ആം ക്ലാസ്സിലെ വിദ്യാർത്ഥികൾ പരീക്ഷക്ക് മുൻപ് വാക്‌സിൻ സ്വീകരിച്ചുവെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ VCE ജീവനക്കാരും, പരീക്ഷ നിരീക്ഷിക്കുന്ന ജീവനക്കാരും പരീക്ഷക്ക് മുൻപ് വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, വൈറസ്ബാധ കൂടുതലുള്ള ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിൽ നിന്നുള്ളവരെ അനുവദിക്കുന്നത് താത്കാലികമായി ക്വീൻസ്ലാൻറ് നിർത്തിവച്ചു.
ഇന്ന് (ബുധനാഴ്ച) ഉച്ചക്ക് ഒരു മണി മുതൽ രണ്ടാഴ്ചത്തേക്ക് ആണ് നിയന്ത്രണം നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഹോട്ടലുകളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാനുള്ള സൗകര്യക്കുറവ് മൂലമാണ് ഇതെന്ന് പ്രീമിയർ അനസ്താഷ്യ പലാഷേ അറിയിച്ചു.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
ടെറിട്ടറിയിൽ ഒമ്പത് പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ടെറിട്ടറിയിലെ ആകെ കേസുകളുടെ എണ്ണം 176 ആയി. പുതിയ കേസുകളിൽ മൂന്ന് പേർ മാത്രമാണ് രോഗബാധയുള്ളപ്പോൾ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്.
ഏഴ് പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ ഒരാൾ ഗുരുതരമായ അവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ടെറിട്ടറിയിലെ കേസുകളിൽ 38 ശതമാനവും 18 വയസിൽ താഴെ പ്രായമുള്ളവരാണ്.
ACT യിലെ വിദ്യാർത്ഥികളായ നഴ്സുമാർക്ക് വാക്‌സിനേഷൻ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രി റേച്ചൽ സ്റ്റീഫൻ-സ്മിത്ത് അറിയിച്ചു.