കൊവിഡ് ബാധ മൂലം പ്രതിസന്ധിയിലേക്ക് പോയ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിന് ഊർജ്ജം പകരാനാണ് ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റിൽ NSW സർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഔട്ട് & എബൗട്ട് എന്ന പേരിലെ വൗച്ചർ പദ്ധതി.
സംസ്ഥാനത്തെ 18 വയസിനു മേൽ പ്രായമുള്ള എല്ലാവർക്കും 25 ഡോളർ വീതമുള്ള നാലു വൗച്ചറുകൾ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കാനും, സിനിമയോ, അമ്യൂസ്മെന്റ് പാർക്കുകളോ പോലുള്ള വിനോദകേന്ദ്രങ്ങളിൽ ഉപയോഗിക്കാനും, സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനുമായിരിക്കും ഈ വൗച്ചറുകൾ.
നാലു വൗച്ചറുകളിൽ രണ്ടെണ്ണം കഫേകളിലും റെസ്റ്റോറന്റുകളിലും ഉപയോഗിക്കാം.

ബാക്കി രണ്ടെണ്ണം ആർട്ട് ഗാലറികളിലോ, മൃഗശാലകളിലോ, സിനിമാ തിയറ്ററിലോ, അമ്യൂസ്മെന്റ് പാർക്കുകളിലോ ഉപയോഗിക്കാൻ കഴിയും.
എന്നാൽ റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളിലോ, മദ്യവും സിഗററ്റും വാങ്ങാനോ, ചൂതാട്ടത്തിനോ ഒന്നും വൗച്ചർ ഉപയോഗിക്കാൻ കഴിയില്ല.
സർവീസ് NSW ആപ്പ് വഴിയാകും വൗച്ചർ നൽകുന്നത്.
സിഡ്നി നഗരത്തിൽ ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി, 2021ന്റെ തുടക്കത്തിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമാകും.
ഓരോ വൗച്ചറും വ്യത്യസ്ത സമയങ്ങളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അതായത്, രണ്ടു വൗച്ചർ ഒരുമിച്ച് ചെലവാക്കാൻ പറ്റില്ല.

മാത്രമല്ല, വൗച്ചർ ഭാഗികമായി ചെലവാക്കാനും കഴിയില്ല.
അതായത്, 20 ഡോളർ മാത്രം വൗച്ചറിൽ നിന്ന് ചെലവാക്കിയാൽ ബാക്കി അഞ്ചു ഡോളർ നഷ്ടമാകും.
തിരക്കു കുറഞ്ഞ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലേക്ക് ഭക്ഷണ ശാലകളിലെ വൗച്ചർ പരിമിതപ്പെടുത്തുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. കൊവിഡ് സുരക്ഷിതമായി പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്.
ഈ പദ്ധതിക്ക് 500 മില്യൺ ഡോളറാണ് സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ, സംസ്ഥാനത്തിന്റെ ബിസിനസ് രംഗത്തെ ഊർജ്ജിതപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

