കഴിഞ്ഞ വർഷം ന്യൂ സൗത്ത് വെയിൽസിൽ ദീർഘകാലത്തേക്ക് ലോക്ക്ഡൗൺ നടപ്പാക്കിയപ്പോൾ സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയിരുന്നു.
അവശ്യമേഖലാ ജീവനക്കാരുടെ മക്കൾ ഒഴികെ മറ്റെല്ലാ കുട്ടികളും വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകളിലാണ് പങ്കെടുത്തത്.
ഇത്തരത്തിൽ ഹോംസ്കൂളിംഗിന്റെ ഭാഗമായ കുട്ടികളുടെ മാതാപിതാക്കൾക്കാണ് പേരന്റ്സ് വൗച്ചർ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
ഹോംസ്കൂളിംഗ് സാധ്യമാക്കിയ രക്ഷിതാക്കളെ നന്ദി അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വൗച്ചറുകൾ നൽകുന്നത് എന്ന് പ്രീമിയർ ഡൊമിനിക് പെരോറ്റെ പറഞ്ഞു.
കുടുംബത്തിലെ ഒരാൾക്ക് 50 ഡോളറിന്റെ അഞ്ചു വൗച്ചറുകളായിരിക്കും ലഭിക്കുക. ആകെ 250 ഡോളറിന്റെ വൗച്ചർ.
സർവീസ് ന്യൂ സൗത്ത് വെയിൽസ് അക്കൗണ്ട് വഴി തിങ്കളാഴ്ച മുതൽ വൗച്ചറുകൾ ലഭ്യമാക്കിത്തുടങ്ങി.
സിനിമാ ഹോളുകളും, അമ്യൂസ്മെന്റ് പാർക്കും ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങളിലും, അവധിക്കാല താമസം ബുക്ക് ചെയ്യാനും ഈ വൗച്ചറുകൾ ഉപയോഗിക്കാം.
ഈ വർഷം ഒക്ടോബർ ഒമ്പതു വരെയാണ് വൗച്ചറുകൾ ഉപയോഗിക്കാൻ കഴിയുക.
ഒന്നിലേറെ വൗച്ചറുകൾ ഒരുമിച്ച് ഉപയോഗിക്കാൻ കഴിയുമെന്ന് സർക്കാർ അറിയിച്ചു. മറ്റു കുടുംബങ്ങളുമായി ചേർന്നും ഒരുമിച്ച് താമസസ്ഥലം ബുക്ക് ചെയ്യാം.
കുടുംബങ്ങൾക്ക് ഒരുമിച്ച് പുറത്തേക്ക് പോയി ആസ്വദിക്കാൻ കഴിയുന്നതിനൊപ്പം, ബിസിനസുകളെ സഹായിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണ് ഈ വൗച്ചറുകളെന്ന് പ്രീമിയർ പറഞ്ഞു.
നേരത്തേ NSW സർക്കാർ സംസ്ഥാനത്തെ എല്ലാ പ്രായപൂർത്തിയായവർക്കും ഡൈൻ ആന്റ് ഡിസ്കവർ വൗച്ചറുകൾ നൽകിയിരുന്നു. ഡിസ്കവർ വൗച്ചർ ഉപയോഗിച്ച എല്ലാ സ്ഥലങ്ങളിലും പേരന്റ് വൗച്ചറുകളും ഉപയോഗിക്കാൻ കഴിയും.
18 വയസു കഴിഞ്ഞ എല്ലാവർക്കും സ്റ്റേ NSW വൗച്ചർ എന്ന പേരിൽ 50 ഡോളർ വൗച്ചർ കൂടി ഈ മാസം സർക്കാർ നൽകും എന്നാണ് പ്രഖ്യാപനം.
സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം കുറഞ്ഞുവരുന്ന സമയത്താണ് സർക്കാർ ബിസിനസുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കാനായി ഈ വൗച്ചറുകൾ നൽകുന്നത്.
7,893 പുതിയ കൊവിഡ് കേസുകളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. 28 മരണവും സ്ഥിരീകരിച്ചു.
ജനുവരി മാസത്തിൽ ശരാശരി 30,000 പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന NSWൽ, ശനിയാഴ്ച മുതൽ കേസുകൾ പതിനായിരത്തിൽ താഴെയായി കുറഞ്ഞിട്ടുണ്ട്.