അടുത്ത തിങ്കളാഴ്ച മുതൽ ന്യൂ സൗത്ത് വെയിൽസിലെ സ്കൂളുകളിൽ എല്ലാ കുട്ടികൾക്കും തിരിച്ചെത്താൻ കഴിയുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
ഇതുവരെ കാത്തിരുന്നതിന് അധ്യാപകർക്കും, മറ്റ് സ്കൂൾ ജീവനക്കാർക്കും, രക്ഷിതാക്കൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ ഇക്കാര്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞയാഴ്ച മുതൽ ആഴ്ചയിൽ ഒരു ദിവസം വീതം കുട്ടികൾ സ്കൂളിൽ പോയി തുടങ്ങിയിരുന്നു. പല ഘട്ടമായിട്ടാകും ഇത് ഉയർത്തിക്കൊണ്ടുവരിക എന്നായിരുന്നു അന്ന് പ്രീമിയർ പറഞ്ഞത്.
ജൂലൈ മാസത്തോടെ മാത്രമായിരിക്കും സ്കൂളുകൾ പൂർണമായും പ്രവർത്തിക്കു എന്നായിരുന്നു മുൻ പ്രഖ്യാപനം.
സംസ്ഥാനത്ത് വൈറസ്ബാധ കാര്യമായ കുറഞ്ഞ സാഹചര്യത്തിലാണ് അടുത്തയാഴ്ച തന്നെ സാധാരണ നിലയിലേക്കെത്താൻ സർക്കാർ തീരുമാനിച്ചത്. അടുത്ത തിങ്കളാഴ്ച മുതൽ റിമോട്ട് പഠന സംവിധാനം ഉണ്ടാകില്ല.
എല്ലാ കുട്ടികളും സ്കൂളിലെത്തണം എന്നാണ് സർക്കാരിന്റെ നിർദ്ദേശം. എന്നാൽ കുട്ടികൾക്ക് ആരോഗ്യപരമായ ആശങ്കകളുണ്ടെങ്കിൽ സ്കൂൾ പ്രിൻസിപ്പലുമായി സംസാരിച്ച് നടപടികളെടുക്കാം.
എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളപ്പോഴും കുട്ടികൾ സ്കൂളിൽ പോകരുത് എന്നാണ് നിർദ്ദേശം.

NSW Premier Gladys Berejiklian has eased coronavirus restrictions from Friday. Source: AAP
എന്നാൽ സ്കൂൾ അസംബ്ലിയോ, എക്സ്കർഷനോ ഒന്നും അനുവദിക്കില്ല. കൂടുതൽ ശുചീകരണ നടപടികൾ നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
കുട്ടികളെ സ്കൂളിലെത്തിക്കുമ്പോഴും തിരിച്ചുവിളിക്കുമ്പോഴും രക്ഷിതാക്കൾ നിയന്ത്രണങ്ങൾ പാലിക്കണം. അതുസംബന്ധിച്ച് സ്കൂളുകൾ നിർദ്ദേശം നൽകും.
വീട്ടിലിരുന്ന് പഠിച്ചപ്പോൾ കുട്ടികൾക്ക് എത്രത്തോളം പഠനത്തിൽ പുരോഗതിക്കാൻ കഴിഞ്ഞു എന്ന കാര്യം വിലയിരുത്താൻ എല്ലാ സ്കൂളുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പോസിറ്റീവ് കേസുകളുണ്ടായാൽ പല സ്കൂളുകളും താൽക്കാലികമായി അടച്ചിടേണ്ടി വരും. സ്കൂളുകൾ അപ്പോൾ കൂടുതൽ നടപടികൾ എടുക്കുമെന്നും പ്രീമിയർ പറഞ്ഞു.
സംസ്ഥാനത്ത് രണ്ടു പേർക്കാണ് പുതുതായി വൈറസ്ബാധ കണ്ടെത്തിയത്. രണ്ടു പേരും വിദേശത്തു നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്നവരാണ്.