സ്കൂളുകൾ അടച്ചിടേണ്ടെന്ന ദേശീയ ക്യാബിനറ്റ് യോഗത്തിന്റെ നിർദ്ദേശം പിന്തുടർന്നാണ് ന്യൂ സൗത്ത് വെയിൽസും ഈ തീരുമാനമെടുത്തത്.
ഈസ്റ്റർ അവധിക്കാലം തുടങ്ങുന്നതു വരെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും.
എന്നാൽ, കുട്ടികളെ വീട്ടിലിരുത്താൻ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നതായും പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു. പരമാവധി അതിനായി ശ്രമിക്കണം.
എന്നാൽ പ്രായോഗിക കാരണങ്ങളാൽ കുട്ടികളെ വീട്ടിലിരുത്താൻ കഴിയില്ലെങ്കിൽ സ്കൂളിലേക്ക് അയക്കാം. അവർക്കായി സ്കൂൾ പ്രവർത്തിക്കും.
ഒറ്റ പഠനയൂണിറ്റ് മാത്രമേ ഉണ്ടാകൂ. അത് സ്കൂൾ ക്ലാസുകളിലും ഓൺലൈൻ പഠനത്തിനായും ലഭ്യമാകും. ഓൺലൈൻ ക്ലാസുകൾ എല്ലാ ക്ലാസുകളും ഉറപ്പാക്കുമെന്നും പ്രീമിയർ അറിയിച്ചു.
സംസ്ഥാനത്തെ 30 ശതമാനം രക്ഷിതാക്കളും കഴിഞ്ഞയാഴ്ച തന്നെ കുട്ടികളെ സ്‌കൂളില്‍ വിട്ടില്ല എന്ന് പ്രീമിയര്‍ ചൂണ്ടിക്കാട്ടി. ആ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരോഗ്യം സംബന്ധിച്ച് ആശങ്കയുള്ള അധ്യാപകര്‍ക്കും വീട്ടിലിരുന്ന ജോലി ചെയ്യാനുള്ള അവസരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് കൊറോണവൈറസ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രീമിയർ തിങ്കളാഴ്ച രാവിലെ ഈ പ്രഖ്യാപനം നടത്തിയത്.
ന്യൂ സൗത്ത് വെയിൽസിൽ ഒറ്റ ദിവസം കൊണ്ട് 136 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 669 ആയെന്ന് NSW ആരോഗ്യ വകുപ്പ് അറിയിച്ചു.
വിക്ടോറിയയിൽ ചൊവ്വാഴ്ച മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കില്ലെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് ഞായറാഴ്ച അറിയിച്ചിരുന്നു.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയും ചൊവ്വാഴ്‌ച സ്കൂളുകൾ അടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.