ഒക്ടോബർ മുതൽ NSW വിദ്യാർത്ഥികൾക്ക് സ്കൂളുകളിലേക്ക് തിരിച്ചുപോകാൻ കഴിയുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ഒട്ടേറെ വിദ്യാർത്ഥികൾ രണ്ടു മാസത്തോളം വീട്ടിൽ നിന്ന് ഓൺലൈൻ വഴിയാണ് പഠിക്കുന്നത്.
ഒക്ടോബർ 25 ന് സ്കൂളുകൾ തുറക്കുമെന്നാണ് റിപ്പോർട്ട്. ഘട്ടം ഘട്ടമായായിരിക്കും സ്കൂൾ പുനരാരംഭിക്കുക.
കിന്റര്‍ഗാർട്ടന്‍, ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ കൂടാതെ 12-ാംക്ലാസ് വിദ്യാർത്ഥികൾക്കും ഒക്ടോബർ 25ന് സ്കൂളുകളിലേക്ക് തിരിച്ചുപോകാൻ കഴിയും.
രണ്ടാം ക്ലാസ്, ആറാം ക്ലാസ്, 11-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് നവംബർ ഒന്നിന് തിരിച്ചെത്താം
മൂന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, ഒൻപത് കൂടാതെ 10 ആം ക്ലാസ് വിദ്യാർത്ഥികൾക്ക് നവംബർ എട്ടിന് സ്കൂളുകളിലേക്ക് തിരിച്ചെത്താം.
എല്ലാ സ്കൂൾ ജീവനക്കാർക്കും ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധമായിരിക്കും.
കിൻഡർഗാർട്ടനിലും പ്രൈമറി സ്കൂളിലുമുള്ള വിദ്യാർത്ഥികൾ മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതായും അധികൃതർ പറഞ്ഞു.

സംസ്ഥാനത്തെ സ്കൂളുകളിൽ മാസ്‌ക്കുകൾ ലഭ്യമാക്കുമെന്നും NSW സർക്കാർ പറഞ്ഞു.
വിദ്യാർത്ഥി സമ്മേളനങ്ങൾ ഒഴിവാക്കാനും ഇടവേളകൾ പല സമയത്തായി ക്രമീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
അധ്യാപകർക്ക് വാക്‌സിനേഷൻ പൂർത്തിയാക്കാൻ ഇനി പത്ത് ആഴ്ചകൂടിയാണ് ബാക്കിയുള്ളത്.
സെപ്റ്റംബർ ആറാം തീയതി മുതൽ സ്കൂൾ ക്യാമ്പസിലുള്ള സ്റ്റാഫിന് വാക്‌സിനേഷൻ സ്വീകരിക്കാൻ മുൻഗണനയുണ്ടാകുമെന്നും പ്രീമിയർ പറഞ്ഞു.
വീട്ടിലിരിക്കാനുള്ള നിയന്ത്രണങ്ങൾ നേരത്തെ പിൻവലിക്കുന്ന സാഹചര്യത്തിൽ ആ പ്രദേശത്തുള്ളവർക്ക് സ്‌കൂളുകളിലേക്ക് തിരിച്ചുപോകാൻ കഴിയുമെന്നും പ്രീമിയർ വ്യകത്മാക്കി.
ACT യിൽ 21 പുതിയ കേസുകൾ
ACT യിൽ 21 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ടെറിട്ടറിയിൽ അകെ 209 പേരിൽ സജീവമായി കൊവിഡ് രോഗം ഉണ്ടെന്നാണ് കണക്കുകൾ.
സെപ്റ്റംബർ രണ്ടിന് ലോക്ക്ഡൗൺ അവസാനിക്കുന്നത് സംബന്ധിച്ച് അടുത്തയാഴ്ച മധ്യത്തോടെ തീരുമാനമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരിൽ 12 വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടി ഉൾപ്പെടെ 11 പേർ ആശുപത്രിയിലാണ്.
രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേരും വാക്‌സിനേഷൻ സ്വീകരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
ഒരു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചിട്ടുള്ള നാൽപതു വയസ്സിന് മേൽ പ്രായമുള്ള ഒരു സ്ത്രീ തീവ്രപരിചരണ വിഭാഗത്തിലുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.

