കൊറോണവൈറസ് ബാധ ഏറ്റവും രൂക്ഷമായിരുന്ന മാർച്ച് അവസാനവാരമാണ് കുട്ടികളെ വീട്ടിൽ നിർത്താൻ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ നിർദ്ദേശിച്ചത്.
അവശ്യമേഖലകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുവേണ്ടി മാത്രമാണ് തുടർന്ന് ആദ്യ ടേമിൽ സ്കൂൾ പ്രവർത്തിച്ചത്.
എന്നാൽ രണ്ടാം ടേമിലെ മൂന്നാമത്തെ ആഴ്ച മുതൽ എല്ലാ കുട്ടികൾക്കും സ്കൂളിൽ പോയി തുടങ്ങാൻ കഴിയുമെന്ന് പ്രീമിയർ വ്യക്തമാക്കി.
ഏപ്രിൽ 29 ബുധനാഴ്ചയാണ് സംസ്ഥാനത്ത് രണ്ടാം ടേം തുടങ്ങുക. 28 ചൊവ്വാഴ്ചയാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും, അധ്യാപകർക്ക് തയ്യാറെടുപ്പ് നടത്താൻ ഒരു ദിവസം കൂടി അനുവദിച്ചു.
മേയ് 11 തിങ്കൾ മുതൽ എല്ലാ കുട്ടികൾക്കും സ്കൂളിൽ പോയി തുടങ്ങാം.
ഘട്ടം ഘട്ടമായി നടപ്പാക്കും
എന്നാൽ എല്ലാ ദിവസവും സ്കൂളിൽ പോകാൻ കഴിയില്ല. ആദ്യഘട്ടത്തിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമായിരിക്കും ഒരു ഒരു കുട്ടിക്ക് പോകാൻ കഴിയുന്നത്.
സ്കൂളിലെ നാലിലൊന്ന് ഭാഗം കുട്ടികളെ ഒരു ദിവസം അനുവദിക്കുക എന്നതാണ് നയമെന്ന് പ്രീമിയറും വിദ്യാഭ്യാസ മന്ത്രി സേറ മിച്ചലും വ്യക്തമാക്കി. കുട്ടികളെ ഏതു ദിവസം അനുവദിക്കണം എന്നത് സ്കൂളുകൾക്ക് തീരുമാനിക്കാം.
സഹോദരങ്ങളോ, സുഹൃദ് കുടുംബങ്ങളിലെ കുട്ടികളോ ഒരുമിച്ച് വരാം തുടങ്ങിയ പരിഗണനകൾ ഉണ്ടാകും.

NSW Premier Gladys Berejiklian speaks to the media during a press conference in Sydney, Monday, April 20, 2020. Source: AAP
ഘട്ടം ഘട്ടമായി ഈ നിരക്ക് ഉയർത്തിക്കൊണ്ടുവരും. ഏതാനും ആഴ്ചകൾക്കു ശേഷം ആഴ്ചയിൽ രണ്ടു ദിവസം വീതം ഓരോ കുട്ടിക്കും പോകാൻ കഴിയും.
മൂന്നാമത്തെ ടേം ആകുന്നതോടെ എല്ലാ കുട്ടികൾക്കും എല്ലാ ദിവസവും സ്കൂളിൽ പോകാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രീമിയർ പറഞ്ഞു.
അതേസമയം, കുട്ടികളെ സ്കൂളിൽ വിടണമെന്ന് ആഗ്രഹമുള്ള രക്ഷിതാക്കൾക്ക് രണ്ടാം ടേമിന്റെ ആദ്യ ദിവസം മുതൽ തന്നെ അത് കഴിയും. സ്കൂളിലെത്തുന്ന ഒരു കുട്ടിയെയും തിരിച്ചയക്കില്ലെന്നും പ്രീമിയർ വ്യക്തമാക്കി.
പക്ഷേ, റോസ്റ്റർ ചെയ്യുന്ന ദിവസം മാത്രം കുട്ടികളെ സ്കൂളിൽ അയക്കാനാണ് രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കുന്നത്.
സ്കൂളുകളിൽ ഹാൻഡ് സാനിട്ടൈസറുകളും, മറ്റ് ആരോഗ്യസംരക്ഷണ മാർഗ്ഗങ്ങളും എല്ലാ ക്ലാസുകളിലും ഉറപ്പാക്കും. ഡ്രോപ് ഓഫ്, പിക്ക് അപ്, ഉച്ചഭക്ഷണം, ഇടവേള തുടങ്ങിയവ ഓരോ ക്ലാസുകൾക്കും വ്യത്യസ്ത സമയങ്ങളിലാക്കും. കുട്ടികളും, അതുപോലെ മുതിർന്നവരും പരസ്പരം ഇടപെടുന്നത് പരമാവധി കുറയ്ക്കാനാണ് ഇത്.
പബ്ലിക് സ്കൂളുകൾ മാത്രമല്ല, കാത്തലിക്, ഇൻഡിപെൻഡന്റ് സ്കൂളുകളും ഒരുമിച്ചാണ് ഈ തീരുമാനമെടുത്തതെന്നും പ്രീമിയർ പറഞ്ഞു.
കാഷ്വൽ അധ്യാപകർക്കും ജീവനക്കാർക്കും സ്കൂളിലേക്ക് തിരിച്ചെത്താൻ കഴിയുമെന്നും പ്രീമിയർ പറഞ്ഞു. ഒന്നാം ടേമിൽ പത്തു ദിവസമെങ്കിലും ജോലി ചെയ്ത കാഷ്വൽ അധ്യാപകർക്ക്, ആഴ്ചയിൽ രണ്ടു ദിവസം വീതം സ്കൂളിലെത്താൻ കഴിയും.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൊറോണവൈറസ് പരിശോധനയിൽ കൂടുതൽ പരിഗണന നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
People in Australia must stay at least 1.5 metres away from others and gatherings are limited to two people unless you are with your family or household.
If you believe you may have contracted the virus, call your doctor (don’t visit) or contact the national Coronavirus Health Information Hotline on 1800 020 080. If you are struggling to breathe or experiencing a medical emergency, call 000.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus