സംസ്ഥാനത്ത് തുടർച്ചയായ 17 ദിവസങ്ങളായി പ്രാദേശിക രോഗബാധയൊന്നും റിപ്പോർട്ട് ചെയ്യാത്തതിനെത്തുടർന്നാണ് കൊവിഡ് നിയന്ത്രണത്തിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചത്.
കൊറോണബാധ രൂക്ഷമായതു മുതൽ നടപ്പാക്കിയിരുന്നു സാമൂഹിക അകലം പാലിക്കൽ നിയന്ത്രണത്തിലാണ് ഇളവ്.
ഒരു വർഷത്തോളമായി നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിലയിലാണ് സമൂഹ അകലം പാലിക്കൽ.
രോഗബാധ കുറഞ്ഞതിനാൽ ഇത് രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിലയിലേക്ക് ഇളവ് വരുത്തും
രോഗബാധയൊന്നും പൊട്ടിപ്പുറപ്പെടാത്ത പക്ഷം ഫെബ്രുവരി 12 വെള്ളിയാഴ്ച മുതൽ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചു.
റസ്റ്റോറന്റുകൾ, ബാറുകൾ തുടങ്ങി ഹോസ്പിറ്റാലിറ്റി മേഖലയിലും, ആരാധനാലയങ്ങളിലും ഉൾപ്പെടെ നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന എല്ലായിടങ്ങളിലും ഇത് ബാധകമാകുമെന്ന് പ്രീമിയർ വ്യക്തമാക്കി.
ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശമനുസരിച്ചാകും നിശാ ക്ലബുകളിലെ നിയന്ത്രണങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും പ്രീമിയർ പറഞ്ഞു.
കൂടാതെ മാസ്ക് ധരിക്കുന്നതിലും ഇളവുകൾ പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും പ്രീമിയർ പറഞ്ഞു.
എന്നാൽ പൊതുഗതാഗത സംവിധാനനത്തിൽ മാസ്ക് നിര്ബന്ധമായിരിക്കും.
നിലവിൽ സിഡ്നി, ബ്ലൂ മൗന്റെൻസ്, വൊള്ളോംഗ് ഗോംഗ്, സെൻട്രൽ കോസ്റ്റ് എന്നിവിടങ്ങളിൽ ഉള്ളവർ ആരാധനാലയങ്ങളിലും പൊതുഗതാഗത സംവിധാനത്തിലും ബ്യുട്ടി സലൂണുകളിലും മാസ്ക് ധരിക്കണം.
അതേസമയം അപ്രതീക്ഷിതമായി രോഗബാധ പൊട്ടിപ്പുറപ്പെട്ടാൽ ഇതിൽ മാറ്റം വരുത്തുമെന്നും പ്രീമിയർ വ്യക്തമാക്കി.
കൂടുതൽ വിക്ടോറിയക്കാർക്ക് തൊഴിലിടങ്ങളിലേക്ക് മടങ്ങാം
സംസ്ഥാനത്ത് തുടർച്ചയായ 28 ദിവസങ്ങളായി കൊറോണബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതേതുടർന്ന് കൂടുതൽ പേർക്ക് തൊഴിലിടങ്ങളിലേക്ക് മടങ്ങാമെന്ന് പ്രീമിയർ അറിയിച്ചു. സ്വകാര്യ മേഖലയിൽ 50 ശതമാനം പേർക്കും പൊതുമേഖലാ സ്ഥാപനങ്ങളിൽ 25 ശതമാനം പേർക്കും തൊഴിലിടങ്ങളിലേക്ക് മടങ്ങാമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ ഒരു മാസത്തോളമായി പ്രാദേശികബാധയൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഇത് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
സ്വകാര്യ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ 75 ശതമാനം ജീവനക്കാർക്കും തിരിച്ചെത്താമെന്നാണ് പ്രീമിയർ അറിയിച്ചത്.
അതേസമയം സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ ഒമ്പത് മാസം കൂടി നീട്ടാനുള്ള ശ്രമത്തിലാണ് പ്രീമിയർ.
വാക്‌സിൻ എല്ലാവര്ക്കും ലഭിക്കാൻ അധിക നാൾ കാത്തിരിക്കേണ്ടി വരും. അതിനാൽ അടിയന്തരാവസ്ഥ നീട്ടാനായി പാർലമെന്റിൽ ബിൽ വതരിപ്പിക്കുമെന്നും പ്രീമിയർ പറഞ്ഞു.
എന്നാൽ ബില്ലിനെ എതിർക്കുമെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്.