സിഡ്‌നിയിൽ 'മാസ് വാക്‌സിനേഷൻ ഹബ്' നിർമ്മിക്കുമെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പ്രഖ്യാപിച്ചു.
ആഴ്ചയിൽ 30,000 വാക്‌സിനേഷൻ നൽകാൻ കഴിയുന്ന കേന്ദ്രമാണ് തുടങ്ങുന്നതെന്ന് പ്രീമിയർ വ്യക്തമാക്കി.
ഇതുവഴി വാക്‌സിനേഷൻ പദ്ധതിയിൽ ഫെഡറൽ സർക്കാരിനെ പിന്തുണക്കുകയാണ് ലക്ഷ്യമെന്ന് പ്രീമിയർ പറഞ്ഞു.
കൊവിഡ് വാക്‌സിൻ വിതരണത്തിന് വേഗത കുറവാണെന്ന് ചൂണ്ടിക്കാട്ടി NSW സർക്കാർ ഉൾപ്പെടെ ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങൾ ഫെഡറൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫെഡറൽ സർക്കാരിനെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി ന്യൂ സൗത്ത് വെയിൽസ് സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിൽ ഒരാഴ്ച്ച 60,000 ഡോസ് വാക്‌സിനേഷൻ നൽകാനാണ് പദ്ധതി. ഇതിൽ പകുതിയും 'മാസ് വാക്‌സിനേഷൻ ഹബ്' വഴി ലഭ്യമാക്കുന്നതിലൂടെ വാക്‌സിൻ വിതരണത്തിന് വേഗത കൂടുമെന്ന് പ്രീമിയർ പറഞ്ഞു. ബാക്കിയുള്ള 30,000 വാക്‌സിനേഷൻ 100 ഓളം വരുന്ന മറ്റ് കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത് .
എന്നാൽ ഫെഡറൽ സർക്കാർ ആവശ്യത്തിന് വാക്‌സിൻ ലഭ്യമാക്കിയാൽ മാത്രമാണ് ഈ പദ്ധതി വഴി വാക്‌സിനേഷൻ നല്കാൻ കഴിയുകയുള്ളൂ എന്ന് പ്രീമിയറും ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡും പറഞ്ഞു. വാക്‌സിൻ ലഭ്യമാക്കേണ്ടത് ഫെഡറൽ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യ മന്ത്രി ചൂണ്ടികാട്ടി.
ഇതിൽ തടസ്സം നേരിടുന്നു എന്നത് ഒരു വസ്‌തുതയാണെന്നും ആരുടെമേലും കുറ്റം ആരോപിക്കാനുള്ള ശ്രമമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂ സൗത്ത് വെയിൽസിൽ ചൊവാഴ്ച്ച 6,894 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതുവരെ ന്യൂ സൗത്ത് വെയിൽസിൽ 134,323 പേർ വാക്‌സിൻ സ്വീകരിച്ചതായാണ് കണക്കുകൾ.
സിഡ്‌നിയുടെ ഇന്നർ വെസ്റ്റിൽ ഹോംബുഷ് എന്ന സബർബിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ഹബിന്റെ നിർമ്മാണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു.
യൂറോപ്യൻ യൂണിയനിനെ വിമർശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി
ആസ്ട്രസെനക്ക വാക്‌സിൻ ഡോസുകൾ ഓസ്‌ട്രേലിയയിലേക്ക് വിതരണം ചെയ്യുന്നത് യൂറോപ്യൻ യൂണിയൻ തടസ്സപ്പെടുത്തിയതായി താൻ പറഞ്ഞിട്ടില്ല എന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി.
ആസ്ട്രസെനക്കയിൽ നിന്ന് ആകെ ലഭിക്കേണ്ട 3.8 മില്യൺ ഡോസ് വാക്‌സിൻ ഡോസുകളിൽ 3.1 മില്യൺ ഇതുവരെ ലഭിച്ചിട്ടില്ല എന്ന കാര്യമാണ് ചൊവാഴ്ച്ച വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഓസ്‌ട്രേലിയയിലെ വാക്‌സിൻ വിതരണത്തെ ബാധിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയനിനെ വിമർശിച്ചിട്ടില്ലെന്ന് അദ്ദേഹം ഇന്ന് വ്യക്തമാക്കി.

Prime Minister Scott Morrison at a press conference at Parliament House in Canberra. Source: AAP
അടിയന്തരമായി ഓസ്‌ട്രേലിയിലേക്ക് ഒരു മില്യൺ ഡോസ് വാക്‌സിൻ എത്തിക്കുന്നത് ആവശ്യപ്പെട്ട് കൊണ്ട് ആസ്ട്രസെനക്ക അധികൃതർക്ക് കത്ത് എഴുതുന്ന കാര്യം പരിഗണിക്കുന്നതായി സ്കോട്ട് മോറിസൺ പറഞ്ഞു.