വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാൻ സംസ്ഥാനത്തെ റോഡുകളിൽ ഈ വര്ഷം ജനുവരി മുതൽ ജൂൺ വരെ ഹൈ ഡെഫനിഷൻ ക്യാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു.
ഇതുവഴി ഒരു ലക്ഷത്തിലധികം പേർ സംസ്ഥാനത്ത് വാഹനം ഓടിക്കുന്നതിനിടെ സന്ദേശങ്ങൾ അയയ്ക്കാനും, ഫോൺ കോളുകൾ ചെയ്യാനും, സമൂഹമാധ്യമങ്ങൾ നോക്കാനും മറ്റുമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനെത്തുടർന്നാണ് ഡിസംബർ ഒന്ന് മുതൽ സംസ്ഥാനത്തെ റോഡുകളിൽ മൊബൈൽ ഉപയോഗം കണ്ടെത്താനുള്ള ക്യാമറകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.
ന്യൂ സൗത്ത് വെയിൽസിലെ റോഡുകളിൽ ക്യാമറകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ നീക്കം ചെയ്യാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് റോഡുകളിൽ ഹൈ ഡെഫനിഷൻ ക്യാമറകൾ സ്ഥാപിക്കാനുള്ള സർക്കാർ നീക്കം.
എന്നാൽ എവിടെയൊക്കെയാണ് ക്യാമറകൾ സ്ഥാപിക്കുന്നതെന്ന കാര്യം സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
വാഹനം ഡ്രൈവ് ചെയ്യുന്നയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഇതിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഇത് പകർത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന വിധത്തിലാകും ഈ ഹൈ ഡെഫനിഷൻ ക്യാമറകൾ. മുൻ പാസഞ്ചർ സീറ്റിലിരിക്കുന്നയാളുടെ ചിത്രങ്ങൾ ക്യാമറ പകർത്തില്ല.
ഈ ക്യാമറകൾക്കും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കില്ലെന്ന് NSW റോഡ് ഗതാഗത മന്ത്രി ആൻഡ്രൂ കോൺസ്റ്റൻസ് സ്ഥിരീകരിച്ചു.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഏതു നിമിഷവും പിടിക്കപ്പെടാമെന്ന ചിന്ത ആളുകളിൽ ഉണ്ടാവണം. അതുകൊണ്ടുതന്നെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
നിയമം ലംഘിച്ചാൽ കഠിന പിഴ
ക്യാമറകൾ സ്ഥാപിച്ച ആദ്യ മൂന്ന് മാസങ്ങളിൽ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയാലും പിഴ ഈടാക്കുകയില്ല. പകരം നിയമം ലംഘിക്കുന്നവർക്ക് മുന്നറിയിപ്പായി ഒരു കത്ത് അയയ്ക്കും.
ഇതിന് ശേഷം നിയമം ലംഘിച്ചാൽ 344 ഡോളറാണ് പിഴ. കൂടാതെ അഞ്ച് ഡീമെറിറ്റ് പോയിന്റുകളും ഉണ്ടാകും.
മാത്രമല്ല, സ്കൂൾ പരിസരത്ത് വച്ചാണ് നിയമം ലംഘിക്കുന്നതെങ്കിൽ 457 ഡോളറാണ് പിഴ.
ഇതിന് പുറമെ ഡബിൾ ഡീമെറിറ്റ് പോയിന്റുകൾ ഉള്ള പൊതുഅവധി ദിവസങ്ങളായ ഡിസംബർ 20 മുതൽ ജനുവരി അഞ്ച് വരെയുള്ള കാലയളവിൽ നിയമം ലംഘിക്കുന്നവർക്ക് 10 ഡീമെറിറ്റ് പോയിന്റുകളാകും ലഭിക്കുക.
മറ്റ് സംസ്ഥാനങ്ങളിലും ക്യാമറ സ്ഥാപിക്കാൻ പദ്ധതി
ന്യൂ സൗത്ത് വെയിൽസിന് പുറമെ മറ്റെല്ലാ സംസ്ഥാനങ്ങളും ടെറിറ്ററികളും ഹൈ ഡെഫനിഷൻ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിനായി വിവിധ സർക്കാരുകൾ ന്യൂ സൗത്ത് വെയിൽസ് സർക്കാരുമായി ചർച്ചകൾ നടത്തി വരികയാണ്.
അപകടകരമായി വാഹനം ഓടിക്കുന്നതിന് കടിഞ്ഞാണിടാൻ 120 മില്യൺ ഡോളറിന്റെ ഫണ്ടിംഗാണ് വിക്ടോറിയ അനുവദിച്ചിരിക്കുന്നത്. ഇതുവഴി സംസ്ഥാനത്തെ റോഡുകളിൽ സ്പീഡ് ക്യാമറകളുടെ എണ്ണം 75 ശതമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ പദ്ധതി. കൂടാതെ മൊബൈൽ ഫോൺ ഡിറ്റക്ഷൻ ക്യാമറകളും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
ക്വീൻസ്ലാന്റും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തുകയും ക്യാമറകൾ സ്ഥാപിക്കുന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് ഓസ്ട്രേലിയ, വെസ്റ്റേൺ ഓസ്ട്രേലിയ, നോർതേൺ ടെറിട്ടറി, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിലും ഇവ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണ്.