Highlights
- NSWൽ സ്പീഡ് ക്യാമറ മുന്നറിയിപ്പ് ബോർഡുകൾ ഒഴിവാക്കാൻ തീരുമാനിച്ചു
- 12 മാസത്തിനുള്ളിൽ മാറ്റം നടപ്പിലാക്കും
- മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചും വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷയും കഠിനമാക്കും
റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പീഡ് ക്യാമറ മുന്നറിയിപ്പ് ബോർഡുകൾ നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
റോഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾക്കല്ല മറിച്ച് റോഡരികിൽ കിടക്കുന്ന പോലീസ് വാഹനത്തിലുള്ള ക്യാമറകൾക്കായുള്ള മുന്നറിയിപ്പ് ബോർഡുകളാണ് ഒഴിവാക്കുന്നത്.
മൊബൈൽ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിന് 250 മീറ്റർ മുൻപും 50 മീറ്റർ മുൻപുമാണ് വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ബോർഡുകൾ ഉള്ളത്.
ഇത് സംബന്ധിച്ച നിയമം പാസാകാൻ വെറും ഒമ്പത് മാസം കൊണ്ട് സാധിച്ചുവെന്ന് NSW ഗതാഗത മന്ത്രി ആൻഡ്രൂ കോൺസ്റ്റൻസ് പറഞ്ഞു.
12 മാസത്തിനുള്ളിൽ ഈ മാറ്റം നടപ്പിലാക്കാനാണ് സർക്കാർ പദ്ധതി.
സംസ്ഥാനത്ത് സ്പീഡ് ക്യാമറകൾ ഒഴിവാക്കുന്നതിന് പുറമെ മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചും വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ കഠിനമാക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
അടുത്ത വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 11,000 ഡോളർ വരെ പിഴയും, ജയിൽ ശിക്ഷയും, ആജീവനാന്തം ഡ്രൈവ് ചെയ്യാനുള്ള അനുമതി റദ്ദാക്കുകയും ചെയ്യുന്ന വിധത്തിലാകും ശിക്ഷ.
സംസ്ഥാനത്തെ റോഡ് സുരക്ഷക്കായി 648 മില്യൺ ഡോളർ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നാലെയാണ് മുന്നറിയിപ്പ് ബോർഡുകൾ ഒഴിവാക്കാനുള്ള തീരുമാനവും.
2015 മുതൽ മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചും വാഹനം ഓടിച്ചത് വഴി നൂറിലേറെ ഗുരുതര അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതേതുടർന്ന് 98 പേർ മരണമടയുകയും 52 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മുന്നറിയിപ്പ് ബോർഡുകൾ ഒഴിവാക്കുന്നത് വഴി വർഷം 43 പേരുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നും 600 ഓളം പേർക്ക് ഗുരുതര പരിക്കുകൾ ഉണ്ടാകുന്നത് തടയാൻ കഴിയുമെന്നുമാണ് മൊണാഷ് സർവകലാശാല ആക്സിഡന്റ് റിസേർച് സെന്റര് നടത്തിയ പഠനം സൂചിപ്പിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിലെ ഓട് ലാന്റ്സിൽ മദ്യപിച്ച് ഓടിച്ച വാഹനം ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയും ഒരു കുടുംബത്തിലെ നാല് കുട്ടികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവമാണ് റോഡ് നിയമത്തിൽ ഈ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിന് പ്രേരണയായത്.