വിക്ടോറിയയില്‍ കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ ജൂലൈ എട്ടു മുതലാണ് NSWമായുള്ള അതിര്‍ത്തികള്‍ അടച്ചിട്ടത്.
ന്യൂ സൗത്ത് വെയില്‍സുകാരോട് വിക്ടോറിയയിലേക്ക് യാത്ര ചെയ്യരുത് എന്ന് നിര്‍ദ്ദേശിച്ച പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍, വിക്ടോറിയക്കാര്‍ക്ക് പ്രവേശനം തടയുകയും ചെയ്തു.
നൂറു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്ത്തി ആദ്യമായി അടച്ചത്.
വിക്ടോറിയയില്‍ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ, നാലര മാസത്തിനു ശേഷം അതിര്‍ത്തി തുറക്കാനാണ് ന്യൂ സൗത്ത് വെയില്‍സ് സര്ക്കാരിന്റെ തീരുമാനം.
നവംബര്‍ 23 അര്‍ദ്ധരാത്രി മുതല്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലെ അതിര്‍ത്തി തുറക്കും
അതിനു ശേഷം ഇരു ഭാഗത്തേക്കും സ്വതന്ത്രമായി യാത്ര ചെയ്യാമെന്നും, ക്വാറന്റൈന്‍ നിബന്ധനകള്‍ ഉണ്ടാകില്ലെന്നും പ്രീമിയര്‍ ഗ്ലാഡിസ് ബെറജെക്ലിയന്‍ പ്രഖ്യാപിച്ചു.
ക്രിസ്ത്മസ് അവധിക്കാലം മുന്നില്‍ക്കണ്ട് ജനങ്ങള്‍ക്ക് യാത്രാ പദ്ധതികള്‍ തയ്യാറാക്കാനായാണ് അതിര്‍ത്തി തുറക്കുന്ന കാര്യം ഇപ്പോള്‍ പ്രഖ്യാപിക്കുന്നതെന്നും പ്രീമിയര്‍ പറഞ്ഞു.

NSW Premier Gladys Berejiklian Source: AAP
വിക്ടോറിയയില്‍ മെല്‍ബണും ഉള്‍നാടന്‍ പ്രദേശങ്ങളുമായുള്ള യാത്രാ നിയന്ത്രണങ്ങള്‍ നവംബര് എട്ടിനാണ് അവസാനിക്കുന്നത്.
അതു കഴിഞ്ഞ് 14 ദിവസത്തിനു ശേഷമായിരിക്കും നവംബര്‍ 23ന് NSW അതിര്‍ത്തി തുറക്കുക.
വിക്ടോറിയക്കാര്‍ക്ക് NSWക്കുള്ളില്‍ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി ബ്രാഡ് ഹസാര്‍ഡ് പറഞ്ഞു.
വിക്ടോറിയയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ മൂന്ന് പ്രാദേശിക രോഗബാധകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തേ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ് ഇത്.
അതിര്‍ത്തി തുറക്കാനുള്ള തീരുമാനത്തെ വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് സ്വാഗതം ചെയ്തു.
എന്നാല്‍, ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലല്ലാതെ ക്രിസ്ത്മസ് കാലത്തും സിഡ്‌നിയിലേക്ക് യാത്ര ചെയ്യരുതെന്ന് വിക്ടോറിയക്കാരോട് ഡാനിയല്‍ ആന്‍ഡ്ര്യൂസ് ആവശ്യപ്പെട്ടു.
വേനലവധി ആഘോഷിക്കാന്‍ വിക്ടോറിയയ്ക്കുള്ളില്‍ തന്നെ നിരവധി അവസരങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.