വിക്ടോറിയയിൽ 22 പ്രാദേശിക വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതിൽ എട്ട് പേർ സമൂഹത്തിൽ സജീവമായിരുന്നു.
മെൽബണിൽ നിയന്ത്രണങ്ങൾ ലംഘിച്ച് നിരവധി പേർ പങ്കെടുത്ത ആഘോഷത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. ഇതിൽ രണ്ട് രോഗബാധിതരും പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.
മെൽബണിൽ ലോക്ക്ഡൗൺ രണ്ടാം ആഴ്ചയിലേക്ക് കടന്നെങ്കിലും കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നില്ല.
ഇതെത്തുടർന്ന് മെൽബണിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു.
വ്യാഴാഴ്ച മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.
കൂടാതെ, ഇന്ന് (തിങ്കളാഴ്ച) അർദ്ധരാത്രി മുതൽ കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തും.
മെൽബണിൽ രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് മണി വരെ കർഫ്യു ഏർപ്പെടുത്തുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു. മാത്രമല്ല, തൊഴിലിടങ്ങളിലേക്ക് പോകാൻ വർക്ക് പെർമിറ്റും നിർബന്ധമാക്കി. കൂടാതെ പ്ലെഗ്രൗണ്ടുകളും അടയ്ക്കും.
ന്യൂ സൗത്ത് വെയിൽസ്
ന്യൂ സൗത്ത് വെയിൽസിലെ കൊവിഡ്ബാധ വീണ്ടും പുതിയ റെക്കോർഡിലെത്തിയിരിക്കുകയാണ്. 478 പ്രാദേശിക വൈറസ്ബാധയാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
സംസ്ഥാനം പൂർണമായും ലോക്ക്ഡൗൺ ചെയ്ത് രണ്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കേസുകൾ വീണ്ടും കുതിച്ചുയർന്നത്.
രാജ്യത്ത് മഹാമാരി തുടങ്ങിയ ശേഷം NSWൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിത്.
കഴിഞ്ഞ 24 മണിക്കൂറിൽ എട്ട് കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
15 വയസ്സുള്ള ഒരു ടീനേജുകാരൻ ഉൾപ്പെടെയാണിത്. 80ന് മേൽ പ്രായമായ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും, 70 വയസ്സിന് മേൽ പ്രായമായ ഒരു പുരുഷനും ഒരു സ്ത്രീയും, 40ന് മേൽ പ്രായമായ ഒരു സ്ത്രീയുമാണ് വൈറസ്‌ബാധിച്ച് മരണമടഞ്ഞത്.
കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 18,000 പോലീസുകാരെയും 1,800 പ്രതിരോധസേനാംഗങ്ങളെയും സിഡ്‌നിയിലെ നിരത്തുകളിൽ വിന്യസിക്കുമെന്ന് NSW പോലീസ് കമ്മിഷണർ മൈക്ക് ഫുള്ളർ അറിയിച്ചു.
നിയന്ത്രണങ്ങൾ ലംഘിച്ച 500 പേരിൽ നിന്നാണ് ഞായറാഴ്ച രാത്രി പിഴ ഈടാക്കിയത്.
ഡാർവിനും ലോക്ക്ഡൗണിൽ
സിഡ്‌നിയിൽ നിന്നുള്ള ഒരു രോഗബാധിതർ ഡാർവിൻ എത്തിയതിന് പിന്നാലെ ഗ്രെയ്റ്റർ ഡാർവിൻ, കാതറിൻ പ്രദേശങ്ങൾ ലോക്ക്ഡൗൺ ചെയ്യാൻ തീരുമാനിച്ചു.
ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് ഡാർവിൻ സമയം പന്ത്രണ്ടര മുതൽ വ്യാഴാഴ്ച ഉച്ചവരെയാണ് ലോക്ക്ഡൗൺ.
ഡാർവിനിൽ മൂന്ന് ദിവസങ്ങൾ ചിലവഴിച്ച ശേഷം രോഗബാധിതൻ കാതറിനിലേക്ക് പോയിരുന്നു.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നാലാം ദിവസം പിന്നിടുമ്പോൾ, കാൻബറയിൽ 19 പുതിയ കോവിഡ് ബാധയാണ് പുതുതായി സ്ഥിരീകരിച്ചത്.
ലിനെം ഹൈ സ്കൂളിലെ ഒരു വിദ്യാർത്ഥിയാണ് ഇതിലൊന്ന്. ഇതോടെ ടെറിട്ടറിയിൽ ആകെ കേസുകളുടെ എണ്ണം 28 ആയി.