അമിത വേഗതയിൽ വാഹനം ഓടിച്ചതിന് 25 തവണ പിഴ ശിക്ഷ ലഭിക്കുകയും വിവിധ റോഡ് നിയമ ലംഘനങ്ങൾക്ക് എട്ട് തവണ ശിക്ഷ നേരിടുകയും ചെയ്ത സോഗിർ അഹമ്മദ് എന്ന ബംഗ്ലാദേശി വംശജനാണ് അഡ്മിനിസ്‌ട്രേറ്റീവ് അപ്പീൽസ് ട്രൈബ്യുണൽ (AAT) പൗരത്വം നിരസിച്ചത്.
എല്ലാ കുറ്റങ്ങളും തുറന്ന് സമ്മതിച്ചുകൊണ്ട് മാർച്ച് 2017നാണ് അഹമ്മദ് പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ചത്. തനിക്ക് പക്വതയില്ലാത്ത പ്രായത്തിലാണ് ഈ കുറ്റകൃത്യങ്ങൾ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി നാഷണൽ പൊലീസ് സർട്ടിഫിക്കറ്റും ഉൾപ്പെടുത്തിയാണ് ഇയാൾ അപേക്ഷ സമർപ്പിച്ചത്.
എന്നാൽ ഇയാൾ നിരവധി റോഡ് നിയമ ലംഘനങ്ങൾ നടത്തിയെന്ന് മനസിലാക്കിയ ആഭ്യന്തര വകുപ്പ് ജനുവരി 2018ൽ അഹമ്മദിന് പൗരത്വം നിരസിച്ചിരുന്നു. ഇതിനെതിരെ ഇയാൾ അഡ്‌മിനിസ്‌ട്രേറ്റീവ് അപ്പീല്‍സ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ട്രൈബ്യൂണലും സര്‍ക്കാര്‍ തീരുമാനം ശരിവയ്ക്കുകയായിരുന്നു.
ജനുവരി 2009 മുതൽ ഒക്ടോബർ 2015 വരെയുള്ള കാലയളവിൽ അമിത വേഗത്തിൽ വണ്ടി ഓടിച്ചതിന് 5,500 ഡോളർ ആണ് ഇയാൾ പിഴയായി നൽകിയിട്ടുള്ളത്. മാത്രമല്ല, ഈ സമയത്ത് കാലാവധി തീർന്ന ലൈസൻസ് ഉപയോഗിച്ച് നാല് തവണ വാഹനം ഓടിച്ചതായി കണ്ടെത്തുകയും, ഒരു തവണ പിടിക്കപ്പെടുമ്പോൾ ഇയാളുടെ രക്തത്തിൽ കഞ്ചാവിന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതേതുടർന്ന് പിഴ ഈടാക്കുകയും ഇയാളുടെ ലൈസെൻസ് റദ്ദാക്കുകയും ചെയ്തിരുന്നു.
കൂടാതെ, ലൈസൻസ് റദ്ദാക്കിയ സാഹചര്യത്തിൽ വണ്ടി ഓടിക്കുക, റെഡ് ലൈറ്റുകൾ മറികടക്കുക, അപകടമുണ്ടാക്കിയ ശേഷം വിവരങ്ങൾ പൊലീസിന് നൽകാതിരിക്കുക തുടങ്ങിയ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിരുന്നു.
എന്നാൽ നിരവധി തവണ അമിത വേഗതയിൽ വണ്ടി ഓടിച്ചിട്ടില്ലെന്നും നാലോ അഞ്ചോ തവണ മാത്രമേ പിഴ അടയ്‌ക്കേണ്ടി വന്നിട്ടുള്ളുവെന്നും അഹമ്മദ് ട്രൈബ്യുണലിനോട് പറഞ്ഞു.
ഈ കുറ്റകൃത്യങ്ങളെല്ലാം നിസാരമായാണ് അഹമ്മദ് കണക്കാക്കിയിരിക്കുന്നതെന്നും ഓസ്‌ട്രേലിയൻ നിയമത്തെ നിസ്സാരവൽക്കരിക്കരിച്ച് കാണുകയും തുടർച്ചയായി അവഗണിക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി AAT യിലെ മുതിർന്ന അംഗമായ ക്രിസ് പപ്ലിക്ക്, അഹമ്മദിന്റെ പൗരത്വം നിരസിച്ചു.

Source: Pixabay
മാത്രമല്ല ഇയാൾ മറ്റുള്ള ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരു ഭീഷണിയാണെന്നും ട്രൈബ്യുണൽ ചൂണ്ടിക്കാട്ടി.
"ഓസ്‌ട്രേലിയൻ നിയമങ്ങൾ പാലിക്കുക എന്നത് ഏതൊരു പൗരന്റെയും ഉത്തരവാദിത്വമാണ്. രാജ്യം ഇത് എല്ലാ പൗരന്മാരിൽ നിന്നും പ്രതീക്ഷിക്കയും ചെയ്യുന്നു," ക്രിസ് പപ്ലിക്ക് വ്യക്തമാക്കി.
"എന്നാൽ തുടർച്ചയായി അഹമ്മദ് നിയമങ്ങൾ ലംഘിക്കുകയും, അവഗണിക്കുകയും ചെയ്തതിനാൽ ഓസ്‌ട്രേലിയൻ പൗരത്വം നേടാനുള്ള അർഹത അഹമ്മദിനില്ല. മാത്രമല്ല, ഓസ്‌ട്രേലിയൻ നിയമത്തോട് വേണ്ട ആദരവ് കാട്ടിയില്ല," ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ക്രിസ് പപ്ലിക്ക് ഇയാളുടെ പൗരത്വ അപേക്ഷ നിരസിക്കുകയായിരുന്നു.
വർഷങ്ങളോളം റോഡ് നിയമങ്ങൾ എല്ലാം പാലിച്ചുകൊണ്ട് അഹമ്മദ് ഉത്തരവാദിത്വമുള്ള ഒരു ഡ്രൈവർ ആയി എന്ന് ട്രൈബ്യുണലിന് ബോധ്യപ്പെടണം. ഇതിന് ശേഷം അഹമ്മദ് സമർപ്പിക്കുന്ന പുതിയ അപേക്ഷ ട്രൈബ്യുണൽ പുനഃപരിശോധിക്കുമെന്നും പപ്ലിക്ക് പറഞ്ഞു.