സിഡ്‌നിയിലെ ലിവർപൂൾ ആശുപത്രിയിൽ നഴ്‌സായ ഉഗേന്ദ്ര സിംഗാണ് (45) ഭാര്യക്ക് വിഷം നൽകിയതായി പൊലീസ് ആരോപിക്കുന്നത്. ഭാര്യ ജോതിക ലത നൽകിയ പരാതിയെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഉഗേന്ദ്ര സിംഗിന് കോടതി ജാമ്യം നിഷേധിച്ചു.
പടിഞ്ഞാറൻ സിൻഡിയിലെ ഹെബർഷാമിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ജോതികയും നഴ്സായാണ് ജോലി ചെയ്യുന്നത്.
രാവിലെ പതിനൊന്ന് മണിയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട ജോതിക ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കൊറോണബാധയുടെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ പോകുന്നത് സുരക്ഷിതമല്ലെന്ന് ഇയാൾ ചൂണ്ടിക്കാട്ടി.
തടുർന്ന്, ശരീരത്തിലെ നിർജ്ജലീകരണം പരിഹരിക്കാനുള്ള ഡ്രിപ്പ് എന്ന പേരിൽ ഇയാൾ ബോധരഹിതയാക്കാനുള്ള മരുന്ന് നൽകി എന്നാണ് ആരോപണം.
ഉഗേന്ദ്ര മരുന്ന് നൽകിയതിനെത്തുടർന്ന്എട്ടു മണിക്കൂറോളം ജോതിക ബോധരഹിതയായതായി പോലീസ് പറയുന്നു.
രാത്രി ഏഴു മണിയോടെ ബോധം വീണ്ടുകിട്ടിയ ഇവർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ ഇവരെ ബ്ലാക്ക് ടൗൺ ആശുപത്രിയിലെത്തിച്ചു.
ഇവരുടെ ഹെബർഷാമിലെ വീട് പരിശോധിച്ച പൊലീസ് പ്രൊപഫോൾ എന്ന മരുന്ന് അടങ്ങിയ നിരവധി കുപ്പികളും ആശുപത്രി ഉപകരണങ്ങളും കണ്ടെടുത്തു. പ്രതി ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് മോഷ്ടിച്ചതാകാം ഈ മരുന്നുകൾ എന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവത്തെത്തുടർന്ന് അറസ്റ്റിലായ ഉഗേന്ദ്ര സിംഗിനെതിരെ പൊലീസ് കേസെടുത്തു. ഗാർഹിക പീഡനം, വിഷം നൽകി ജീവൻ അപായപ്പെടുത്താൻ ശ്രമിക്കൽ തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ പെൻറിത് ലോക്കൽ കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം നിഷേധിച്ചു. കേസിന്റെ തുടർ നടപടികൾക്കായി ജൂലൈ രണ്ടിന് ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.