മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
മെൽബണിലെ വെറിബീയിലുള്ള സെയ്ന്റ് വിൻസെന്റ് ഏജ്ഡ് കെയറിലാണ് വാക്‌സിൻ ഉപയോഗശൂന്യമായെന്ന സംശയത്തെത്തുടർന്ന് ഉപേക്ഷിച്ചത്.
ആസ്പെൻ മെഡിക്കൽ എന്ന കമ്പനിയാണ് ഇവിടെയുള്ളവർക്ക് വാക്‌സിൻ വിതരണം ചെയ്തത്. ഇതിന് ശേഷം ബാക്കി വന്ന 25 കുപ്പികളിലുള്ള വാക്‌സിൻ ഡോസുകൾ ഇവിടുത്തെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു.
എന്നാൽ ഇത് ശരിയായ താപനിലയിലാണോ സൂക്ഷിച്ചതെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വാക്‌സിന്റെ 120 ലേറെ ഡോസുകൾ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
ഇത് സംബന്ധിച്ച വിവരം കോമ്മൺവെൽത് വാക്‌സിൻ ഓപ്പറേഷൻ സെന്ററിൽ അസ്പൻ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. രണ്ട് മുതൽ എട്ട് ഡിഗ്രി വരെ താപനിലയിൽ അഞ്ച് ദിവസങ്ങൾ ഫൈസർ വാക്‌സിൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയുമെങ്കിലും ശരിയായ താപനിലയിലാണോ ഇത് സൂക്ഷിച്ചതെന്ന കാര്യം ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിനാൽ ബാക്കി വന്ന വാക്‌സിൻ ഡോസുകൾ കളയാനായിരുന്നു തീരുമാനമെന്നും ആസ്പൻറെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഫെഡറൽ ആരോഗ്യ മന്ത്രിയാണ് ഇത് സംബന്ധിച്ച കാര്യങ്ങളിൽ ഇടപെടുന്നതെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു.
രാജ്യത്ത് 90 ഏജ്ഡ് കെയർ കേന്ദ്രങ്ങൾ ഉൾപ്പെടെ ഇതുവരെ 23,000 പേർ വാക്‌സിൻ സ്വീകരിച്ചതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വെള്ളിയാഴ്ച രാവിലെ അറിയിച്ചിരുന്നു.
രാജ്യത്ത് തിങ്കളാഴ്ച വാക്‌സിൻ വിതരണം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ വീഴ്ചയായാണ് ഇതിനെ കണക്കാക്കുന്നത്.
ക്വീൻസ്ലാന്റിലെ ഒരു ഏജ്ഡ് കെയറിൽ രണ്ട് പേർക്ക് ഡോക്ടർ അധിക ഡോസ് നൽകിയത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ പരിശീലനം പൂർത്തിയാക്കാത്ത ഡോക്ടറാണ് വാക്‌സിൻ നൽകിയതെന്ന് കണ്ടെത്തിയിരുന്നു.