മാർച്ച് 15ന് ക്രൈസ്റ്റ് ചർച്ചിലെ മസ്ജിത് അൽ നൂർ പള്ളിയിലും, ലിൻവുഡ് മസ്ജിദിലും ഉണ്ടായ വെടിവയ്പ്പിലാണ് കൊടുങ്ങല്ലൂർ സ്വദേശിയായ അൻസി കരിപ്പക്കുളം അലിബാവ കൊല്ലപ്പെട്ടത്.
ഫോറൻസിക് പരിശോധനകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികളെല്ലാം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മൃതദേഹം വ്യാഴാഴ്ച രാവിലെ വിട്ടുകിട്ടിയതെന്ന് ക്രൈസ്റ്റ് ചർച്ചിലുള്ള അൻസിയുടെ അടുത്ത ബന്ധു ഫഹദ് ഇസ്മായിൽ പൊന്നത്ത് എസ് ബി എസ് മലയാളത്തെ അറിയിച്ചു.
മൃതദേഹം കേരളത്തിലെത്തിക്കുക എന്നതാണ് അടുത്ത നടപടി. എന്നാൽ എപ്പോൾ കൊണ്ടുപോകാൻ കഴിയുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ഫഹദ് പറഞ്ഞു.
എംബാം ചെയ്യുന്നതിനായി മൃതശരീരം ഫ്യൂണറൽ ഹോമിനെ ഏല്പിച്ചിരിക്കുകയായാണ്. ഇവർ തന്നെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രങ്ങളെല്ലാം നടത്തുകയെന്നും ഫഹദ് പറഞ്ഞു.
മൃതദേഹം എത്രയും വേഗം വിട്ടുകിട്ടാനുള്ള ന്യൂസിലന്റ് സർക്കാരിന്റെ പിന്തുണ വളരെ വലുതായിരുന്നു. തുടർനടപടികളെല്ലാം സുഗമമായിത്തന്നെ നടപ്പാക്കാമെന്ന് ഇന്ത്യൻ ഹൈ കമ്മീഷനും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഫഹദ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഇതേ പള്ളിയിലുണ്ടായിരുന്ന അൻസിയുടെ ഭർത്താവ് അബ്ദുൾ നാസർ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു.
സംഭവത്തിൽ ഇത് വരെ 50 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.