മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
OCI കാർഡുള്ളവർ ഇന്ത്യയിൽ പ്രവേശിക്കണമെങ്കിൽ പുതിയ പാസ്പോർട്ടിനൊപ്പം പഴയ പാസ്‌പോർട്ടും വേണമെന്ന നിബന്ധന എടുത്ത് മാറ്റുന്നതായി ഇന്ത്യൻ സർക്കാർ അറിയിച്ചു. മാർച്ച് 26ന് പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
2005 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിബന്ധനയിലാണ് മാറ്റം നടപ്പാക്കിയത്.
പഴയ പാസ്പോർട്ട് കൈവശം വയ്ക്കാത്തതിനെ തുടർന്ന് OCI കാർഡുടമകൾക്ക് ഇന്ത്യയിലേക്കുള്ള യാത്ര നിഷേധിച്ച പല റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
ഇനി മുതൽ പഴയ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയിട്ടുള്ള OCI കാർഡ് ഉപയോഗിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ പഴയ പാസ്പോർട്ട് കൈവശം വയ്‌ക്കേണ്ടതില്ല. എന്നാൽ പുതിയ പാസ്പോർട്ട് നിർബന്ധമായിരിക്കും എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഇതിന് പുറമെ, 20 വയസ്സിന് താഴെയും 50 വയസ്സിന് മുകളിലും പ്രായമുള്ളവർക്ക് OCI കാർഡ് പുതുക്കാൻ കൂടുതൽ സമയം അനുവദിക്കുമെന്നും ഇന്ത്യൻ സർക്കാർ അറിയിച്ചു.
കൊറോണവൈറസ് മഹാമാരിയുടെ സാഹചര്യത്തിൽ OCI കാർഡുകൾ പുതുക്കാൻ ജൂൺ 30 വരെ അനുവദിച്ചിരുന്ന സമയം 2021 ഡിസംബർ 31 വരെ നീട്ടുന്നതായി ഇന്ത്യൻ സർക്കാർ വ്യക്തമാക്കി. മഹാമാരിയുടെ സാഹചര്യത്തിൽ മുൻപ് പല തവണ നൽകിയ ഇളവാണ് ഇന്ത്യൻ സർക്കാർ കൂടുതൽ കാലത്തേക്ക് നീട്ടിയത്.
20 വയസ്സിന് താഴെ പ്രായമുള്ളവരും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും വിദേശ പാസ്പോർട്ട് പുതുക്കുമ്പോൾ OCI കാർഡും പുതുക്കണമെന്നാണ് 2005ൽ പ്രാബല്യത്തിൽ വന്ന നിയമത്തിലെ നിബന്ധന. മഹാമാരിയുടെ സാഹചര്യത്തിൽ ഇത് പ്രായോഗികമായ ബുദ്ധിമുട്ടുകൾക്ക് കാരണമായതിന് പിന്നാലെയാണ് ഇന്ത്യൻ സർക്കാർ കൂടുതൽ സമയ പരിധി അനുവദിച്ചിരിക്കുന്നത്.
ഇന്ത്യൻ സർക്കാർ പുറത്ത് വിട്ട വിശദാംശങ്ങൾ ഓസ്‌ട്രേലിയയിലെ എല്ലാ ഇന്ത്യൻ മിഷനുകൾക്കും അയച്ചതായി മെൽബണിലെ ഇന്ത്യൻ കോൺസൽ ജനറൽ രാജ് കുമാർ എസ് ബി എസ് പഞ്ചാബിയോട് സ്ഥിരീകരിച്ചു.
കൊവിഡ് മഹാമാരിയെ തുടർന്ന് OCI കാർഡുകൾ പുതുക്കാൻ കഴിയാതിരുന്നവർക്ക് ആശ്വാസമായിരിക്കുകയാണ് ഇന്ത്യൻ സർക്കാരിന്റെ ഈ വിവരങ്ങൾ.