ഇരട്ട പൗരത്വമുള്ളവര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുന്ന ഓസ്‌ട്രേലിയന്‍ ഭരണഘടനയിലെ 44ാം വകുപ്പ് ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (OCI) കാര്‍ഡുള്ള ഇന്ത്യന്‍ വംശജരെയും ബാധിക്കും.
OCI കാര്‍ഡുള്ള ഇന്ത്യന്‍ വംശജരെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കില്ലെന്ന് ഓസ്‌ട്രേലിയയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കി.
കഴിഞ്ഞ പാര്‍ലമെന്റില്‍ നിരവധി എം പിമാര്‍ക്കും സെനറ്റര്‍മാര്‍ക്കും ഇരട്ട പൗരത്വം മൂലം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ഈ സാഹജര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഏറെ ശ്രദ്ധാപൂര്‍വമാണ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.
വിക്ടോറിയയിലെ വില്‍സ് പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ വംശജ വൈശാലി ഘോഷിനെ ലിബറല്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഭരണഘടനയുടെ 44ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഇത്.
OCI കാര്‍ഡ് റദ്ദാക്കാത്തത് കാരണം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിച്ചില്ലെന്ന് പ്രമുഖ പാര്‍ട്ടികളിലൊന്നില്‍ സാധ്യതാ പട്ടികയിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ വംശജനും എസ് ബി എസ് പഞ്ചാബി പരിപാടിയോട് സ്ഥിരീകരിച്ചു.

Source: Public Domain
അതേസമയം, OCI കാര്‍ഡ് ഇതിനകം തന്നെ റദ്ദാക്കിയ ഇന്ത്യന്‍ വംശജര്‍ക്ക് സീറ്റ് ലഭിക്കുന്നുമുണ്ട്.
OCI കാര്‍ഡുള്ള ഇന്ത്യന്‍ വംശജരായ ഓസ്‌ട്രേലിയന്‍ പൗരന്‍മാരെ മത്സരിപ്പിക്കില്ലെന്ന് ലേബര്‍ പാര്‍ട്ടിയും ലിബറല്‍ പാര്‍ട്ടിയും എസ് ബി എസ് പഞ്ചാബിയോട് വ്യക്തമാക്കി.
OCI ഇരട്ട പൗരത്വമോ?
ഇരട്ട പൗരത്വം അനുവദിച്ചിട്ടില്ലാത്ത ഇന്ത്യയില്‍ അതിനു പകരമായി പ്രവാസികള്‍ക്ക് നല്‍കുന്ന സൗകര്യമാണ് OCI.
OCI കാര്‍ഡുള്ളവര്‍ക്ക് എത്രകാലം വേണമെങ്കിലും ഇന്ത്യയില്‍ ജീവിക്കാനും ജോലി ചെയ്യാനും കഴിയും. എന്നാല്‍, വോട്ടു ചെയ്യാനോ, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ, സര്‍ക്കാര്‍ ജോലികള്ക്ക് അപേക്ഷിക്കാനോ കഴിയില്ല.
ഫലത്തില്‍, OCI കാര്‍ഡുള്ള ഇന്ത്യന്‍ വംശജരായ ഓസ്‌ട്രേലിയക്കാര്‍ക്ക് രണ്ടു രാജ്യങ്ങളിലും ജനപ്രതിനിധികളാകാന്‍ കഴിയില്ല എന്നതാണ് സാഹചര്യം.

Source: Government of India
മറ്റൊരു നിയമപരമായ ചോദ്യവും ഇത് ഉയര്‍ത്തുന്നുണ്ട്.
ഇന്ത്യന്‍ വംശജര്‍ക്ക് മാത്രമല്ല, അവരുടെ ജീവിത പങ്കാളികള്‍ക്കും മക്കള്‍ക്കും OCI കാര്‍ഡ് നല്‍കാം എന്നതാണ് ഇന്ത്യയിലെ നിയമം.
അത്തരത്തില്‍ OCI കാര്‍ഡ് ലഭിച്ചവര്‍ക്ക് ഓസ്‌ട്രേലിയന്‍ ഭരണഘടനയുടെ 44ാം വകുപ്പ് ബാധകമാകുമോ എന്ന കാര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടില്ല.