ഇന്ത്യയിലെ പത്മ പുരസ്കാരങ്ങൾക്ക് സമാനമായ പുരസ്കാരങ്ങളാണ് ഓർഡർ ഓഫ് ഓസ്ട്രേലിയ. ഭാരതരത്നയ്ക്ക് സമാനമാണ് ഓസ്ട്രേലിയൻ ഓഫ് ദ ഇയർ പുരസ്കാരം.
മെൽബണിൽ ദന്ത ചികിത്സാ രംഗത്ത് നൽകി മികച്ച സംഭാവനകൾ കണക്കിലെടുത്താണ് പത്മശ്രീക്ക് സമാനമായ OAM പുരസ്കാരത്തിന് ഡോക്ടർ സജീവ് കോശിയെ തെരഞ്ഞെടുത്തത്. മെൽബണിലെ ഗ്രീൻസ്ബറോയിൽ താമസിക്കുന്ന അദ്ദേഹം, മുതിർന്ന സ്പെഷ്യലിസ്റ്റ് എൻഡോഡോൻറിസ്റ്റാണ്.
ഓസ്ട്രേലിയൻ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്ന ഓസ്ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേഷൻ അതോറിറ്റി അഥവാ AHPRA യുടെ ദേശിയ പ്ലാൻ അംഗമായും ഡെൻറൽ ബോർഡ് ഓഫ് ഓസ്ട്രേലിയ അംഗമായും നിയമിക്കപ്പെട്ട ഡോക്ടർ സജീവ് കോശി, വിക്ടോറിയൻ ആരോഗ്യമേഖലയിൽ വിവിധ മുതിർന്ന പദവികൾ വഹിച്ചിരുന്നു.
തിരുവനന്തപുരം കൈതമുക്കിൽ കുടുംബാംഗമാണ് ഡോക്ടർ കോശി. 2004ലാണ് അദ്ദേഹം ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. അതിന് മുന്പ് 13 വർഷക്കാലം കേരളാ ഡെൻറൽ കൌൺസിൽ പ്രസിഡൻറും ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡെൻറൽ കൌൺസിൽ പ്രസിഡൻറ് എന്ന റെക്കോർഡും ഡോക്ടർ കോശിക്ക് ലഭിച്ചിരുന്നു.
കഠിനപ്രയത്നവും ജോലിയോടുള്ള സമർപ്പണവുമുണ്ടെങ്കിൽ ഓസ്ട്രേലിയയിൽ എന്തു നേട്ടങ്ങൾ കൈയെത്തിപ്പിടിക്കാനും കഴിയും എന്നതിൻറെ തെളിവാണ് തന്റെ ഈ നേട്ടമെന്ന് ഡോക്ടർ സജീവ് കോശി എസ് ബി എസ് മലയാളത്തോട് പറഞ്ഞു. ഇത് എല്ലാ മലയാളികൾക്കും ഒരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

Family of Dr. Sajeev Koshy. From L to R: Dr Sajeev Koshy, Dr Jithin Sajeev, Sithara Sajeev, Selena Sajeev ( grand daughter) Dr Jeeson Sajeev and Rajini George Source: Supplied
സീനിയർ ഒക്യുപേഷണൽ തെറാപ്പിസ്റ്റായ രജനി ജോർജാണ് ഭാര്യ. മക്കളായ ജിതിൻ കോശി സജീവ് കാർഡിയോളജി സീനിയർ രജിസ്ട്രാറും, ജീസൻ ജോർജ് സജീവ് കൺസൽട്ടൻറ് എൻഡോഡോൻറിസ്റ്റുമാണ്.
ഡോക്ടർ സജീവ് കോശിയുമായുള്ള അഭിമുഖം ഈ വ്യാഴാഴ്ച (ജനുവരി 28) രാത്രി എട്ടു മണിക്ക് എസ് ബി എസ് മലയാളം റേഡിയോയിൽ കേൾക്കാം.