ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പത്തൊമ്പതുകാരിയുടെ വീട്ടിലെത്തിയതായിരുന്നു മൌലിന്‍ റാത്തോഡ് (25). പതിവായി ചാറ്റ് ചെയ്യാറുണ്ടായിരുന്ന ഇവര്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് മെല്‍ബണിലെ സണ്‍ബറിയിലുള്ള വീട്ടില്‍ കണ്ടുമുട്ടിയതെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ രാത്രി ഒമ്പതു മണിയോടെ ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു എന്ന അറിയിപ്പിനെത്തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗം സ്ഥലത്തെത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൌലിന്‍ രാത്രി തന്നെ മരിച്ചു.
സംഭവത്തിൽ വിക്ടോറിയ പോലീസ് പത്തൊമ്പതുകാരിയായ യുവതിയെ അറസ്റ്റ് ചെയ്തു. മനപ്പൂർവ്വമായി ഗുരുതരമായി പരുക്കേൽപ്പിച്ചു എന്ന കുറ്റമാണ് ഇവർക്ക് നേരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. എന്നാൽ ഇവർക്കെതിരെ കൊലപാതക ശ്രമത്തിനു കേസ് ചാർജ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

സർക്കാറിന്റെ റസിഡൻഷ്യൽ കെയർ സഹായം ഈ യുവതിക്ക് ലഭിക്കുന്നുണ്ടായിരുന്നു. ഇവരുടെ വീട്ടിൽ ബഹളങ്ങൾ പതിവായിരുനെന്നും പലപ്പോഴും പോലീസ് ഇവരുടെ വീട്ടിൽ എത്താറുണ്ടായിരുനെന്നും അയൽക്കാർ ചൂണ്ടിക്കാട്ടി.
മൌലിൻ റാത്തോഡ് ചാൾസ് സ്റ്റുവാർറ്റ് യൂണിവേഴ്സിറ്റിയിൽ അക്കൗണ്ടൻറ് വിദ്യാർത്ഥിയാണ്. മാതാപിതാക്കളുടെ ഏക മകനായ മൌലിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തുകയാണ് സുഹൃത്തുക്കൾ.

