ഓസ്‌ട്രേലിയയുടെ പലയിടങ്ങളിലും കൊവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. ഒമിക്രോൺ BA.2 എന്ന ഉപവകഭേദം അതിവേഗം പടരുന്നതായാണ് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്.
ന്യൂ സൗത്ത് വെയിൽസിൽ 10,689 കൊവിഡ് കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്.
ഓസ്‌ട്രേലിയയിൽ കേസുകൾ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നാണ് NSW സർവകലാശാല നടത്തിയ പഠനം നൽകുന്ന സൂചന. അടുത്ത നാല് മുതൽ ആറാഴ്ചക്കുള്ളിൽ ഇത് സംഭവിക്കാമെന്നതാണ് പഠനത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
കേസുകൾ കുത്തനെ ഉയരുന്ന പ്രവണത കാണുന്നുണ്ടെങ്കിലും വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് പറഞ്ഞു.
ആളുകൾക്ക് ലോക്ക്ഡൗണുകൾ മതിയായെന്ന് ഹസാഡ് എ ബി സിയോട് പറഞ്ഞു.
എന്നാൽ മാസ്ക് ഉപയോഗിക്കുന്നതും സോപ്പുവെള്ളത്തിൽ കൈ കഴുകുന്നതും പോലെയുള്ള കൊവിഡ് സുരക്ഷാ നടപടികൾ സ്വീകരിക്കാൻ പൊതുജനം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വേഗത്തിൽ പടരുന്നുണ്ടെങ്കിലും BA.2 എന്ന ഉപവകഭേദത്തിന് ഒമിക്രോണിനേക്കാൾ തീവ്രത കുറവാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ എന്ന് സൗത്ത് ഓസ്‌ട്രേലിയ സർവകലാശാലയിലെ എപ്പിഡീമിയോളജിസ്റ്റ് പ്രൊഫസർ അഡ്രിയാൻ എസ്റ്റെർമാൻ ചൂണ്ടിക്കാട്ടി.
2021 നവംബറിൽ ഫിലിപ്പീൻസിൽ ആദ്യമായി സ്ഥിരീകരിച്ച BA.2 ഇതിനോടകം 57 രാജ്യങ്ങളിലേക്ക് പടർന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ ഇപ്പോഴുള്ള ആകെ കൊവിഡ് കേസുകളിൽ നാലിലൊന്നും ഒമിക്രോൺ BA.2 കേസുകളാണെന്ന് കരുതുന്നതായി പ്രൊഫസർ എസ്റ്റെർമാൻ പറഞ്ഞു.
വിക്ടോറിയയിലും കേസുകൾ കൂടിയിട്ടുണ്ട്. 7,460 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
ക്വീൻസ്ലാന്റിൽ 5,589 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 5,377 കേസുകൾ റിപ്പോർട്ട് ചെയ്തു. സൗത്ത് ഓസ്‌ട്രേലിയയിൽ 2,380 കേസുകൾ കൂടി രേഖപ്പെടുത്തി.
ഓസ്‌ട്രേലിയയിൽ പുതിയ 24 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ന്യൂ സൗത്ത് വെയിൽസിൽ ആറു മരണങ്ങളും വിക്ടോറിയയിൽ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ക്വീൻസ്ലാന്റിൽ 10 പേർ മരിച്ചു. സൗത്ത് ഓസ്‌ട്രേലിയയിൽ മൂന്ന് മരണങ്ങളും ACT യിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.