ഓസ്‌ട്രേലിയില്‍ ഓണമാഘോഷിക്കാന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അത്തപ്പൂക്കളം.
സിഡ്‌നിയുടെ നോര്‍ത്ത് ഷോര്‍ മേഖലയിലുള്ള ലെയ്ന്‍ കോവ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍, ലെയ്ന്‍ കോവ് ലൈബ്രറിയിലാണ് ഓണപ്പൂക്കളമൊരുക്കിയത്. ലോവര്‍ നോര്‍ത്ത് ഷോര്‍ മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് കൗൺസിൽ വേദിയിൽ പൂക്കളമിട്ടത്.
കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബറില്‍ നടക്കുന്ന ലെയ്ന്‍ കോവ് ഫെസ്റ്റിവലിന്റെ തുടക്കത്തോടനുബന്ധിച്ചായിരുന്നു ഇത്. കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വസന്തകാല ഉത്സവമാണ് ലെയ്ന്‍ കോവ് ഫെസ്റ്റിവല്‍.

Source: Supplied
മലയാളികളുടെ കൊയ്ത്തുകാല ഉത്സവമായ ഓണം ഇത്തവണ ലെയ്ന്‍ കോവ് ഫെസ്റ്റിവലിന് ഒപ്പമാണെന്നും, അതിനാലാണ് ഓണപ്പൂക്കളവും ഫെസ്റ്റിവലിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയതെന്നും ലെയ്ന്‍ കോവ് കൗണ്‍സില്‍ ഫെസ്റ്റിവൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
ലെയ്ൻ കോവിലും സമീപപ്രദേശങ്ങളിലും ജീവിക്കുന്ന നിരവധി മലയാളി കുടുംബങ്ങള്‍ ചേര്‍ന്നാണ് ഓഗസ്റ്റ് 30 വെള്ളിയാഴ്ച പൂക്കളം തയ്യാറാക്കിയത്. പൂക്കളത്തിന്റെ ചെലവ് പൂര്‍ണമായും കൗണ്‍സിലാണ് വഹിച്ചതെന്ന് ഫെസ്റ്റിവല്‍ കമ്മിറ്റി അംഗമായ ബാലു മൂത്തേടത്ത് പറഞ്ഞു.
ലെയ്ന്‍ കോവ് മേയര്‍ പാം പാമര്‍ ഉള്‍പ്പെടെ നിരവധി കൗണ്‍സിലര്‍മാര്‍ പൂക്കളം കാണാനും അവിടെ നിന്ന് ചിത്രമെടുക്കാനും എത്തിയിരുന്നു.

Source: Supplied
ന്യൂ സൗത്ത് വെയിൽസിൽ ഏറ്റവുമധികം പേർ എത്തുന്ന ലൈബ്രറികളിലൊന്നാണ് ലൈൻ കോവ് ലൈബ്രറി. തിരക്കേറിയ സമയത്ത് ലൈബ്രറി ഹോളിൽ പൂക്കളമിടുന്നത് കണ്ട് ഒട്ടേറെ പേരാണ് ഇതേക്കുറിച്ച് ചോദിച്ചതെന്ന് പൂക്കളമിട്ടതിൽ പങ്കാളിയായ രമേശ് ആർ വി പറഞ്ഞു. കാണാനെത്തിയ ഭൂരിഭാഗം പേരും പൂക്കളത്തിന്റെ മുന്നില്‍ നിന്ന് ചിത്രങ്ങളെടുത്താണ് മടങ്ങിയത്.

Source: Supplied
നാലു ദിവസം ലൈബ്രറിയിൽ ഈ പൂക്കളമുണ്ടായിരുന്നു.
പൊതുവെ മലയാളികള്‍ എണ്ണത്തില്‍ കുറഞ്ഞ ലെയ്ന്‍ കോവ് മേഖലയില്‍, മുഖ്യധാരാ സമൂഹവുമായി കൂടുതല്‍ അടുപ്പമുണ്ടാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇതിലൂടെ കഴിഞ്ഞുവെന്ന് ബാലു മൂത്തേടത്ത് ചൂണ്ടിക്കാട്ടി.
സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പരസ്പരധാരണ ഊട്ടിയുറപ്പിക്കാൻ എങ്ങനെ കഴിയും എന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു ഓണപ്പൂക്കളം എന്ന് ലെയ്ൻ കോവ് കൗൺസിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.