ക്വീൻസ്ലാന്റിലെ ടൂവൂംബയ്ക്കടുത്ത് വ്യാഴാഴ്ച രാവിലെ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതിയും കുട്ടിയും മരിച്ചിരുന്നു.
ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ച് സ്വദേശികളായിരുന്ന ബിബിനും ഭാര്യ ലോട്സിയും മൂന്ന് മക്കളും യാത്ര ചെയ്തിരുന്ന വാഹനമാണ് ട്രക്കുമായി കൂട്ടിയിടിച്ചത്.
35 വയസുള്ള ലോട്സിയും മകളും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
കാറിലുണ്ടായിരുന്ന ബിബിനെയും മറ്റു രണ്ടു ആൺകുട്ടികളെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടു കുട്ടികളുടെയും നില ഗുരുതരമാണ് എന്നായിരുന്നു ഇന്നലെയുള്ള റിപ്പോർട്ടുകൾ.
ഇതിൽ ഇളയ കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ടായെന്ന് ക്വീൻസ്ലാന്റ് ചിൽഡ്രൻസ് ആശുപത്രി അധികൃതർ എസ് ബി എസ് മലയാളത്തെ അറിയിച്ചു. “സ്റ്റേബിൾ കണ്ടിഷനിലാണ്” ഈ കുട്ടി എന്നാണ് ആശുപത്രി വ്യക്തമാക്കിയത്.
എന്നാൽ മുതിർന്ന കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ബിബിനെ ഇന്നലെ വൈകിട്ട് ടൂവൂംബയിലെ ആശുപത്രിയിൽ നിന്ന് ക്വീൻസ്ലാന്റ് ചിൽഡ്രൻസ് ആശുപത്രിയോട് ചേർന്നുള്ള മാറ്റർ ആശുപത്രിയിലേക്ക് മാറ്റിയതായി കുടുംബ സുഹൃത്തുക്കൾ പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിൽ നിന്ന് ബ്രിസ്ബൈനിലേക്ക് പുതിയ ജോലി കിട്ടി പോയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

Source: Supplied
അപകടകാരണം വ്യക്തമല്ല
39 വയസ്സ് പ്രായമുള്ള ബിബിൻ ആയിരുന്നു ടൊയോട്ട ക്ലുഗെർ എസ് യു വി ഓടിച്ചിരുന്നത് എന്നാണ് ക്വീൻസ്ലാന്റ് പൊലീസ് അറിയിച്ചത്.
അപകടത്തിന്റെ കാരണം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് QLD പോലീസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഫോറൻസിക് പരിശോധനയും കൊറോണറുടെ അന്വേഷണവും നടക്കുന്നതായി പോലീസ് വ്യക്തമാക്കി.
ഇതുവരെ ആർക്കെതിരെയും കേസ് എടുത്തിട്ടില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. ട്രക്ക് ഡ്രൈവർ പോലീസ് അന്വേഷണത്തിൽ സഹകരിക്കുന്നതായും വ്യക്തമാക്കി.
38 വയസ്സ് പ്രായമുള്ള ട്രക്ക് ഡ്രൈവർക്ക് ചെറിയ പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ ലഭിച്ചതായി പോലീസ് വ്യക്തമാക്കി.
അപകടത്തിന് ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ മുന്നോട്ട് വരണെമന്നും ഡാഷ് കാം ഫൂട്ടേജോ മറ്റ് വിവരങ്ങളോ ഉള്ളവർ പൊലീസിനെ ബന്ധപ്പെടണമെന്നും പോലീസ് ആവശ്യപ്പെട്ടു.