ഓസ്‌ട്രേലിയയുടെ വാക്‌സിനേഷൻ നിരക്കിനെക്കുറിച്ച് നിരവധി പരാതികൾ ഉയരുന്നതിനിടെയാണ് വിതരണ പദ്ധതിയിലെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഓസ്‌ട്രേലിയയുടെ കൊവിഡ് പ്രതിരോധത്തിൽ ഇത് നിർണ്ണായക നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
- പ്രായപൂർത്തിയായ പകുതിയോളം ഓസ്‌ട്രേലിയക്കാരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു
- ക്വാണ്ടസ് തൊഴിലാളികൾക്ക് വാക്‌സിനേഷൻ നിർബന്ധമാക്കി
- NSWൽ യുവാക്കളിൽ വാക്‌സിനേഷൻ നിരക്ക് കൂട്ടാൻ പദ്ധതി
ഓരോ മിനിറ്റിലും 200 ഡോസ് വാക്‌സിനേഷൻ എന്ന റെക്കോർഡ് നിരക്കിലേക്ക് വരെ വാക്‌സിൻ വിതരണം പുരോഗമിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് പ്രായപൂർത്തിയായ അൻപത് ശതമാനത്തോളം പേർ കുറഞ്ഞത് ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. .
കഴിഞ്ഞ ആഴ്ചയിൽ മാത്രം രാജ്യത്ത് 1.6 മില്യൺ ഡോസ് വാക്‌സിനേഷൻ നല്കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ടാസ്മേനിയയിൽ മൂന്നിൽ ഒരാൾ രണ്ടു ഡോസും വാക്‌സിനേഷൻ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിൽ ആരംഭിച്ച വാക്‌സിൻ വിതരണ പദ്ധതിയിൽ ഇതുവരെ 16.6 മില്യൺ ഡോസുകൾ വിതരണം ചെയ്‌തതായാണ് കണക്കുകൾ.
ഇതിനിടയിലും, മറ്റു പല വികസിത രാജ്യങ്ങളെക്കാളും കുറവാണ് ഓസ്ട്രേലിയയിലെ വാക്സിനേഷൻ നിരക്ക് എന്ന് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നുണ്ട്.
അതെ സമയം കൊവിഡ് രൂക്ഷമായിരിക്കുന്ന NSWൽ യുവാക്കളിലും വാക്‌സിനേഷൻ നിരക്ക് കൂട്ടാനുള്ള ശ്രമത്തിലാണ് അധികൃതർ.
ന്യൂ സൗത്ത് വെയിൽസിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏറ്റവും കർശനമാക്കിയിരിക്കുന്ന 12 കൗൺസിലുകളിൽ 16 വയസിനും 39 വയസിനും ഇടയിൽ പ്രായമുള്ളവർക്ക്
ഫൈസർ വാക്‌സിൻ ലഭിക്കാൻ മുൻഗണന നൽകുമെന്ന് NSW പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ വ്യക്തമാക്കിയിരുന്നു.
ക്വാണ്ടസ് വാക്‌സിനേഷൻ നിർബന്ധമാക്കി
എല്ലാ തൊഴിലാളികൾക്കും വാക്‌സിനേഷൻ നിർബന്ധമാക്കുമെന്ന് ക്വാണ്ടസ് പ്രഖ്യാപിച്ചു.
2022 മാർച്ച് മാസത്തോടെ രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷനും സ്വീകരിച്ചിരിക്കണമെന്നാണ് നിബന്ധന.
മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് നവമ്പർ മധ്യത്തോടെ വാക്‌സിൻഷൻ പൂർത്തിയാക്കേണ്ടതുണ്ട് എന്നും കമ്പനി വ്യക്തമാക്കി.
ക്വാണ്ടസിന് കീഴിലുള്ള ജെറ്റ്സ്റ്റാർ വിമാന സർവീസിനും ഈ നിബന്ധന ബാധകമായിരിക്കുമെന്ന് ക്വാണ്ടസ് മേധാവി അലൻ ജോയ്‌സ് പറഞ്ഞു.

A Qantas plane sits on the tarmac at Sydney Airport in Sydney Source: AAP
വ്യോമയാന രംഗത്തിന് മുഴുവൻ ഇത് ബാധകമാക്കണമെന്ന് ഫെഡറൽ സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
വാക്‌സിനേഷൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് ആരോഗ്യ കാരണങ്ങൾ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഇളവുകൾ ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.