ന്യൂ സൗത്ത് വെയിൽസിൽ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുകയാണ്. സംസ്ഥാനത്ത് ഡെൽറ്റ വേരിയന്റ് പടർന്നുപിടിക്കുമ്പോൾ കുട്ടികളിലും കൗമാരപ്രായക്കാരിലും വൈറസ്‌ബാധിക്കുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത 345 കൊവിഡ് കേസുകളിൽ 114ഉം കുട്ടികളും കൗമാരപ്രായക്കാരുമാണ്.
ഒമ്പത് വയസ് വരെ പ്രായമായ 44 കുട്ടികൾക്കും 10നും 19നുമിടയിൽ പ്രായമായ 70 പേർക്കുമാണ് വ്യാഴാഴ്ച മാത്രം വൈറസ് ബാധിച്ചത്.
കഴിഞ്ഞ ഒരാഴ്ചയിൽ ന്യൂ സൗത്ത് വെയിൽസിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ മൂന്നിൽ ഒന്നും 19 വയസ്സോ അതിൽ കുറവോ പ്രായമുള്ളവരാണ്.
അതായത് കഴിഞ് ഒരാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 2,133 കേസുകളിൽ 705 ഉം ഈ പ്രായത്തിലുള്ള കുട്ടികളാണ്.
ആൽഫ വേരിയന്റിനെ അപേക്ഷിച്ച് കുട്ടികളുടെ മൂക്കിലും തൊണ്ടയിലും ഡെൽറ്റ വേറിയന്റിന്റെ കൂടുതൽ സാന്നിധ്യം കണ്ടെത്തുന്നുണ്ടെന്ന് ടെലിത്തോൺ കിഡ്സ് ഇൻസ്റ്റിട്യൂട്ടിലെ ആശ ബവൻ പറഞ്ഞു.
കുട്ടികൾക്കിടയിൽ സാമൂഹിക അകലം പാലിക്കൽ ഇല്ലാത്തതാകാം വൈറസ് ഇവരിൽ കൂടുതൽ പടരുന്നതിന് കാരണമെന്ന് UNSW ലെ വൈറൽ ഇമ്മ്യൂണോളജിസ്റ്റ് റൊവെന്ന ബുൾ പറഞ്ഞു.
മാത്രമല്ല കുട്ടികൾ മാസ്ക് ധരിക്കാത്തതും ഇതിന് കാരണമാകാമെന്നും റൊവെന്ന ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ 100 ലേറെ കുട്ടികളെ ചികിത്സിക്കുന്നുണ്ടെന്നും, എന്നാൽ കുട്ടികൾക്കിടയിൽ കൊവിഡ് ബാധ ഗുരുതരമാകുന്നതായി ഇതുവരെ കണ്ടിട്ടില്ലെന്നും പീഡിയാട്രിഷനും ഇന്റെൻസീവ് കെയർ സ്പെഷ്യലിസ്റ്റുമായ ഗ്രെഗ് കെല്ലി പറഞ്ഞു.
കുട്ടികൾക്കിടയിൽ രോഗബാധ കൂടുന്നതിനിടെയാണ് ന്യൂ സൗത്ത് വെയിൽസിൽ 12ാം ക്ലാസ് വിദ്യാർത്ഥികൾ തിങ്കളാഴ്ച മുതൽ സ്കൂളുകളിലേക്ക് മടങ്ങുന്നത്.
എന്നാൽ 'സ്റ്റേ അറ്റ് ഹോം' നടപ്പാക്കിയിരിക്കുന്ന ഫെയർഫീൽഡ്, കാന്റർബറി-ബാങ്ക്സ്‌ടൗൺ, ക്യാംപ്ബെൽടൗൺ, ലിവർപൂൾ, പാരമറ്റ, ബ്ലാക്ക്ടൗൺ, ജോർജ്സ് റിവർ, കമ്പർലാന്റ് എന്നിവിടങ്ങളിലും പെൻറിത്തിന്റെ ചില ഭാഗങ്ങളിലും ഉള്ള കുട്ടികൾക്ക് സ്കൂളുകളിലേക്ക് പോകാൻ അനുവാദമില്ല.
കുട്ടികൾക്ക് പുറമെ ചെറുപ്പക്കാർക്കിടയിലും ഡെൽറ്റ വേരിയന്റ് കൂടുതലായി ബാധിക്കുന്നതാണ് കണ്ടുവരുന്നതെന്ന് NSW ഹെൽത്തിലെ ഡോ മേരിആൻ ഗെയ്ൽ പറഞ്ഞു.
കഴിഞ്ഞ 14 ദിവസങ്ങളിൽ 20നും 29നുമിടയിൽ പ്രായമായ നിരവധി പേർക്കാണ് വൈറസ് ബാധിച്ചതെന്നും 20 വയസ്സിന് മേൽ പ്രായമായ നാല് പേർ ICUൽ കഴിയുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.