എല്ലാ ആഴ്ചയിലും ഒരേ സമയക്രമത്തില്‍ ജോലി ചെയ്യുന്നവര്‍ക്കായിരിക്കും ഒരു വര്‍ഷത്തിനു ശേഷം സ്ഥിര നിയമനത്തിനായി അപേക്ഷിക്കാന്‍ കഴിയുന്നത്. കാഷ്വല്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന സമയദൈര്‍ഘ്യം അടിസ്ഥാനമാക്കി അവരെ സ്ഥിരം ഫുള്‍ ടൈം നിയമനത്തിനോ, സ്ഥിരം പാര്‍ട് ടൈം നിയമനത്തിനോ പരിഗണിക്കണം.
ഉദാഹരണത്തിന്, എല്ലാ ആഴ്ചയിലും തിങ്കളാഴ്ചയും ബുധനാഴ്ചയും 9 മുതല്‍ 5 വരെ ജോലി ചെയ്യുന്ന ഒരാളാണെങ്കില്‍, അയാള്‍ക്ക് സ്ഥിരം പാര്‍ട് ടൈം നിയമനത്തിന് അപേക്ഷിക്കാം. പക്ഷേ, ഒരാഴ്ചയില്‍ നാലു ദിവസവും, തൊട്ടടുത്ത ആഴ്ചയില്‍ ഒരു ദിവസവും ജോലി ചെയ്യുന്ന ഒരാള്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടാകില്ല.
അതേസമയം, കാഷ്വല്‍ ജീവനക്കാര്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കിയാലും അത് നിരസിക്കാനുള്ള അവകാശം തൊഴിലുടമയ്ക്ക് ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. പക്ഷേ മതിയായ കാരണങ്ങള്‍ തൊഴിലുടമ ചൂണ്ടിക്കാട്ടിയിരിക്കണം.
നിലവില്‍ ചില തൊഴില്‍ മേഖലകളില്‍ ഇത്തരമൊരു വ്യവസ്ഥ നിലവിലുണ്ട്. ഇത് 90 പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് ഫെയര്‍ വര്‍ക് കമ്മീഷന്റെ ശുപാര്‍ശ.
തുച്ഛമായ വേതനം നല്‍കി കാഷ്വല്‍ ജീവനക്കാരെ ചൂഷണം ചെയ്യുന്ന നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാഷ്വല്‍ ആയി മാത്രം നിയമിക്കുന്ന പ്രവണതയ്ക്ക് ഇതോടെ മാറ്റം ഉണ്ടാകുമെന്നും യൂണിയനുകള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ശുപാര്‍ശ സംബന്ധിച്ച് വ്യവസായങ്ങളുടെയും യൂണിയനുകളുടെയും തീരുമാനങ്ങള്‍ ക്ഷണിച്ചിരിക്കുകയാണ് കമ്മീഷന്‍.