ഓസ്ട്രേലിയൻ ഓപ്പണിനോടനുബന്ധിച്ച് നടക്കുന്ന സൂപ്പർ ടെൻസ് നാഷണൽ ടെന്നീസ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനായി മെൽബണിലേക്കെത്തിയ ഗൗതം സന്തോഷിന്, പ്രതീക്ഷിക്കാതെ കിട്ടിയ ഒരു ഗ്രാന്റ്സ്ലാമായിരുന്നു ഇത്.
റോജർ ഫെഡററും ദക്ഷിണ കൊറിയയുടെ ഹ്യുങ് ചുങ് ഹിയോണും തമ്മിലുള്ള സെമി ഫൈനലിന് ടോസ് ചെയ്യുക.
ടോസ് ഇടുമ്പോൾ ഹെഡോ ടെയിലോ എന്നു പറയാൻ ആരെ വിളിക്കണം എന്ന് റഫറി ചോദിച്ചപ്പോൾ ഗൗതമിന് ഒട്ടും സംശയമുണ്ടായിരുന്നില്ല. തന്റെ ആരാധനാപാത്രമായ റോജർ ഫെഡററിന് തന്നെ അവസരം.
മൂവാറ്റുപുഴയ്ക്കടുത്ത് ആവോലി സ്വദേശികളായ സന്തോഷ് കൃഷ്ണൻകുട്ടിയുടെയും ബിബിമോൾ കൃഷ്ണന്റെയും മൂന്നു മക്കളിൽ മൂത്തയാളാണ് ഗൗതം കൃഷ്ണൻ.
അഞ്ചാം വയസു മുതൽ ടെന്നീസ് കളിച്ചു തുടങ്ങിയ ഗൗതം ഓസ്ട്രേലിയിൽ അതിവേഗം വളരുന്ന യുവതാരങ്ങളിൽ ഒരാളാണ്. പതിനൊന്ന് വയസുകാരുടെ വിഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാം റാങ്കുകരാനാണ് ഗൗതം ഇപ്പോൾ.
നിക്ക് കിരിയോസും ബെർണാഡ് ടോമിക്കും ഒക്കെ ഉൾപ്പെടുന്ന ഓസ്ട്രേലിയൻ പുരുഷ ടെന്നീസ് റാങ്കിംഗിൽ ഇപ്പോൾ തന്നെ 1111 ാം സ്ഥാനത്തേക്കും ഈ ആറാംക്ലാസുകാരൻ എത്തിയിട്ടുണ്ട്.
തന്നെക്കാൾ പ്രായമുള്ള കളിക്കാരെ ഉൾപ്പെടെ നിരവധി പേരെ തോൽപ്പിച്ചാണ് റാങ്കിംഗിൽ ഗൗതം മുന്നേറുന്നത്.
നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന സന്തോഷും ബിബിമോളും 2008ലാണ് ബ്രിട്ടനിൽ നിന്ന് ഓസ്ട്രേലിയിയലേക്ക് എത്തിയത്. ഓസ്ട്രേലിയയിലേക്കെത്തിയതിന്റെ പത്താം വാർഷിക ദിനത്തിലാണ് ഫെഡറർക്കൊപ്പം റോഡ് ലേവർ അരീനയിൽ ഗൗതവുമെത്തിയത് എന്നത് ഈ കുടുംബത്തിന് ഇരട്ടിമധുരമായി.

Source: Supplied
ആഷിക് സന്തോഷ്, ദിയ സന്തോഷ് എന്നീ സഹോദരങ്ങളുമുണ്ട് ഗൗതമിന്.
ഗൗതം സന്തോഷുമായും അച്ഛൻ സന്തോഷ് കൃഷ്ണൻകുട്ടിയുമായുമുള്ള അഭിമുഖം എസ് ബി എസ് മലയാളം റേഡിയോയിൽ ഈ വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് കേൾക്കാം.