SKIP TO MAIN CONTENT

ഓസ്‌ട്രേലിയൻ പഠനരീതിക്ക് മാറ്റം വരുത്തണമെന്ന് ഗോൺസ്കി റിപ്പോർട്ട്; പിന്തുണയേകി സർക്കാർ

ഓസ്‌ട്രേലിയൻ സ്‌കൂളുകളിലെ പഠന രീതിയിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള 23 ശുപാർശകൾ ഉൾപ്പെട്ട റിപ്പോർട്ട് പ്രമുഖ വ്യവസായി ഡേവിഡ് ഗോൺസ്കി ഫെഡറൽ സർക്കാരിന് സമർപ്പിച്ചു. സംസ്ഥാന സർക്കാരുകളും അധ്യാപകരും ഈ റിപ്പോർട്ടിന് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി മാൽകം ടേൺബുൾ ആവശ്യപ്പെട്ടു.

Gonski report
Source: AAP

2 min read

Published

Updated


Skip to article content

ഓസ്‌ട്രേലിയയിലെ വിദ്യാഭ്യാസ രീതി പുനഃപരിശോധിച്ച ശേഷം ഡേവിഡ് ഗോൺസ്കി സർക്കാരിന് സമർപ്പിച്ച പ്രധാനപ്പെട്ട രണ്ടാമത്തെ റിപ്പോർട്ട് ആണിത്. 23 ശുപാർശകളാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഓസ്‌ട്രേലിയൻ സ്‌കൂളുകളിലെ പഠന രീതി ഓരോ കുട്ടിയുടെയും വിജയം ലക്ഷ്യമിട്ടുള്ളതാകണമെന്നും നിലവിലെ രീതി കുട്ടികളെ അവരുടെ കഴിവിനൊത്ത് വിജയത്തിലേക്കെത്തുന്നില്ലെന്നും ഗോൺസ്കി റിപ്പോർട്ടിൽ പറയുന്നു.

ഇതിൽ അടിയന്തരമായി മാറ്റം വരുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ഇതിനായി ഒരു ഓൺലൈൻ ടൂൾ ഓസ്‌ട്രേലിയൻ സ്‌കൂളുകളിൽ നടപ്പിലാക്കണം എന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. ഇത് വഴി ഓരോ കുട്ടിയുടെയും എഴുത്തിലും വായനയിലും ഗണിതശാസ്ത്രത്തിലുമുള്ള ജ്ഞാനം അധ്യാപകർക്ക് വിലയിരുത്താൻ കഴിയുകയും ചെയ്യുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ദേശീയ തലത്തിൽ ഇത് നടപ്പിലാക്കിയാൽ നാപ്‌ളാൻ പരീക്ഷയിലൂടെ കുട്ടികളെ വിലയിരുത്തുന്ന രീതിക്ക് മാറ്റം വരുത്താൻ സാധിക്കുമെന്നാണ് ഗോൺസ്കി റിപ്പോർട്ട് വിലയിരുത്തുന്നത്.

ഇതിന് പുറമെ ഓരോ കുട്ടിയുടെയും പഠനത്തെ സംബന്ധിച്ച ഒരു രൂപരേഖ അധ്യാപകർ തയ്യാറാക്കേണ്ടതും ആവശ്യമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പ്രമുഖ വ്യാപാരി ഡേവിഡ് ഗോൺസ്കി സമർപ്പിച്ച ഈ റിപ്പോർട്ട് ഫെഡറൽ സർക്കാർ സ്വാഗതം ചെയ്തു. ഇതിലെ എല്ലാ ശുപാർശകളും നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചു.

മാത്രമല്ല, സംസ്ഥാനസർക്കാരുകളും, അധ്യാപകരും, രക്ഷിതാക്കളും ഇതിനു പിന്തുണ നൽകണമെന്നും പ്രധാനമന്ത്രി മാൽകം ടേൺബുൾ  ആവശ്യപ്പെട്ടു. റിപ്പോർട്ടിൽ പറയുന്നത് പ്രകാരം ഓരോ കുട്ടിക്കും ശ്രദ്ധ കൊടുത്തുകൊണ്ടാവണം അധ്യയനം നടക്കേണ്ടതെന്ന് ടേൺബുൾ ചൂണ്ടിക്കാട്ടി.

റിപ്പോർട്ടിലെ എല്ലാ ശുപാർശകളെയും കുറിച്ച് ചർച്ച ചെയ്യാനായി വിദ്യാഭ്യസ മേഖല കൈകാര്യം ചെയ്യുന്ന ഫെഡറൽ,  സംസ്ഥാന, ടെറിട്ടറി മന്ത്രിമാർ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.

എല്ലാവരും റിപ്പോർട്ട് അംഗീകരിക്കുന്ന പക്ഷം 2019 -ഓടെ മാറ്റങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫെഡറൽ വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിങ്ഹാം അറിയിച്ചു.

കുട്ടികളുടെ പ്രകടനം മെച്ചപ്പെടുത്തുക എന്നതിലുപരി മികച്ച നേട്ടം കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ആവശ്യമെന്ന് മന്ത്രി ബിർമിങ്ഹാം കൂട്ടിച്ചേർത്തു.

എന്നാൽ, സെന്റർ ഫോർ ഇൻഡിപെൻഡന്റ് സ്റ്റഡീസ് ഈ റിപ്പോർട്ട് തള്ളി. റിപ്പോർട്ട് ഒരു പരാജയമാണെന്ന് സെന്റർ കുറ്റപ്പെടുത്തി.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now