സ്‌കിൽഡ് വിസയിൽ ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡൻസിക്കായി അപേക്ഷിക്കുന്നവരുടെ പങ്കാളികളുടെ പ്രായപരിധിയാണ് 45 വയസ്സാക്കി കുറയ്ക്കുന്നത്. നിലവിൽ ഇത് 50 വയസ്സാണ്.
അതായത് നിലവിൽ 50 വയസ്സ് വരെ പ്രായമായ പങ്കാളികൾ ഉള്ള അപേക്ഷകർക്ക് ജനറൽ പോയിന്റ് ടെസ്റ്റിൽ അഞ്ച് പോയിന്റ് അധികം ലഭിക്കും. എന്നാൽ ഈ മാറ്റം നിലവിൽ വരുന്നതോടെ 45 വയസ്സു വരെയുള്ള പങ്കാളികൾ ഉള്ളവർക്ക് മാത്രമേ ഈ അധിക പോയിന്റ് ലഭിക്കുകയുള്ളു.
രാജ്യത്തേക്ക് കുടിയേറാനായുള്ള സ്‌കിൽഡ് ഇൻഡിപെൻഡന്റ്
വിസകളായ സബ്ക്ലാസ്സ് 189 , സബ്ക്ലാസ്സ് 190, സ്‌കിൽഡ് റീജ്യണൽ സബ്ക്ലാസ്സ് 489 എന്നീ വിസകൾക്കാണ് ഇത് ബാധകമാകുന്നത്.
ജൂലൈ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു.
നിശ്ചിത പ്രായത്തിന് ശേഷം ഓസ്‌ട്രേലിയയിലേക്കെത്തുന്നവർക്ക് ജോലി സാധ്യതകൾ കുറവാണ്. മാത്രമല്ല പ്രൊഡക്ടിവിറ്റി കമ്മീഷന്റെ കണ്ടെത്തുകൾ അനുസരിച്ച് ഇവർ ആരോഗ്യരംഗത്ത് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും സേവനങ്ങളും കൂടുതലായി ഉപയോഗിക്കാനും സാധ്യതകളുണ്ട്. ഇത് സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു.
ഇവയെല്ലാം കണക്കിലെടുത്താണ് പങ്കാളിയുടെ പ്രായപരിധി 45 ആക്കി കുറയ്ക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.