ഓസ്‌ട്രേലിയയിൽ പഠനത്തിനായി എത്തുന്നവർക്ക് ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം തെളിയിക്കേണ്ടതുണ്ട്. ഇതിനായി സ്വീകരിക്കുന്ന പരീക്ഷകളുടെ അംഗീകാരത്തിൽ മാറ്റം വരുത്തിയതായി ആഭ്യന്തരകാര്യ മന്ത്രാലയം അറിയിച്ചു.
പുതിയ മാറ്റം അനുസരിച്ച് Test of English as a Foreign Language (TOEFL) ന്റെ PBT പരീക്ഷാഫലങ്ങൾ സ്റ്റുഡന്റ് വിസകൾക്ക് (Subclass 500) സ്വീകരിക്കില്ല.
സാധാരണയായി ഓസ്‌ട്രേലിയൻ വിസയ്‌ക്ക് അപേക്ഷിക്കുന്നവർ ലിസണിങ്, റീഡിങ്, റൈറ്റിങ്ങ്, സ്‌പീക്കിങ് എന്നീ നാല് വിഭാഗങ്ങളിൽ പ്രാവീണ്യം തെളിയിക്കണം. എന്നാൽ സ്‌പീക്കിങ് ടെസ്റ്റുകൾ TOEFL PBT പരീക്ഷകളുടെ ഭാഗമല്ല. ഇക്കാരണത്താലാണ് ആഭ്യന്തര മന്ത്രാലയം ഇവയുടെ അംഗീകാരം എടുത്തുമാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കാനിടയില്ല
ഇന്ത്യയിൽ നിന്ന് ആരും തന്നെ TOEFL PBT പരീക്ഷകൾ എഴുതാറില്ലെന്ന് ബ്രിസ്‌ബെയിനിലെ ടോണിയോ ലോയേഴ്‌സിൽ മൈഗ്രേഷൻ ഏജന്റായ ടോണിയോ തോമസ് പറയുന്നു.
ഈ ടെസ്റ്റുകൾ ഇന്റർനെറ് സൗകര്യങ്ങൾ പരിമിതമായ രാജ്യങ്ങളിൽ മാത്രമാണ് നടത്താറുള്ളത്. 2015 ന് ശേഷം TOEFL PBT ടെസ്റ്റുകൾ ഇന്ത്യയിൽ നടത്തിയിട്ടില്ലെന്നും ടോണിയോ കൂട്ടിച്ചേർത്തു.

Location search for TOFEL test shows only TOFEL iBT is available in India Source: www.ets.org/
പുതിയ മാറ്റങ്ങൾ TOEFL PBT പരീക്ഷയെ മാത്രമേ ബാധിക്കുകയുള്ളൂ. TOEFL ന്റെ ഇന്റെർനെറ്റ് വഴിയുള്ള പരീക്ഷയായ TOEFL iBT ഫലങ്ങൾ തുടർന്നും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇപ്പോൾ ഓസ്‌ട്രേലിയയിൽ പഠനത്തിന് എത്തുന്നവർക്ക് ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്നതിനായി IELTS (International English Language Testing System), Cambridge English: Advanced (Certificate in Advanced English), TOEFL iBT, PTEA (Pearson Test of English Academic) and OET (Occupational English Test) എന്നീ പരീക്ഷകൾക്കാണ് അംഗീകാരമുള്ളത്.