എസ് ബി എസ് ന്യൂസ് നടത്തിയ പ്രത്യേക അന്വേഷണത്തിൽ ഓസ്‌ട്രേലിയൻ സിറ്റിസൺ ആകുന്നതിന് വേണ്ടിയുള്ള സിറ്റിസൺഷിപ്പ് പരീക്ഷയിലെ ഓസ്‌ട്രേലിയൻ ജനസംഖ്യയെപ്പറ്റിയുള്ള ചോദ്യത്തിന് മൂന്നു തെറ്റായ ഉത്തരങ്ങളാണ് നൽകിയിരിക്കുന്നത് എന്ന് വ്യക്തമായി. യു കെ യിൽ നിന്നുള്ള ഒരു പരീക്ഷാർത്ഥിയാണ് ചോദ്യാവലിയിലെ പിഴവ് കണ്ടെത്തി എസ് ബി എസ് ന്യൂസിനോട് വെളിപ്പെടുത്തിയത്.
സിറ്റിസൺഷിപ്പ് പരീക്ഷയ്‌ക്ക് തയ്യാറാകുന്നതിനായി ആഭ്യന്തര മന്ത്രാലയം നൽകുന്ന ബുക്കിൽ ഓസ്‌ട്രേലിയൻ ജനസംഖ്യ 24 മില്യൺ എന്നാണ് നൽകിയിരിക്കുന്നത്. ഇതേ ചോദ്യത്തിന് പരീക്ഷയിൽ 18 മില്യൺ, 22 മില്യൺ, 30 മില്യൺ എന്നിവയാണ് ഉത്തരങ്ങളായി നൽകിയിരുന്നത്.
എന്നാൽ അവിടെ പരിശോധനയ്ക്ക് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനോട് ഈ കാര്യം അറിയിച്ചപ്പോൾ 22 മില്യനാണ് ശരിയായ ഉത്തരമെന്നും, സിസ്റ്റത്തിൽ മാറ്റം വരുത്തുവാൻ ബുദ്ധിമുട്ടാണെന്നും അറിയിച്ചതായി പരീക്ഷാർത്ഥി എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
സിറ്റിസൺഷിപ്പ് പരീക്ഷയിൽ 20 ചോദ്യങ്ങളിൽ 15 എണ്ണം ശരിയായാൽ മാത്രമേ പരീക്ഷ ജയിക്കുകയുള്ളു. തെറ്റായ ഉത്തരം നൽകുന്നതിലൂടെ പരീക്ഷാർത്ഥികളെ അധികൃതർ കൂടുതൽ വലയ്ക്കുകയാണെന്ന് ഇവർ പറയുന്നു.
ഓസ്‌ട്രേലിയൻ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യുറോയുടെ 2017 ലെ കണക്കനുസരിച്ച് ഓസ്‌ട്രേലിയൻ ജനസംഖ്യ 24,702,900 ആണ്. "ഓസ്‌ട്രേലിയൻ സിറ്റിസൺഷിപ്പ്: ഔർ കോമൺ ബോണ്ട്" എന്ന ബുക്കിന്റെ ഇംഗ്ലീഷ് എഡിഷനിൽ ഇത് 24 മില്യൺ എന്നും ഈ ബുക്കിന്റെ അറബിക്, ഫ്രഞ്ച്, ഇറ്റാലിയൻ തുടങ്ങിയ വിവിധ ഭാഷ എഡിഷനുകളിൽ ഇത് 22 മില്യൺ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ പരീക്ഷയുടെ വിശ്വാസ്യതയെ കണക്കിലെടുത്ത് ചോദ്യങ്ങളുടെ ഉത്തരം വെളിപ്പെടുത്താൻ ആവില്ല എന്ന് അറിയിച്ചുകൊണ്ട് ഇതേപ്പറ്റി അഭിപ്രായം പറയാൻ ആഭ്യന്തരകാര്യ മന്ത്രാലയം വിസമ്മതിച്ചു.
Share

