ഓസ്‌ട്രേലിയൻ മനുഷ്യാവകാശ കമ്മീഷൻ നടത്തിയ പഠനങ്ങളിൽ തൊഴിൽരംഗത്തെ ലൈംഗിക ചൂഷണങ്ങൾ വർദ്ധിക്കുന്നതായി കണ്ടെത്തി. ഓസ്‌ട്രേലിയയിൽ ഇതാദ്യമായാണ് വിവിധ തൊഴിൽമേഖലകളെ തരം തിരിച്ചുകൊണ്ട് ഇത്തരത്തിലുള്ള ഒരു പഠനം നടക്കുന്നത്.
പതിനായിരത്തോളം ആളുകളിൽ നടത്തിയ സർവേയിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ തൊഴിൽരംഗത്തെ ലൈംഗിക ചൂഷണങ്ങളിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
മാധ്യമ രംഗത്തും ടെലികമ്യൂണിക്കേഷന് രംഗത്തും വിവര സാങ്കേതിക രംഗത്തുമാണ് ഇത്തരം ചൂഷണങ്ങൾ കൂടുതലും നടക്കുന്നത്. ഈ മേഖലകളിലെ അഞ്ചിൽ നാല് ജീവനക്കാർക്കും ജോലിസ്ഥലത്ത് ലൈംഗിക ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നിലൊന്ന് ഓസ്ട്രലിയക്കാർ ചൂഷണത്തിന് വിധേയരായിയെന്നത് ആശങ്കാജനകമാണെന്ന് സെക്സ് ഡിസ്ക്രിമിനേഷൻ കമ്മീഷണർ കെയ്റ്റ് ജെൻകിൻസ് പറഞ്ഞു. 2012 ലെ സർവ്വേ അനുസരിച്ചു അഞ്ചിൽ ഒരാൾക്ക് എന്ന കണക്കിൽ ആയിരുന്നു ചൂഷങ്ങൾ നേരിടേണ്ടി വന്നിരുന്നത്.
ഇത്തരം പീഡനങ്ങൾ കൂടുതലായും നേരിടേണ്ടിവരുന്നത് സമൂഹത്തിലെ ചില പ്രത്യേക വിഭാഗകൾക്കാണെന്നും കെയ്റ്റ് ജെൻകിൻസ് പറഞ്ഞു. ആദിമവർഗ്ഗക്കാർ, ടോറസ് ഐലൈൻൻറെഴ്‌സ്, എൽ ജി ബി റ്റി ഐ ക്യൂ എന്നി വിഭാഗങ്ങളിൽ പകുതിയിൽ അധികം ആളുകളും ജോലിസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും കെയ്റ്റ് ജെൻകിൻസ് വ്യക്തമാക്കി.

Sex Discrimination Commissioner Kate Jenkins says the increase in cases is concerning. Source: AAP
ജോലിസ്ഥലത്തെ ലൈംഗിക ചൂഷണങ്ങളെപ്പറ്റി ഓസ്‌ട്രേലിയ നടത്തുന്ന അന്വേഷണങ്ങളുടെ മേധാവിയായി ഫെഡറൽ സർക്കാർ കെയ്റ്റ് ജെൻകിൻസിനെ കഴിഞ്ഞ ജൂണിൽ നിയമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സർവേകളുടെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ മാസം അവസാനത്തോടുകൂടി ഈ വിഷയത്തിൽ പൊതുജന അഭിപ്രായങ്ങൾ കമ്മീഷൻ സ്വീകരിക്കും.
തൊഴിൽ മേഖലയിൽ ചൂഷണങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ എടുക്കാനും, ഇവയെ തടയാനും പുതിയ അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെയ്റ്റ് ജെൻകിൻസ് പറഞ്ഞു.