ഇന്ത്യന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയാത്ത ഓസ്‌ട്രേലിയന്‍ മലയാളികള്‍ എങ്ങനെയാണ് ചിന്തിക്കുന്നത് എന്നു അറിയുന്നതിനു വേണ്ടിയാണ് എസ് ബി എസ് മലയാളം ഓണ്‍ലൈന്‍ വോട്ടിംഗ് സംഘടിപ്പിച്ചത്.
കേരളത്തില്‍ ഏപ്രില്‍ 23ന് വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം, ഏപ്രില്‍ 24നാണ് എസ് ബി എസ് മലയാളം വെബ്‌സൈറ്റില്‍ ഈ ഓൺലൈൻ വോട്ടിംഗ് പ്രസിദ്ധീകരിച്ചത്.
കേരളത്തില്‍ LDFനും, UDFനും, BJP ക്കും എത്ര സീറ്റ് ലഭിക്കും എന്നും, ഇന്ത്യ ഇനി ആരു ഭരിക്കും എന്നുമായിരുന്നു ഓണ്‍ലൈന്‍ പോളിംഗിലെ ചോദ്യങ്ങള്‍. എസ് ബി എസ് മലയാളം വെബ്‌സൈറ്റ് സന്ദർശിച്ചായിരുന്നു വോട്ടു ചെയ്യാനുള്ള അവസരം.
173 പേരാണ് ഈ ഓണ്‍ലൈന്‍ വോട്ടിംഗില്‍ പങ്കെടുത്തത്.
ഇന്ത്യ ആരു ഭരിക്കും?
വോട്ടെടുപ്പില്‍ പങ്കെടുത്തതില്‍ 62 ശതമാനം പേരും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യമായിരിക്കും ഇന്ത്യ ഭരിക്കുക എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 107 പേരാണ് ഈ അഭിപ്രായം പങ്കുവച്ചത്.
29 ശതമാനം പേരാണ് ബി ജെ പി ഭരണം തുടരും എന്ന് വിലയിരുത്തുന്നത്. 50 വോട്ടുകള്‍.
എട്ടു ശതമാനം പേര്‍ ഒരു മൂന്നാം ബദലായിരിക്കും ഇനി ഇന്ത്യ ഭരിക്കുക എന്നു പറഞ്ഞപ്പോള്‍, ഇതൊന്നുമല്ലാത്ത സംവിധാനമായിരിക്കുമെന്ന് പറഞ്ഞ രണ്ടു പേരുമുണ്ട്. കോണ്‍ഗ്രസും ബി എസ് പിയും, എസ് പിയും ഇടതുപാര്‍ട്ടികളുമുള്ള സഖ്യകക്ഷി ഭരണം എന്നാണ് ഇതില്‍ ഒരാള്‍ എഴുതിയിരിക്കുന്നത്.

ഇന്ത്യ ആരു ഭരിക്കും? Source: SBS Malayalam
കേരളം ആരു നേടും?
കേരളത്തില്‍ LDFഉം, UDFഉം, BJPയും എത്ര സീറ്റു നേടും എന്ന ചോദ്യത്തിന് ലഭിച്ച 173 വോട്ടുകളില്‍ അഞ്ചെണ്ണം അസാധു വോട്ടുകളായാണ് കണക്കാക്കുന്നത്.
100 എന്നും, ആയിരം എന്നുമൊക്കെ എഴുതിയ ഈ വോട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
ബാക്കി 168 വോട്ടുകളില്‍ കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കും എന്നു കരുതുന്നത് 69 പേരാണ്. ഇതില്‍ 35 പേരും ബി ജെ പി ഒരു സീറ്റു നേടും എന്നാണ് അഭിപ്രായപ്പെട്ടത്.
99 പേര്‍ കേരളത്തില്‍ ഇത്തവണയും ബി ജെ പിക്ക് സീറ്റൊന്നും ലഭിക്കില്ല എന്ന് അഭിപ്രായപ്പെടുന്നു.
LDFഉം UDFഉം എത്ര സീറ്റുകള്‍ വീതം നേടും എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളുടെ ശരാശരിയാണ് കണക്കിലെടുത്തിരിക്കുന്നത്.
UDF 15 സീറ്റുകള്‍ നേടും എന്നാണ് വോട്ടിംഗ് ഫലം. LDF നാലു സീറ്റുകള്‍ നേടും എന്നും ഈ ഓണ്‍ലൈന്‍ പോളിംഗ് ഫലം പറയുന്നു.
21 പോണ് യു ഡി എഫ് 15 സീറ്റുകള് നേടുമെന്ന് പറഞ്ഞിരിക്കുന്നത്. 20 സീറ്റുകളും UDF നേടുമെന്ന് നാലു പേരും, 19 സീറ്റുകള്‍ നേടുമെന്ന് മൂന്നു പേരും, 18 സീറ്റുകള്‍ നേടുമെന്ന് 19 പേരും അഭിപ്രായപ്പെടുന്നു.
മറുവശത്ത് LDF നാലു സീറ്റുകള്‍ നേടുമെന്ന് 27 പേരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. മറ്റൊരു 27 പേര്‍ LDF മൂന്നു സീറ്റു നേടുമെന്നും, 21 പേര്‍ അഞ്ചു സീറ്റു നേടുമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ ആരു നേട്ടമുണ്ടാക്കും? Source: meta.chart.com
വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍
ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് വേണ്ടിയായിരുന്നു ഓൺലൈൻ പോളിംഗെങ്കിലും പങ്കെടുത്തിരിക്കുന്ന എല്ലാവരും ഓസ്‌ട്രേലിയയല്‍ നിന്നല്ല.
ചെറിയൊരു ശതമാനം പേര്‍ ഇന്ത്യയില്‍ നിന്നും ന്യൂസിലാന്റില്‍ നിന്നും UKയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമെല്ലാം വോട്ടു ചെയ്തിട്ടുണ്ട്. എങ്കിലും ഭൂരിഭാഗം വോട്ടുകളും ഓസ്ട്‌രേലിയന്‍ മലയാളികളുടേത് തന്നെയാണ്.
147 ഓസ്‌ട്രേലിയന്‍ മലയാളികളാണ് അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.
ഇതില്‍ തന്നെ ഓരോ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളിലെയും വിശദാംശങ്ങളുണ്ട്. വിക്ടോറിയയില്‍ നിന്ന് 53 പേരും ന്യൂ സൗത്ത് വെയില്‍സില്‍ നിന്ന് 35 പേരും, ക്വീന്‍സ്ലാന്റില്‍ നിന്ന് 25 പേരും, വെസ്‌റ്രേണ്‍ ഓസ്‌ട്രേലിയയില്‍ നിന്ന് 16 പേരും, സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്ന് 10 പേരും വോട്ടെടുപ്പില്‍ പങ്കെടുത്തു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബാക്കി.
പ്രത്യേക ശ്രദ്ധയ്ക്ക്
വായനക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്കായി ഒരു കാര്യം: ഇന്ത്‌യയില്‍ നടക്കുന്ന അഭിപ്രായ സര്‍വേകള്‍ പോലെയോ, ഇനി ഫലം വരാനുള്ള എക്‌സിറ്റ് പോളുകള്‍ പോലെയോ അല്ല ഇത്. നേരിട്ട് ആളുകളെ കണ്ട് അഭിപ്രായം ശേഖരിക്കുക അല്ല എസ് ബി എസ് മലയാളം ചെയ്തിരിക്കുന്നത്. മറിച്ച് എസ് ബി എസ് മലയാളം വെബ്‌സൈറ്രില്‍ വന്ന് വോട്ടു ചെയ്തവരുടെ മാത്രം അഭിപ്രായമാണ് ഇത്.
Share

