സെന്റർ ലിങ്ക് ആനുകൂല്യങ്ങൾ ലഭിക്കുന്ന കുടിയേറ്റ സമൂഹത്തിലെ പെൻഷൻകാർ വൃദ്ധസൈനികർ, വിധവകൾ, ന്യൂ സ്റ്റാർട്ട് ആനൂകൂല്യങ്ങൾ ലഭിക്കുന്നവർ എന്നിവർക്ക് പൗരത്വ ഫീസിൽ ഏർപ്പെടുത്തിയിരുന്ന ഇളവുകളാണ് ജൂലൈ ഒന്ന് മുതൽ റദ്ദാക്കുന്നത്.
സാധാരണ ഫീസ് 285 ഡോളറായിരിക്കെ ഇവർക്ക് നിലവിൽ 20 മുതൽ 40 ഡോളർ വരെ മാത്രമേ പൗരത്വ ഫീസ് അടക്കേണ്ടതുള്ളു.
എന്നാൽ ജൂലൈ ഒന്നുമുതൽ മുഴുവൻ ഫീസായ 285 ഡോളർ എല്ലാവർക്കും ബാധകമാകും.
ഇളവുകൾ റദ്ദ് ചെയ്ത നടപടി അനാവശ്യമാണെന്ന് ഓസ്‌ട്രേലിയൻ കുടിയേറ്റ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ദി ഫെഡറേഷൻ ഓഫ് എത്തിനിക് കമ്മ്യൂണിറ്റി കുറ്റപ്പെടുത്തി.
നടപടി പ്രത്യേക ഭേദഗതിയിലൂടെ
ലെജിസ്ലേറ്റീവ് ഇൻസ്ട്രുമെന്റ് എന്ന പ്രത്യേക ഭേദഗതിയിലൂടെയാണ് ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൺ പൗരത്വ ഫീസിലെ ഇളവുകൾ റദ്ദാക്കിയത്. ഇതിന് പാർലമെന്റിൽ നിയമം പാസ്സാക്കേണ്ടതില്ല.
എങ്കിലും നിയമനിർമ്മാണ സഭയ്ക്ക് ഈ ഭേദഗതിയെ അട്ടിമറിക്കാൻ സാധിക്കും. അടുത്ത ആഴ്ച്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇളവുകൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ഓസ്‌ട്രേലിയൻ ഗ്രീൻസ് പാർട്ടി അറിയിച്ചു.
വളരെ കുറഞ്ഞ ഫീസ് മാത്രമാണ് ഓസ്‌ട്രേലിയ പൗരത്വ ഫീസായി ഈടാക്കുന്നതെന്നും, വെറും മൂന്ന് ശതമാനം ആളുകൾ മാത്രമാണ് അപേക്ഷ നൽകി പൗരത്വത്തിനായി ശ്രമിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
Share

