ആസ്ത്മ രോഗികൾക്കായുള്ള Spiriva Respimat, Nucala എന്നീ രണ്ടു മരുന്നുകളാണ് ഫാർമസ്യുട്ടിക്കൽ ബെനിഫിറ് സ്‌കീമിൽ (പി ബി എസ്) ഉൾപ്പെടുത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2017 ഫെബ്രുവരി മുതൽ നാല് വർഷത്തേക്കാണ് ഈ മരുന്നുകൾക്ക് സർക്കാർ സബ്‌സിഡി ഏർപ്പെടുത്തുന്നത്.
ഇത് ആസ്ത്മ രോഗം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന 2.5 മില്യൺ രോഗികൾക്ക് ഒരാശ്വാസമാകുമെന്ന് ആരോഗ്യ മന്ത്രി സൂസൻ ലെ അറിയിച്ചു.
ഈ രണ്ടു മരുന്നുകൾക്കും സബ്സിഡി ഏർപ്പെടുത്തായി $130 മില്യൺ ഡോളറാണ് ഫെഡറൽ സർക്കാർ ഫണ്ടിങ്ങിൽ നിന്നും അനുവദിച്ചിരിക്കുന്നത്.
സ്പിരിവാ റെസ്പിമാറ്റ് എന്ന മരുന്നിന് സബ്‌സിഡി ഏർപ്പെടുത്തുന്നത് വഴി ഇത് ഉപയോഗിക്കുന്ന ആസ്ത്മ രോഗികൾക്ക് ഒരു വർഷം $700 വരെ ലാഭിക്കാൻ സാധിക്കുമെന്ന് സൂസൻ ലേ പറഞ്ഞു.
ഇതിലൂടെ 2017 ൽ ഏതാണ്ട് 26,000 പേരെ സഹായിക്കാൻ സാധിക്കുമെന്നും കൂടാതെ ഭാവിയിൽ ഓരോ വർഷവും 67,000 പേർക്ക് ഇത് ഗുണം ചെയ്യും.
മാത്രമല്ല നുകല (Nucala) എന്ന മരുന്നിനു സബ്‌സിഡി നൽകുന്നതിലൂടെ വർഷം $21,000 ചിലവാക്കുന്ന 370 ഓളം പേരെ സഹായിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.