ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടു പോയാൽ, അടുത്ത നാല് വർഷം കൊണ്ട് ചൈൽഡ് കെയർ ഫീസ് 22 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളതായാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്.
അതായത്, ഓരോ വർഷവും അഞ്ച് ശതമാനം വീതം ഫീസ് വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സർക്കാർ കണക്കുകൾ പ്രകാരം നിലവിൽ രാജ്യത്ത് പത്ത് മണിക്കൂർ ചൈൽഡ് കെയർ സേവനത്തിന് ശരാശരി $88 ആണ് ഫീസ് നിരക്കെന്ന് വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിങ്ഹാം പറഞ്ഞു. പല നഗരങ്ങളിലും ഇതിലും കൂടുതലാണ് നിരക്കുകൾ.
എന്നാൽ, 2020 ആകുമ്പോൾ സിഡ്‌നിയിൽ ദിവസം $223, മെൽബണിൽ $175 , ബ്രിസ്ബനിൽ $157 , പെർത്തിൽ $175, അഡലൈഡിൽ $138 എന്ന രീതിയിൽ ഫീസ് ഉയർന്നേക്കും എന്നാണ് ആശങ്ക.
ഈ വർദ്ധനവ് പിടിച്ച് നിർത്തണമെങ്കിൽ സർക്കാരിന്റെ ചൈൽഡ് കെയർ പരിഷ്കരണ പാക്കേജ് പാർലമെന്റിൽ പാസാക്കാൻ പ്രതിപക്ഷം അനുവദിക്കണമെന്ന് സൈമൺ ബിർമിങ്ങ്ഹാം ആവശ്യപ്പെട്ടു.
അതേസമയം, ലിബറൽ അധികാരത്തിൽ വന്നാൽ ചൈൽഡ് കെയർ നിരക്ക് സാധാരണക്കാർക്ക് താങ്ങാവുന്ന വിധമാക്കുമെന്നായിരുന്നു വാഗ്ദാനമെന്ന് പ്രതിപക്ഷ ഏർലി ചൈൽഡ്ഹുഡ് വക്താവ് കെയ്റ്റ് എല്ലിസ് ചൂണ്ടിക്കാട്ടി. ഇതിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും കെയ്റ്റ് എല്ലിസ് കുറ്റപ്പെടുത്തി.
Share

