മൈഗവ് ഐഡി (myGovID) എന്ന് പേരിട്ടിരിക്കുന്ന സിംഗിൾ ഡിജിറ്റൽ ഐഡന്റിറ്റി പദ്ധതി 2025 ൽ പൂർത്തിയാക്കാനാണ് ഫെഡറൽ സർക്കാരിന്റെ ശ്രമം.
മൈഗവ് ഐഡി നടപ്പിലാകുന്നതോടെ എല്ലാ സർക്കാർ സേവനങ്ങളും ഒറ്റ ലോഗിനിൽ ലഭ്യമാകും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ആളുകളിലേക്ക് എളുപ്പത്തിൽ സേവനങ്ങൾ എത്തിക്കാൻ സാധിക്കുമെന്ന് ഡിജിറ്റൽ സർവീസസ് മന്ത്രി മൈക്കിൾ കീനൻ അറിയിച്ചു.
ഓസ്‌ട്രേലിയയെ ഡിജിറ്റൽ ലോകത്തിൽ മുൻപന്തിയിലെത്തിക്കാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മൈക്കിൾ കീനൻ പറഞ്ഞു.
ആദ്യഘട്ടത്തിൽ ഒരു ലക്ഷത്തോളം ആളുകൾക്ക് ഓൺലൈനായി റ്റാക്സ് ഫയൽ നമ്പറിന് (TFN ) അപേക്ഷിക്കാൻ സംവിധാനം ഒരുക്കും. പൂർണ്ണമായും ഓൺലൈൻ വഴി ചെയ്യുന്നത് കൊണ്ട് ഒറ്റ ദിവസം കൊണ്ട് അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് മൈക്കിൾ കീനൻ പറയുന്നു. നിലവിൽ ഇതിന് മാസങ്ങളോളം വേണ്ടിവരും.
2019 ൽ ഒരുലക്ഷത്തോളം ആളുകൾക്ക് അവരുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ (ഹെൽത്ത് റെക്കോർഡ്) മൈഗവ് ഐഡിയുപയോഗിച്ച് ഓൺലൈനിലൂടെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.