ഓസ്ട്രേലിയയിൽ ഒട്ടകങ്ങളോ എന്ന് ചിലരെങ്കിലും അതിശയിക്കും. പ്രത്യേകിച്ചും രാജ്യത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍
എന്നാല്‍ ലോകത്ത് ഏറ്റവുമധികം വന്യ ഒട്ടകങ്ങളുള്ള രാജ്യമാണ് ഓസ്ട്രേലിയ. മാത്രമല്ല എല്ലാ വർഷവും ജൂലൈ മാസം രാജ്യത്തിന്റെ മരുപ്രദേശങ്ങളിൽ ഒട്ടക ഓട്ടമത്സരങ്ങൾ പതിവാണ്. പാട്ടും നൃത്തവുമെല്ലാമായി നടത്തുന്ന ഉത്സവങ്ങളാണ് ഈ ഒട്ടക ഓട്ടമത്സരങ്ങൾ.
സൗത്ത് ഓസ്‌ട്രേലിയയിലെ മാറീ ക്യാമൽ കപ്പ്, വുളുരു ക്യാമൽ കപ്പ്, ബെണ്ടൂരി ക്യാമൽ കപ്പ്, ബോളിയ ക്യാമൽ കപ്പ് തുടങ്ങി നിരവധി മത്സരങ്ങളാണ് ഓസ്‌ട്രേലിയയിൽ ഈ ഇനത്തിലുള്ളത്.
ഓസ്ട്രേലിയൻ ജൈവവ്യവസ്ഥിതിയുടെ ഭാഗമല്ല ഒട്ടകങ്ങൾ. എന്നിട്ടും ഇവിടെ എങ്ങനെ ഒട്ടക റേസ് പതിവായി എന്നു പരിശോധിക്കുമ്പോൾ ഒരു ഇന്ത്യൻ കുടിയേറ്റ ചരിത്രത്തിലേക്കാണ് പോകുന്നത്. 

Jockeys riding camels during the Marree 2010 Australian Camel Cup camel races at Maree, South Australia. Source: AAP /Dean Lewins
ഓസ്‌ട്രേലിയയിൽ ഒട്ടകങ്ങൾ എത്തിയതെങ്ങനെ
1800 കളുടെ തുടക്കത്തിൽ അന്നത്തെ ഓസ്‌ട്രേലിയൻ കുടിയേറ്റക്കാരായ ബ്രിട്ടീഷുകാർ അവരുടെ ഓസ്‌ട്രേലിയൻ പര്യവേഷണങ്ങളിൽ കുതിരകളേയും കഴുതകളെയും സഹായികളായി ഉപയോഗിച്ചിരുന്നു.
എന്നാൽ വലിയ മലകളും മരുഭൂമിയും നിറഞ്ഞ മധ്യപൂർവ ഓസ്‌ട്രേലിയയിലെ ദുർഘടമായ പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നതിന് അവർക്ക് കൂടുതൽ കരുത്തരായ മൃഗങ്ങളെ ആവശ്യമായി വന്നു.
മാധ്യമ പ്രവർത്തകനും ഭൂമിശാസ്ത്രജ്ഞനുമായ കൊണാർഡ് മാൾറ്റി ബ്രൗണാണ്, ആദ്യമായി ഒട്ടകങ്ങളെ നിർദ്ദേശിച്ചത്.
പ്രധാനമായും അന്നത്തെ ഇന്ത്യയിലെ രാജസ്ഥാൻ, ബലൂചിസ്ഥാൻ, കറാച്ചി (ഇപ്പോളത്തെ പാകിസ്ഥാൻ) എന്നിവടങ്ങളിൽ നിന്നുമായിരുന്നു ഒട്ടകങ്ങൾ എത്തിയതെന്ന് ' ബൈ കോമ്പസ് ആൻഡ് ഖുറാൻ' എന്ന ഡോക്യൂമെന്ററി വെളിപ്പെടുത്തുന്നു.
അങ്ങനെ, കുറച്ച് മാത്രം വെള്ളം കുടിച്ച് ഭാരവും വഹിച്ച് നൂറുകണക്കിന് മൈൽ ദൂരം സഞ്ചരിക്കാനുള്ള ഒട്ടകങ്ങളുടെ പ്രത്യേക കഴിവ് അവയെ ഓസ്‌ട്രേലിയൻ സാഹസിക സഞ്ചാരികളുടെ സഹചാരിയാക്കി.

Malte-Brun Source: Wikimedia/Magnus Manske Public Domain

Camel Migration route illustrated by Al Jazeera TV: Camels in the outback Source: Supplied
കപ്പൽകയറി "മരുഭൂമിയിലെ കപ്പൽ"
1840 ൽ കച്ചവടക്കാരായ ഫിലിപ്പ് സഹോദരന്മാരാണ് ഓസ്‌ട്രേലിയയിലേക്ക് ആദ്യ ഒട്ടകങ്ങളെ എത്തിച്ചതെന്ന് സൗത്ത് ഓസ്‌ട്രേലിയൻ സ്റ്റേറ്റ് ലൈബ്രറി രേഖകൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ആ നീണ്ട യാത്രയിലെ ദുരിതങ്ങളെ അതിജീവിച്ച് ഓസ്‌ട്രേലിയയിൽ എത്തിയത് ഹാരിയെന്ന ഒറ്റ ഒട്ടകം മാത്രമാണ്.
ആദ്യ ഒട്ടകമായ ഹാരി വെറും ആറ് വർഷം മാത്രമാണ് ഓസ്‌ട്രേലിയയിൽ ജീവിച്ചത്. ഹാരിയുടെ ഉടമസ്ഥനായ ജോൺ ഹൊറോക്ക് തോക്കിൽ തിര നിറക്കുമ്പോൾ ഹാരി അനങ്ങിയതുമൂലം അബദ്ധത്തിൽ വെടിപൊട്ടി. വെടിയേറ്റ് പരുക്കുപറ്റിയ ജോണ്‍ മരിക്കുന്നതിന് മുൻപ് പ്രകടിപ്പിച്ച ആഗ്രഹപ്രകാരം ഹാരിയേയും വെടിവെച്ച് കൊല്ലുകയായിരുന്നു.

Unloading Camel Source: State Library of Australia
ഒട്ടകങ്ങൾ വരി വരിവരിയായ്
1860 ൽ കൂടുതൽ പര്യവേഷണങ്ങൾക്കായ് വിക്ടോറിയയിലെ പോർട്ട് മെൽബണിലേക്ക് 24 ഒട്ടകങ്ങളെ ഇറക്കുമതി ചെയ്തു.
ഈ ഒട്ടകങ്ങൾക്കൊപ്പം കറാച്ചിയിൽ നിന്നെത്തിയ മൂന്ന് ഒട്ടക ഇടയന്മാരാണ് ഓസ്‌ട്രേലിയയിലെ ആദ്യ മുസ്‌ലിം കുടിയേറ്റക്കാർ എന്ന് വിശ്വസിക്കപ്പെടുന്നു.
പിന്നീടിങ്ങോട്ട് ഒട്ടകങ്ങളുടെ നീണ്ട നിര തന്നെ ഓസ്ട്രേലിയയിലേക്കെത്തി.

Two-Afghan-handlers-and-their-camels-one-of-which-is-wearing-traditional-decorative-harness-circa-1890 Source: State Library of South Australia
ഇന്ത്യയിൽനിന്നും അഫ്‌ഗാനിസ്ഥാനിൽ നിന്നുമായി നൂറു കണക്കിന് ഒട്ടകങ്ങളും അവയുടെ പാലകന്മാരുമാണ് ഓസ്ട്രേലിയയിലേക്ക് കപ്പൽ പിടിച്ചത്.
ഇന്ത്യയിൽ നിന്നും അഫ്‌ഗാനിൽ നിന്നുമെല്ലാം എത്തിയ ഇവരെ ഓസ്ട്രലിയക്കാർ അഫ്ഗാൻ ക്യാമലേഴ്‌സ് എന്ന ഒറ്റപ്പേരിലാണ് വിളിച്ചത്.

Unidentified woman on a camel, ca. 1880 A woman in a long dress, jacket and a large picture hat is sitting side-saddle on a camel. Source: : Wikimedia/John Oxley library, State Library of Queensland Public Domain
1889 ൽ അഡ്‌ലൈഡിൽ ഇവർ സ്ഥാപിച്ച മോസ്‌കാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും പഴക്കം ചെന്ന മുസ്‌ലിം പള്ളി.
പിന്നീടിങ്ങോട്ടുള്ള ഓസ്‌ട്രേലിയയുടെ വിജയ ചരിത്രം ഒട്ടകങ്ങളുടേത് കൂടിയാണ്. ഓസ്‌ട്രേലിയയുടെ നാൽപത് ലക്ഷത്തിലേറെ ചതുരശ്രയടി ഭൂപ്രദേശത്തേക്കുള്ള വഴിതെളിച്ചത് ഒട്ടകങ്ങളാണ്. ഇന്ന് കാണുന്ന റെയിൽവേ, റോഡ് സംവിധാനങ്ങളിൽ പലതിന്റെയും നിര്‍മ്മാണത്തിലും ഒട്ടകങ്ങളുടെ സംഭാനയുണ്ട്.

The Mosque at Hergott Springs. The pool in the foreground was used by worshippers for washing their feet before entering the Mosque Source: State Library of South Australia
അധികപ്പറ്റാകുന്ന ഒട്ടകങ്ങൾ
പ്രായമായ ഒട്ടകങ്ങൾ ക്രമേണ ഓസ്‌ട്രേലിയക്ക് ഒരു ബാധ്യതയാകാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ റോഡുസംവിധാനങ്ങളും റെയിൽ ഗതാഗതവും വന്നതോടെ ഒട്ടകങ്ങൾ ഓസ്‌ട്രേലിയയക്ക് അധികപ്പറ്റായി മാറി.
ഇന്ത്യൻ മൈനയേയും, മുയലുകളേയും കൂട്ടത്തോടെ കൊന്നൊടുക്കിയ അതേ രീതിയിലുള്ള ഒരു ജനകീയ ഇടപെടൽ ഒട്ടകങ്ങളെ നിയന്ത്രിക്കുന്നതിലും ഉണ്ടായി.

A police officer from Western Australia poses with his camel in photo dated only in the early 1900s in Alice Springs, Australia. Source: CACIA
കാടുകയറിയ ഒട്ടകങ്ങൾ
1920 ൽ ഓസ്‌ട്രേലിയൻ സർക്കാർ "ക്യാമൽ ഡിസ്ട്രക്ഷൻ ആക്റ്റ്" പാസാക്കി. അങ്ങനെ ഒട്ടകങ്ങളെ വെടിവെച്ച് കൊല്ലാൻ ആർക്കും അനുവാദമായി.
താലോലിച്ചുപോറ്റിയ തങ്ങളുടെ പ്രിയപ്പെട്ട ഒട്ടകങ്ങളെ കണ്മുൻപിൽ വെടിവെച്ച് കൊല്ലുന്നത് സഹിക്കാനാവാതെ പലരും ഒട്ടകങ്ങളെ ആരുമറിയാതെ കാട്ടിലേക്ക് അഴിച്ചുവിട്ട് രക്ഷപെടുത്തി. അങ്ങനെ ഓസ്‌ട്രേലിയയിലെ വന്യ ഒട്ടകങ്ങളുടെ കഥ തുടങ്ങി.
അതിജീവന ശക്തി കൂടിയ ഒട്ടകങ്ങൾ ഓസ്‌ട്രേലിയയുടെ മധ്യപ്രദേശങ്ങളിൽ പെറ്റ് പെരുകി സൗര്യവിഹാരം തുടങ്ങി. 2008 ആയപ്പേഴേക്കും അവയുടെ എണ്ണം ഒരു മില്യണിലും അധികമായി.

A mob of camels in the Simpson Desert. Source: ROBERT SLEEP -AAP
നോ കൺട്രി ഫോർ ഓൾഡ് ക്യാമൽ
2009 ൽ ഓസ്‌ട്രേലിയൻ സർക്കാർ 20 മില്യൺ ഡോളറാണ് ഒട്ടകങ്ങളെ കൊന്നൊടുക്കാനായി ചിലവഴിച്ചത്.
'നോ കൺട്രി ഫോർ ഓൾഡ് ക്യാമൽ' എന്ന് വീക്കെൻഡ് ഓസ്‌ട്രേലിയൻ ദിനപത്രത്തിൽ വന്ന തലക്കെട്ട് അന്നത്തെ ഓസ്‌ട്രേലിയയിലെ ഒട്ടകങ്ങളുടെ അവസ്ഥയെ സൂചിപ്പിക്കുന്നു.
ആയിരക്കണക്കിന് സ്വകാര്യ ഗ്രൂപ്പുകൾ തോക്കെടുത്ത് ഒട്ടകങ്ങളെ കൊല്ലാനായി കാടുകയറി. ഹെലികോപ്റ്ററിൽ വലിയ കൂട്ടങ്ങളെ വളഞ്ഞു പിടിച്ച് വെടിവെച്ച് കൊല്ലുന്നതും ഒരു പതിവായിരുന്നു.

"No country for old camel" The weekend Australian reports in 2009 Source: Supplied
അങ്ങനെ ഇരുപത് മില്യൺ ഡോളർ ചിലവാക്കി സർക്കാർ അവയുടെ എണ്ണം മൂന്നിലൊന്നായി ചുരുക്കി.

Camels in the Nullabor region of central Australia 2013. The Australian Feral Camel Management Project has brought wild camel numbers down to about 300,000 Source: ROBERT SLEEP -AAP
ഓസ്ട്രേലിയൻ വൈൽഡ് ക്യാമൽ കോർപ്പറേഷൻ 2015 ൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള ആദ്യ ക്യാമൽ ഡയറി ഫാം ക്വീൻസിലാൻഡിൽ സ്ഥാപിച്ചു.
ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും നിന്ന് ഓസ്‌ട്രേലിയയിലേക്കെത്തിയ ഒട്ടകങ്ങളുടെ ഈ പിന്‍മുറക്കാരെ ഇപ്പോള്‍ റേസിംഗിനായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നു.