2017 ലെ ഓസ്‌ട്രേലിയയിലെ ബേർഡ് ഓഫ് ദി ഇയർ ആയിരുന്നു മാഗ്‌പൈ. അതേ സമയം പല ഓസ്‌ട്രേലിയക്കാരുടെയും പേടിസ്വപ്നവുമാണ് ഈ പക്ഷി.
രാജ്യത്തിന്റെ എല്ലാ ഭാഗത്തും വളരെ സാധാരണയായി കാണുന്ന പക്ഷിയാണ് മാഗ്‌പൈകൾ. പാർക്കുകളിലും മൈതാനങ്ങളിലും ഉൾപ്പെടെയുള്ള മനുഷ്യവാസ പ്രദേശങ്ങളിൽ ധാരാളമായി ഇവ അധിവസിക്കുന്നു.
ഓസ്‌ട്രേലിയയിലെ ഏറ്റവും നല്ല പാട്ടുകാരൻ പക്ഷി കൂടിയാണ് മാഗ്‌പൈകൾ. 35 ഓളം പക്ഷികളുടെ സ്വരവും, പട്ടിയുടെയും, കുതിരയുടെയും എന്തിനു മനുഷ്യന്റെ വരെ സ്വരവും ഇവയ്ക്ക്അനുകരിക്കാൻ സാധിക്കും.
സ്വതവേ പ്രശനക്കാരല്ലാത്ത ഇവർ ആക്രമണകാരികൾ ആകുന്ന കാലമാണ് ഓഗസ്റ്റ് മാസം.
ഓഗസ്റ്റ് അവസാനം മുതൽ ഒക്ടോബർ വരെയുള്ള ആറുമുതൽ എട്ടു ആഴ്ച്ച കാലയളവിലായാണ് ഇവയുടെ കൂടുകൂട്ടലും, മുട്ടയിടീലും, കുഞ്ഞുങ്ങളെ വിരിയിക്കലും.

ഈ വർഷം ഓഗസ്റ്റ് മാസം ആദ്യം തന്നെ ഇവയുടെ പ്രജനനകാലം ആരംഭിച്ചു. അത് കൊണ്ട് തന്നെ കാൽനടയാത്രക്കാരും, സൈക്കിൾ സവാരിക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
സാമ്രാജ്യം സംരക്ഷിക്കാൻ

മാഗ്‌പൈ ആളുകളെ ആക്രമിക്കുന്നത് അവയുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണെന്ന് മാഗ്‌പൈ വിദഗ്ദ്ധനായ പ്രൊഫസർ ഡാരില്‍ ജോണ്‍സ് പറയുന്നു.
കൂടിന്റെ 50 മീറ്റർ മുതൽ 100 മീറ്റർ വരെയുള്ള പ്രദേശങ്ങളിലാണ് സാധരണയായി ആൺപക്ഷികൾ ആക്രമണം അഴിച്ചു വിടുക. കൂടിനെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ ആക്രമണങ്ങളെന്നും പ്രൊഫസ്സർ ജോൺസ് ചൂണ്ടിക്കാട്ടി.
ജീവിതകാലം മുഴുവൻ ഒറ്റ ഇണയോടൊപ്പം ജീവിക്കുന്ന കിളികളാണ് ഇവ. കൂടു സംരക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ ഇണകൾ ആൺകിളികളെ വിട്ടുപോകാൻ വരെ സാധ്യതയുണ്ടെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഇരകൾ കാൽനടക്കാരും സൈക്കിൾ സവാരിക്കാരും

കാൽനട യാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയുമാണ് പൊതുവിൽ ഇവ ആക്രമിക്കുക.
സാധാരണയായി മാഗ്‌പൈകൾ കൂടുകൂട്ടുന്നതിനായി ഒരു സ്ഥലം തിരഞ്ഞെടുത്താൽ വർഷങ്ങളോളം അവിടത്തന്നെ കൂടാറാണ് പതിവ്.
മാഗ്പൈയുടെ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ക്വീൻസിലാൻഡിലാണ് (40%).

നല്ല ബുദ്ധിശക്തിയുള്ള ഈ പക്ഷികൾക്ക് തങ്ങളുടെ ആവാസവ്യവസ്ഥയോട് ചേർന്നുള്ള പ്രദേശത്തെ നാല്പത് ആളുകളെ വരെ ഓർത്തിരിക്കാനും തിരിച്ചറിയാനും സാധിക്കുമെന്നാണ് പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നത്.
അതുകൊണ്ടു തന്നെ ഒരിക്കൽ ശത്രുവെന്നു കരുതി ആക്രമിച്ച ആളെ പിന്നീടും തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്.
മാഗ്‌പൈകളുടെ ആക്രമണങ്ങൾ ചിലപ്പോഴൊക്കെ ഗുരുതരമായി മാറാറുണ്ട്.
പലപ്പോഴും പരുക്ക് പറ്റുന്നത് ചെവിക്കും തലയ്ക്കുമൊക്കെയാണെങ്കിലും, ചിലപ്പോൾ ഇവ കണ്ണിലും മുഖത്തും കൊത്തി പരിക്കേൽപ്പിക്കാറുണ്ട്.
2016 ൽ ക്വീൻസിലൻഡിലെ ഏഴ് വയസ്സുകാരിയുടെ ഒരു കണ്ണിൻറെ കാഴ്ചശക്തി പോയത് ഇതുപോലെയുള്ള ഒരു ആക്രമണത്തിലാണ്.
പരിധി വിട്ടാൽ
ഓസ്‌ട്രേലിയയിൽ മാഗ്‌പൈകളെ ആക്രമിക്കുന്നതും ഇവയുടെ മുട്ടകൾ പൊട്ടിക്കുന്നതും കുറ്റകരമാണ്.
എന്നാൽ ആക്രമണം അധികമായാൽ ഈ പക്ഷികളെ പറ്റിയുള്ള വിവരങ്ങൾ പ്രാദേശിക കൗൺസിലുകളിലോ പോലീസിനെയോ അറിയിക്കാം.
അധികൃതർ കൂടുതൽ ആക്രമണകാരികളായ പക്ഷികളെ തെരഞ്ഞു പിടിച്ചു കൊല്ലുകയോ അല്ലെങ്കിൽ അവയെ ജനവാസം കുറഞ്ഞ മേഖലകളിലേക്ക് മാറ്റുകയോ ചെയ്യും.
എടുക്കാം ചില മുൻകരുതലുകൾ
ഈ വർഷം ഇതു വരെ 169 ആളുകളെ മാഗ്‌പൈ ആക്രമിച്ചിട്ടുണ്ടെന്നും, അതിൽ 25 പേർക്ക് അപകടം പറ്റിയുടുണ്ടെന്നുമാണ് മാഗ്‌പൈ അലെർട് എന്ന വെബ്‌സൈറ്റിലെ കണക്കുകൾ പറയുന്നത്.
മാഗ്‌പൈയുടെ ആക്രമണം ഒഴിവാക്കാനായി വിദഗ്ധർ നിർദേശിക്കുന്ന എക മാർഗം അവയിൽ നിന്ന് ഒഴിഞ്ഞു നടക്കുക എന്നതാണ്.

മാഗ്‌പൈ കൂടുകൂട്ടിയിരിക്കുന്നതോ അവയുടെ ആക്രമണം ഉണ്ടാകുന്നതോ ആയ പ്രദേശങ്ങൾ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലഘട്ടത്തിൽ ഒഴിവാക്കുക എന്നതാണ് ഏറ്റവും സുരക്ഷിതം.
ഹെൽമറ്റും കണ്ണടകളും ധരിക്കുന്നതും ഒരു പരിധി വരെ അവയുടെ ആക്രമണത്തെ ചെറുക്കാൻ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു.
ഹെൽമെറ്റുകളിൽ കേബിളുകളും ഇരുമ്പു കമ്പികളും ഘടിപ്പിക്കുന്നതും മാഗ്‌പൈ ആക്രമണത്തെ ചെറുക്കുമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

സ്വതവേ പിന്നിൽ നിന്ന് ആക്രമിക്കുന്ന പക്ഷികൾ ആയതു കൊണ്ട് ഇവയെ നേർക്ക് നേർ നോക്കുന്നതും, കണ്ണുകളുടെ ചിത്രങ്ങൾ ഉള്ള തൊപ്പി ധരിക്കുന്നതുമെല്ലാം ഒരു പരിധി വരെ ഇവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടുത്താൻ സഹായിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു.
ഒറ്റ മഗ്‌പൈയെ കണ്ടാൽ!
ഒറ്റ മൈനയെ കണ്ടാൽ സ്കൂളിൽ നിന്ന് തല്ല് കിട്ടും, കരയും എന്നൊക്കെ പല മലയാളികളും വിശ്വസിക്കുന്നതുപോലെ ഓസ്‌ട്രേലിയക്കാർക്കും ഉണ്ട് മഗ്‌പൈയെകൂട്ടി ചില വിശ്വാസങ്ങൾ.
ഒറ്റ മാഗ്‌പൈയെക്കണ്ടാൽ ദോഷവും കരച്ചിലും ആണെങ്കിൽ, ഇരട്ടയെകണ്ടാൽ സന്തോഷം എന്നാണ് വിശ്വാസം.
ഈ വിശ്വാസത്തെ ചുറ്റിപ്പറ്റിയുള്ള നഴ്സറി പാട്ടിങ്ങനെ :
One for sorrow,
Two for joy,
Three for a girl,
Four for a boy,
Five for silver,
Six for gold,
Seven for a secret,
Never to be told.
Eight for a wish,
Nine for a kiss,
Ten for a bird,
You must not miss

