കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയ അഞ്ചു ഡോളര്‍ നോട്ടിന് സമാനമായ ഡിസൈൻ ആണ് പുതിയ $10 ന്റെ നോട്ടിനുമുള്ളത്. ഇതിന്റെ ഡിസൈൻ ഈ വര്ഷം ഫെബ്രുവരിയിൽ ആർ ബി എ പുറത്തിറക്കിയിരുന്നു.
സെപ്റ്റംബറോടെ 20 മുതൽ പുതിയ നോട്ട് പോതുജനങ്ങളിലേക്ക് എത്തുമെന്ന് ആർ ബി എ ഗവർണ്ണർ ഫിലിപ്പ് ലോവ് അറിയിച്ചു.
വ്യാജ നോട്ടുകൾ നിർമിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. മാത്രമല്ല, കാഴ്ചക്കുറവുള്ളവര്‍ക്ക് നോട്ട് തിരിച്ചറിയാൻ സഹായിക്കുന്നതിനായി പുതിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നോട്ടിന്റെ മധ്യഭാഗത്തായി മുകളില്‍ നിന്നും താഴെ വരെ നീളുന്ന സുതാര്യമായ ഒരു ഭാഗം ഉണ്ടാകും. നോട്ടു ചരിച്ചുപിടിക്കുമ്പോള്‍ ഇതിലുള്ള നിറങ്ങളില്‍ മാറ്റം വരുന്ന തരത്തിലാണ് ഡിസൈന്‍.

നിലവിലെ നോട്ടിലുള്ള ഓസ്‌ട്രേലിയന്‍ എഴുത്തുകാരായ ഡാമേ മേരി ഗിൽമോർ, എ ബി 'ബാൻജോ' പാറ്റേഴ്സൺ എന്നിവരുടെ ചിത്രങ്ങൾ പുതിയ നോട്ടിന്റെ ഇരുവശത്തും നിലനിറുത്തിയിട്ടുണ്ട്.
കൂടാതെ ഒരു ഫൗണ്ടന്‍ പേനയുടെ മുനയുടെ ചിത്രവും ഓസ്‌ട്രേലിയൻ കവി എ ബി 'ബാൻജോ' പാറ്റേഴ്സൺറെ കവിതകളും നോട്ടിലെ വിൻഡോയിൽ രേഖപ്പെടുത്തും.
പാറ്റേഴ്സൺറെ പ്രശസ്ത കവിതയായ ദി സ്നോയി റിവറിനെ പ്രതിപാദിക്കുന്ന കുതിരക്കാരന്റെയും, ബില്ലബോങ്, ഹോംസ്റ്റഡ് എന്നിവയുടെയും ചിത്രങ്ങളും പുതിയ നോട്ടിന്റെ രൂപകല്പനയിൽ കാണാം .
കൂടാതെ, Bramble Wattle (Acacia victoriae) എന്ന ഇലയുടെയും Sulphur-crested Cockatoo (Cacatua galerita) എന്ന പക്ഷിയുടെയും ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

രാജ്യത്ത് ദിവസേനയുള്ള പണമിടപാടുകളിൽ പുതിയ നോട്ടിന്റെ പ്രചാരം കൊണ്ടുവരാനായി വ്യവസായ സ്ഥാപനങ്ങളെയും, പണമിടപാടുകൾ നടത്തുന്നവരെയും ബന്ധപ്പെട്ടുവരുകയാണ് റിസേർവ് ബാങ്ക്.
പുതിയ നോട്ട് പ്രചാരത്തിൽ വരുമ്പോഴും പഴയ നോട്ടുകൾ ഉപയോഗത്തിലുണ്ടാവും.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

