പതിറ്റാണ്ടുകൾ നീണ്ട ആവശ്യം യാഥാർഥ്യമാക്കിക്കൊണ്ടാണ് ഓസ്ട്രേലിയൻ പാർലമെൻറ് സ്വവർഗ്ഗ വിവാഹ നിയമം പാസാക്കിയത്.
പാർലമെൻറിൻറെ ജനപ്രതിനിധി സഭയിൽ ബിൽ വോട്ടിനിട്ടപ്പോൾ വൻഭൂരിപക്ഷത്തോടെയാണ് അത് പാസായത്. ആകെ നാല് അംഗങ്ങൾ മാത്രമായിരുന്നു ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്.
ലിബറൽ സെനറ്റർ ഡീൻസ്മിത്ത് അവതരിപ്പിച്ച ബില്ലായിരുന്നു ഇത്. നേരത്തെ സെനറ്റിലും ബിൽ പാസായിരുന്നു.
ഭേദഗതികൾ ഒന്നും കൂടാതെയാണ് ഇരു സഭകളിലും ബിൽ പാസായത്.
നാളെ തന്നെ ഗവർണർ ഇത് ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. അതോടെ നിയമം പ്രാബല്യത്തിൽ വരും.
സ്വവർഗ്ഗ പങ്കാളിയെ വിവാഹം കഴിക്കുന്നവർ അതിനായി ഒരു മാസത്തെ നോട്ടീസ് നൽകണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. അതായത്, ജനുവരി ഒന്പതിനു മാത്രമേ ആദ്യ വിവാഹം യാഥാർത്ഥ്യമാകുള്ളൂ.
അതേസമയം, വിദേശ നിയമപ്രകാരം സ്വവർഗ്ഗ വിവാഹം കഴിച്ചിട്ടുള്ളവരുടെ വിവാഹങ്ങൾ നാളെ മുതൽ തന്നെ ഓസ്ട്രേലിയയിലും നിയമപരമായി പ്രാബല്യത്തിൽ വരും.
സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന 26ാമത്തെ രാജ്യമാണ് ഓസ്ട്രേലിയ.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

