ജീവിത ചെലവ് കൂടിവരുന്ന സാഹചര്യത്തിൽ ആളുകളെ സാമ്പത്തികമായി സഹായിക്കുക എന്ന ഉദ്ദേശത്തോടെ ആറുമാസത്തിൽ ഒരിക്കൽ സർക്കാർ ആനുകൂല്യങ്ങളിൽ വർദ്ധനവ് പ്രഖ്യാപിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ തീരുമാനം.
അടുത്തയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന വർദ്ധനവ് ഏതാണ്ട് 4.8 മില്യൺ ആളുകൾക്ക് ലഭ്യമാകുമെന്നാണ് സർക്കാർ കണക്കുകൾ.
ഇതോടെ തൊഴിൽരഹിതരായ ഓസ്‌ട്രേലിയക്കാർക്ക് നിലവിൽ ആഴ്ചതോറും ലഭിക്കുന്ന ആനുകൂല്യത്തിൽ നിന്നും രണ്ടു ഡോളർ അധികം ലഭ്യമാകും. പേരന്റൽ ആനുകൂല്യത്തിലും സർക്കാർ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് ഡോളർ വർധനവാണ് ഇവർക്ക് ലഭിക്കുക.
കൂടാതെ, പെൻഷൻ ലഭിക്കുന്ന വ്യക്തികൾക്ക് $8.70 ഉം പെൻഷൻ ലഭിക്കുന്ന ദമ്പതികൾക്ക് $13.20 ഉം അധികം രണ്ടാഴ്ചയിലൊരിക്കൽ ലഭ്യമാകും.
ഇതിനു പുറമെ വാടക ഇനത്തിൽ ലഭിക്കുന്ന ആനുകൂല്യത്തിലും സർക്കാർ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഇത് സെപ്റ്റംബർ 20 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ പുതുതായി രാജ്യത്തേക്ക് കുടിയേറുന്നവർക്ക് ലഭിക്കുന്ന ന്യൂസ്റ്റാർട് അലവൻസിലും യുവജനങ്ങൾക്ക് ലഭിക്കുന്ന യൂത്ത് അലവൻസിലും ആഴ്ചയിൽ 75 ഡോളർ എന്ന കണക്കിന് വർദ്ധനവ് വേണമെന്ന് ഗ്രീൻസ് പാർട്ടി ആവശ്യപ്പെട്ടു. ഇതിനായുള്ള നിയമനിർമാണം ഗ്രീൻസ് തിങ്കളാഴ്ച സെനറ്റിൽ അവതരിപ്പിച്ചു.