കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഓസ്‌ട്രേലിയയിലെ തൊഴില്‍മേഖലകളിലുണ്ടായിരിക്കുന്ന മാറ്റവും, അടുത്ത അഞ്ചു വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചയും ഉള്‍പ്പെടുത്തിയാണ് ഫെഡറല്‍ തൊഴില്‍-ചെറുകിട ബിസിനസ് വകുപ്പ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
2022ഓടെ രാജ്യത്തെ തൊഴിലവസരങ്ങളില്‍ 7.8 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഓരോ സംസ്ഥാനത്തെയും തൊഴില്‍വളര്‍ച്ചയെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
ഏറ്റവും വളര്‍ച്ച ഈ മേഖലകളില്‍
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഏറ്റവുമധികം വളര്‍ച്ച നേടാന്‍ സാധ്യതയുള്ള തൊഴില്‍മേഖലകളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
2022ഓടെ തൊഴിലവസരങ്ങള്‍ ഏറ്റവും കൂടുന്ന പത്തു മേഖലകള്‍ ഇവയാണ്.
- ഏജ്ഡ് ആന്റ് ഡിസെബിലിറ്റി കെയറര്‍ (77,400 അവസരങ്ങള്‍)
- രജിസ്‌റ്റേര്‍ഡ് നഴ്‌സ് (65,300)
- ചൈല്‍ഡ് കെയര്‍ ജീവനക്കാര്‍ (25,800)
- ജനറല്‍ സെയില്‍സ് അസിസ്റ്റന്റ് (24,900)
- ജനറല്‍ ക്ലര്‍ക്കുമാര്‍ (22,200)
- എജ്യൂക്കേഷന്‍ എയിഡ് (21,900)
- ട്രക്ക് ഡ്രൈവര്‍മാര്‍ (16,200)
- സോഫ്‌റ്റ്വെയര്‍ ആന്റ് ആപ്ലിക്കേഷന്‍ പ്രോഗ്രാമര്‍ (15,100)
- അഡൈ്വര്‍ടൈസിംഗ്, PR ആന്റ് സെയില്‍സ് മാനേജര്‍ (14,800)
- ജനറല്‍ പ്രാക്ടീഷണര്‍ (GP) ആന്റ് റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (14,500)
അവസരങ്ങളേറെയും ആരോഗ്യമേഖലയില്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഏറ്റവുമധികം വളര്‍ച്ചയുണ്ടായ തൊഴില്‍മേഖല ആരോഗ്യരംഗമാണ്. 22.1 ശതമാനം അധികം തൊഴിലവസരങ്ങളാണ് അഞ്ചു വര്‍ഷത്തില്‍ ഉണ്ടായത്.
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇത് 16.1 ശതമാനം കൂടി വളരുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നല്ലൊരു ശതമാനം പേരും 55 വയസിനു മേല്‍ പ്രായമുള്ളവരാണ്. ഇവര്‍ വിരമിക്കുന്നതാണ് തൊഴിലവസരങ്ങള്‍ അതിവേഗം വളരാനുള്ള കാരണമായി തൊഴില്‍വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
ഓസ്‌ട്രേലിന്‍ ജനതയില്‍ പ്രായമേറിയവരുടെ എണ്ണം കൂടുന്നതും, നാഷണല്‍ ഡിസബിലിറ്റി ഇന്‍ഷുറന്‍സ് പോലുള്ള പദ്ധതികളും ആരോഗ്യമേഖലയില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ന്യൂ സൗത്ത് വെയില്‍സാണ് ആരോഗ്യമേഖലയില്‍ ഏറ്റവും തൊഴില്‍സാധ്യത കൂടുന്ന സംസ്ഥാനം.