വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള 457 വിസ പൂര്‍ണമായും നിര്‍ത്തലാക്കുമെന്നും അതിനു പകരം പുതിയ വിസ കൊണ്ടുവരുമെന്നും ഫെഡറല്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
ഈ മാര്‍ച്ച് മുതല്‍ പുതിയ ടെംപററി സ്‌കില്‍ ഷോര്‍ട്ടേജ് വിസ (സബ്ക്ലാസ് 482) പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം.
മാര്‍ച്ച് 18 ഞായറാഴ്ച മുതല്‍ സബ്ക്ലാസ് 482 വിസ നിലവില്‍ വരും എന്നാണ് കുടിയേറ്റകാര്യ വകുപ്പ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
മൂന്നു തരം വിസകള്‍
സബ്ക്ല്ാസ് 482 ഗണത്തില്‍ മൂന്നു തരം വിസകളാണ് ഉള്ളത്. ഷോര്‍ട്ട് ടേം സ്ട്രീം, മീഡിയം ടേം സ്ട്രീം ലേബര്‍ എഗ്രീമെന്റ് സ്ട്രീം എന്നിവ.
ഷോര്‍ട്ട് ടേം വിസയിലൂടെ രണ്ടു വര്‍ഷവും മീഡിയം ടേം വിസയിലൂടെ നാലു വര്‍ഷവും ജോലിക്കായി ഓസ്‌ട്രേലിയിയലേക്ക് വരാം. ഇതിനായി ഷോര്‍ട്ട് ടേം സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റ് (STSOL), മീഡിയം ആന്റ് ലോംഗ് ടേം സ്‌കില്‍സ് ലിസ്റ്റ് (MLTSSL) എന്നീ പട്ടികകളുമുണ്ടാകും.
നിലവിലുള്ള വിസകള്‍ ഒന്നും ബാധകമല്ലാത്ത തൊഴില്‍മേഖലകളില്‍ ഫെഡറല്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ തൊഴിലാളികളെ കൊണ്ടുവരാന്‍ കഴിയുന്നതാണ് ലേബര്‍ എഗ്രീമെന്റ് സ്ട്രീം.
ഓസ്‌ട്രേലിയന്‍ തൊഴില്‍മേഖലയില്‍ നിന്ന് ആളെ കിട്ടാത്തപ്പോള്‍ മാത്രമേ വിദേശത്തു നിന്ന് സ്‌പോണ്‍സര്‍ ചെയ്യാവൂ എന്ന വ്യവസ്ഥ ഈ വിസകള്‍ക്കുണ്ടാകും.
ഷോര്‍ട്ട് ടേം വിസ ഒരു തവണ മാത്രമേ ദീര്‍ഘിപ്പിക്കാന്‍ കഴിയൂ. അതായത് പരമാവധി രണ്ടു വര്‍ഷം കൂടി മാത്രം. പക്ഷേ മീഡിയം ടേം വിസ എത്ര തവ വേണമെങ്കിലും നീട്ടി നല്‍കാം.
തൊഴില്‍പരിചയം അനിവാര്യം; സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് തിരിച്ചടി
482 വിസ കിട്ടുന്നതിന് രണ്ടു വര്‍ഷത്തെ തൊഴില്‍ പരിചയം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഇത് ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തിയ ശേഷം ഇവിടെ സ്‌പോണ്‍സര്‍ഷിപ്പിനായി ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍. പഠന ശേഷം നേരിട്ട് സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കാന്‍ ഇനി മുതല്‍ പ്രയാസമായിരിക്കും.
തൊഴില്‍ വിസയ്ക്ക് വേണ്ട ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഷോര്‍ട്ട് ടേം വിസയുടെ നിബന്ധന 457 വിസയ്ക്ക് സമാനമാണെങ്കിലും (ഓവറോള്‍ 5, ഓരോ പരീക്ഷക്കും 4.5), മീഡിയം ടേം വിസക്ക് IELTS ല്‍ എല്ലാ ഘടകങ്ങള്‍ക്കും ബാന്റ് സ്‌കോര്‍ അഞ്ചെങ്കിലും വേണം.